കോഴിക്കോട് : ജില്ലയിൽ എച്ച്.െഎ.വി. ബാധിതരുടെയും അണുബാധയേറ്റ കുട്ടികളുടെയും എണ്ണം കുറയുമ്പോഴും യുവാക്കളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. 18-നും 30-നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണമാണ് ഒാരോ വർഷവും വലിയ മാറ്റമില്ലാതെ തുടരുന്നത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആന്റി റിട്രോ വൈറൽ ട്രീറ്റ്മെന്റ് സെന്ററി (എ.ആർ.ടി.) ൽ രജിസ്റ്റർ ചെയ്ത എച്ച്.െഎ.വി. ബാധിതരുടെ കണക്കുകളിലാണ് ആശങ്കജനിപ്പിക്കുംവിധം യുവാക്കളുടെ എണ്ണം ഉയർന്നുതന്നെ നിൽക്കുന്നത്.
2020 ഒക്ടോബർവരെ എച്ച്.െഎ.വി. ബാധിതരായ 111-ൽ 15 പേർ 18-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. 2019-ൽ രജിസ്റ്റർ ചെയ്ത 161 പേരിൽ 17 പേർ ഈ പ്രായ പരിധിയിൽപ്പെട്ടവരാണ്.
ഇതിൽത്തന്നെ സ്വവർഗാനുരാഗികളായ പുരുഷൻമാരാണ് കൂടുതൽ. ഗർഭകാലത്ത് നടത്തുന്ന എച്ച്.െഎ.വി. ടെസ്റ്റിലാണ് പല സ്ത്രീകൾക്കും അണുബാധ കണ്ടെത്തുന്നത്. യുവതലമുറയുടെ അനാരോഗ്യകരമായ ബന്ധങ്ങളാണ് പലരെയും എച്ച്.െഎ.വി. ബാധിതരാക്കുന്നതെന്നാണ് കൗൺസലിങ്ങിൽനിന്ന് മനസ്സിലാക്കാനാവുന്നതെന്ന് എ.ആർ.ടി. മെഡിക്കൽ ഓഫീസർ ഡോ. പി.സി. അന്നമ്മ പറഞ്ഞു.
ബോധവത്കരണത്തിലൂടെയും മറ്റും എച്ച്.െഎ.വി. ബാധിതരാകുന്നവരുടെ എണ്ണം എല്ലാവർഷവും കുറച്ചുകൊണ്ടുവരാൻ സാധിക്കുന്നുണ്ട്.
അമ്മയിൽനിന്നും മറ്റും അണുബാധയേൽക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുവരുത്താനും കഴിഞ്ഞു. എന്നാൽ യുവാക്കളുടെ എണ്ണം മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്-ഡോ. അന്നമ്മ പറയുന്നു.
എച്ച്.െഎ.വി. ബാധിതർക്കുള്ള സഹായധനം മുടങ്ങിയിട്ട് 19 മാസം
കോഴിക്കോട് : കേരള സർക്കാർ നൽകുന്ന എച്ച്.െഎ.വി. ബാധിതർക്കുള്ള സഹായധനം മുടങ്ങിയിട്ട് 19 മാസം. എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റിവഴി നൽകുന്ന സഹായധനമാണ് മുടങ്ങിയത്. മുമ്പ് തന്നെ നാലോ അഞ്ചോ മാസം ഇടവിട്ടാണ് സഹായം ലഭിച്ചിരുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. ഇതാണിപ്പോൾ 19 മാസമായിട്ടും ലഭിക്കാത്തത്.
മാസം 1000 രൂപയാണ് ഒരാൾക്ക് ലഭിച്ചിരുന്നത്. എച്ച്.െഎ.വി. ബാധിതരായവരിൽ വിധവകളും അവശരും മറ്റും ഇതിനെ മാത്രം ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. കോവിഡ് കാലത്ത് പലർക്കും മറ്റ് ജോലികൾക്കും പോകാൻ കഴിയാതായതോടെ ഇവരുടെയൊക്കെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മരുന്ന് വാങ്ങാൻ പോലും മറ്റ് മാർഗമില്ലാത്തവരുമുണ്ട്. 2011 മുതലാണ് ഇവർക്ക് സഹായം ലഭിച്ച് തുടങ്ങിയത്. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക എത്തിയിരുന്നത്.