കോഴിക്കോട് : രോഗബാധിതരായ അമ്മയെയും സഹോദരിയെയും സംരക്ഷിക്കുന്നതിനായി 50 വയസ്സുവരെ പരിഗണിക്കാവുന്ന പാർട്ട്‌ടൈം ഒഴിവിലേക്ക് നിർധനകുടുംബത്തിലുള്ള വ്യക്തിയെ ചട്ടപ്രകാരം പരിഗണിക്കണമെന്ന് മനുഷ്യാവകാശകമ്മിഷൻ.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവുനൽകിയത്. ഉള്ളിയേരിചാലിൽ വീട്ടിൽ രാധാകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
എംപ്ലോയ്‌മെന്റ് ഓഫീസറിൽനിന്ന് കമ്മിഷൻ റിപ്പോർട്ടുവാങ്ങിയിരുന്നു. പരാതിക്കാരൻ ബാലുശ്ശേരി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പുതുക്കാത്തതുകാരണം അവസരം നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ അച്ഛൻ 1991-ൽ മരിച്ചു.
71 വയസ്സായ രോഗിയായ അമ്മയും സഹോദരിയും അവിവാഹിതനായ പരാതിക്കാരന്റെ സംരക്ഷണത്തിലാണ്. വിദ്യാഭ്യാസയോഗ്യത, ജാതിസംവരണം, മുൻഗണനാ സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ നിലവിലെ ചട്ടങ്ങൾക്കുവിധേയമായി പരാതിക്കാരനെ പരിഗണിക്കാനാണ് ഉത്തരവ്.