നഗരത്തിലെ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന രണ്ട് ഹാർബറുകളാണ് വെള്ളയിലും പുതിയാപ്പയും.  പുതിയാപ്പ ഹാർബർ  വികസന പാതയിലാണ്. പുതിയ ജെട്ടി നിർമാണം അടക്കമുള്ളവ പുരോഗമിക്കുന്നുണ്ട്. പക്ഷേ വെള്ളയിൽ ഹാർബർ നിർമാണത്തിലെ അശാസ്ത്രീയതകാരണം  മത്സ്യത്തൊഴിലാളികൾക്ക് തലവേദനയായിരിക്കുകയാണ്.

പുലിമുട്ട് നിർമിച്ചതിലെ പ്രശ്നം കാരണം തിരമാല അടിച്ചു കയറി ഹാർബറിൽ നിർത്തിയിട്ടിരുന്ന ഒട്ടേറെ ബോട്ടുകൾക്ക് കേടുപാട് പറ്റുകയും ചിലത്  ഉപയോഗ ശൂന്യമാകുകയും ചെയ്തു. അതുകൊണ്ട് ഇവിടെനിന്ന് മീൻപിടിത്തത്തിന്‌ പോവുന്ന പലരും വീണ്ടും പുതിയാപ്പ ഹാർബറിനെ തന്നെ  ആശ്രയിക്കേണ്ടിവരികയാണ്. പുലിമുട്ടിന്റെ നീളം കൂട്ടണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. 750-ഉം 530-ഉം മീറ്റർ നീളത്തിലുള്ള രണ്ട് പുലിമുട്ടുകളാണുള്ളത്.  ഹാർബറിലേക്ക് ബോട്ടുകൾക്കുള്ള പ്രവേശനമാർഗം പടിഞ്ഞാറു ഭാഗത്തുകൂടെയാണ്. ഇതാണ് തിരമാലകൾ അടിച്ച് കയറി  വള്ളങ്ങൾ കരിങ്കല്ലിലും മറ്റും തട്ടി കേടുപാടുപറ്റാൻ കാരണം. പടിഞ്ഞാറു-വടക്ക് ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടുകയാണ് പരിഹാരം. കൂടാതെ ഹാർബറിനുള്ളിൽ അടിഞ്ഞു കൂടിയ ചെളി എടുത്തു മാറ്റുകയും വേണം.  ഈ വർഷം ആദ്യത്തിൽ നബാർഡിൽനിന്ന്  ലഭിച്ച ആറു കോടി രൂപയുപയോഗിച്ച് ഹാർബറിലെ അനുബന്ധ നിർമാണ പ്രവർത്തനങ്ങളിപ്പോൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ഇത് പ്രതീക്ഷയ്ക്ക് വക നൽകുന്നില്ല. ഹാർബറിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാതെ മറ്റു അനുബന്ധ പ്രവർത്തനങ്ങൾകൊണ്ട് കാര്യമായ നേട്ടമൊന്നും ഉണ്ടാകുന്നില്ലെന്നാണ് മത്സ്യ ത്തൊഴിലാളികൾ പറയുന്നത്‌. 

മേയിൽ അനുബന്ധ പ്രവൃത്തികൾ പൂർത്തിയാകും
ഹാർബറിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കായി നബാർഡ് അനുവദിച്ച ആറുകോടി രൂപയുടെ പണികൾ വെള്ളയിൽ ഹാർബറിൽ പുരോഗമിച്ച് വരികയാണ്. ഇത് മേയ് മാസത്തോടെ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനായുള്ള കെട്ടിടമാണിപ്പോൾ നിർമിക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് കോമ്പൗണ്ട് വാൾ, ഹാർബറിലേക്കെത്തുള്ള വാഹനങ്ങൾ നിർത്തിയിടാനായി പാർക്കിങ് ഏരിയ, ഡ്രൈയിനേജ് എന്നിവ നിർമിക്കും. എന്നാൽ പുലിമുട്ട്‌ വലിപ്പം കൂട്ടാനുള്ള ഫണ്ട് ഇത് വരെ ലഭിച്ചിട്ടില്ലെന്നും പദ്ധതി നബാർഡിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. 22 കോടിയെങ്കിലും ഇതിനാവശ്യമായി വരും. ഇവിടെ പടിഞ്ഞാറു-വടക്കു ഭാഗത്തേക്ക് 490 മീറ്റർ വീണ്ടും നീളം കൂട്ടും. ഇങ്ങനെ നീളം കൂട്ടിയാൽ കടൽ വെള്ളം ഹാർബറിന്റെ ഉള്ളിലേക്ക് കടക്കുന്നത് തടയാനാകും. ഹാർബറിന്റെ തുടർ നിർമാണ പ്രവൃത്തികൾക്കായി കഴിഞ്ഞ വർഷം 21 കോടിയ്ക്കായി കിഫ്ബിയെ സമീപിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. അടുത്ത ബജറ്റിൽ തുക ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അധികൃതർ പറഞ്ഞു. 

 

ദയനീയം  വെള്ളയിലെ കാഴ്ചകൾ  
മൂക്ക്‌ പൊത്തിയല്ലാതെ വെള്ളയിൽ ഹാർബറിനുള്ളിലേക്ക് കടക്കാനാവുകയില്ല. ഓവ് ചാലിലൂടെ വരുന്ന മലിനജലം കടലിലേക്ക് ഒഴുക്കുന്നതിന് പകരം ഹാർബറിൽ കെട്ടിക്കിടക്കുകയാണ്. ഇതിനുപുറമേ ഹാർബറിൽനിന്ന് വരുന്ന മലിനജലത്തിനും ഒഴുകാൻ വഴിയില്ല. ഹാർബറിന്റെ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പലപ്പോഴും പുഴുക്കൾ  നിറയുന്നുണ്ട്. ഇതിനുപുറമേ  മാലിന്യം കൊണ്ടു തള്ളുന്നുമുണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരമായാലേ വികസനം യാഥാർഥ്യമാവൂ. വെള്ളയിലെ മത്സ്യഷെഡ് (മീൻ ചാപ്പ) ഇതുവരെ മത്സ്യത്തൊഴിലാളികൾക്ക് തുറന്ന് കൊടുത്തിട്ടില്ല. നിർമാണം കഴിഞ്ഞിട്ട് രണ്ട് വർഷമായെങ്കിലും  തൊഴിലാളികൾ താത്‌കാലിക കെട്ടിടത്തിൽനിന്ന് തന്നെയാണ് ലേലംവിളിയും മറ്റും നടത്തുന്നത്.  കെട്ടിടത്തിന്റെ കമ്പികളും പൂട്ടുകളുമെല്ലാം ഉപയോഗിക്കാതെ തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. കൂടാതെ ഇവിടെ ജോലി ചെയ്യുന്നവർക്കായി കുടിവെള്ള സൗകര്യമോ ശുചിത്വ മുറികളോ ഇത് വരെയായിട്ടില്ല.  

 

വികസനത്തിന്റെ പാതയിൽ പുതിയാപ്പ 
നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രധാന ഹാർബറാണ് പുതിയാപ്പ. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും വർധിപ്പിക്കുന്ന 16 കോടിയുടെ വികസന പദ്ധതിക്കാണ് നടക്കുന്നത്. ബോട്ടുകൾ നിർത്തിയിടാനുള്ള ഫിങ്കർ ജെട്ടി, അതിനു പുറമേ മറ്റ് രണ്ട് ജെട്ടികൾ, ചുറ്റു മതിൽ, മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ലോക്കർ മുറികൾ, തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. തുറമുഖം ആഴം കൂട്ടുന്നുമുണ്ട്.   ആറ് മാസം കൊണ്ട് പണി പൂർത്തീകരിക്കാനാവുമെന്നും അധികൃതർ പറഞ്ഞു.