മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് കയറുന്നതുതന്നെ ഒരു ഞാണിൻമേൽ കളിയാണ്. ഏതുഭാഗത്തു നിന്നും ബസുകൾ വന്നിടിയ്ക്കാം. ബസ് സ്റ്റാൻഡിൽ വേഗം അഞ്ചുകിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ബസുകൾ കുതിച്ചുവരുന്നത് കണ്ട് ജീവനുംകൊണ്ട് ഓടിമാറേണ്ടിവരാറുണ്ട് യാത്രികർക്ക്. മത്സരയോട്ടം കാരണമുള്ള അപകടങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞദിവസം വൺവേ തെറ്റിച്ച് വന്ന കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് 16 പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞവർഷം മേയിൽ അതിവേഗത്തിൽ വന്ന സ്വകാര്യ ബസ് മൂന്നുപേരെയാണ് ഇടിച്ചു തെറിപ്പിച്ചത്. അതിൽ ഒരു സ്ത്രീ മരിച്ചിരുന്നു.

കിഴക്കുഭാഗത്തുകൂടെയും പടിഞ്ഞാറു ഭാഗത്തുകൂടെയും രണ്ട് പ്രവേശന കവാടങ്ങളാണ് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനുള്ളത്. അതിൽ മാവൂർ റോഡിൽ നിന്നും രാജാജി റോഡിൽനിന്നുമുള്ള ബസ്സുകളുടെ പ്രവേശനം റൂട്ടുകളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചിട്ടുണ്ട്. പാലക്കാട്, നിലമ്പൂർ ട്രാക്കിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ മാവൂർ റോഡ് വഴിയാണ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കേണ്ടത്. പക്ഷേ, എളുപ്പമാർഗം എന്ന നിലയ്ക്ക് രാജാജി റോഡിലൂടെ വരുന്നുണ്ട്. ഇത് അപകടങ്ങൾക്കിടയാവുന്നുണ്ടെങ്കിലും പോലീസ് ഇടപെടുന്നേയില്ലെന്നാണ് പ്രധാന പരാതി. ഇതിലൂടെ പ്രൈവറ്റ് ബസുകൾ റൂട്ട് തെറ്റിച്ച് പ്രവേശിച്ചാൽ രണ്ടായിരം രൂപ വരെയാണ് പിഴയീടാക്കുക. ഇതിനെതിരേ പല തവണ ട്രാഫിക് സി.ഐ. അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാറില്ലെന്ന് സ്വകാര്യബസ് ജീവനക്കാർ പറയുന്നു.

അടിസ്ഥാന സൗകര്യമില്ലാതെ ഒരു സ്റ്റാൻഡ്

രണ്ടായിരത്തോളം ബസ് തൊഴിലാളികളും ആയിരക്കണക്കിന് യാത്രികരും നൂറുകണക്കിന് തൊഴിലാളികളും വന്നുപോവുന്ന ബസ് സ്റ്റാൻഡിൽ വേണ്ട അടിസ്ഥാനസൗകര്യങ്ങൾ തീരെ കുറവാണ്.

നാലേക്കർ വിസ്തൃതിയാണ് സ്റ്റാൻഡിനുള്ളത്. 500-ഓളം സ്വകാര്യ ബസുകളാണ് ദിവസവും എത്തുന്നത്. പാലക്കാട്, തൃശ്ശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, തിരൂർ, താനൂർ, കാസർകോട്, കണ്ണൂർ, ചെമ്മാട്,കുറ്റ്യാടി, ബാലുശ്ശേരി, കക്കയം, നരിക്കുനി, കൊയിലാണ്ടി, വടകര, കൊണ്ടോട്ടി തുടങ്ങി പലയിടങ്ങളിലേക്കുമുള്ള ബസ്സുകൾ ഇവിടെയെത്തുന്നുണ്ട്. ബസ് സ്റ്റാൻഡ് നവീകരിക്കുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് നാളുകളായി. കണ്ണിൽ പൊടിയിടൽ മാത്രമായി ഒതുങ്ങുകയാണ് പലതും. നിലത്ത് ടൈൽ പാകുകയും ചുമരുകൾ പെയിന്റ് അടിക്കുകയും ചെയ്തത് മാത്രമായിരുന്നു നവീകരണം.

ശൗചാലയങ്ങൾ ഉള്ളതും ഇല്ലാത്തതും തുല്യമാണ്. പണം നൽകി ഉപയോഗിക്കാവുന്നതാണ് ശൗചാലയം. എന്നാൽ യാതൊരു വൃത്തിയും ശൗചാലയങ്ങൾക്ക് ഇല്ല. ദീർഘദൂര യാത്രയ്ക്ക് പോവുന്ന സ്ത്രീകളും പെൺകുട്ടികളും അടക്കമുള്ളവർ അടുത്തുള്ള മാളുകളെയും ഹോട്ടലുകളിലെയും ശൗചാലയങ്ങളെയാണ് ആശ്രയിക്കുന്നത്. പുരുഷന്മാർ അടുത്തുള്ള പറമ്പുകളിലും മറ്റും ‘കാര്യം’ സാധിക്കും. വിദേശികൾ ഉൾപ്പെടെയുള്ളവർ ശൗചാലയം കണ്ട് ക്ഷുഭിതരായി’ പോവാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. ശൗചാലയത്തിലേക്ക് നൽകുന്ന വെള്ളവും ശുദ്ധജലമല്ലെന്നാണ് ബസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. തുറന്ന നിലയിലുള്ള വാട്ടർ ടാങ്കിൽ അവർ കാണിച്ചുതന്നത് മഞ്ഞനിറത്തിലുള്ള വെള്ളമാണ്. ബസ് സ്റ്റാൻഡിലെ ക്ലോക്ക് റൂം ഒരു കുടുസുമുറിയാണ്. ഒരുപാട് ബാഗേജുകൾ വയ്ക്കാനുള്ള സൗകര്യം ഇവിടെയില്ല. ആളുകൾ വന്ന് ബാഗും സാധനങ്ങളും നൽകുമ്പോൾ കുത്തിനിറയ്ക്കുകയല്ലാതെ നിർവാഹമില്ല. പരമാവധി 100 മുതൽ 150 സാധനങ്ങൾ മാത്രമാണ് ഇവിടെ സൂക്ഷിക്കാൻ കഴിയുകയുള്ളൂവെന്ന് സൂക്ഷിപ്പുകാരൻ പറഞ്ഞു. ക്ലോക്ക് റൂം ചാർജ് കാണിച്ചുള്ള ബോർഡും ഇവിടെയില്ല.

ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതും സ്റ്റാൻഡിനുള്ളിൽ തന്നെയാണ്. ഓരോ ഓട്ടം കഴിഞ്ഞാലും ബസിൽ അറ്റകുറ്റപ്പണി നടത്തണം. എന്നാൽ ഇത്രയും ബസുകൾ വർക്ക്ഷോപ്പുകളിലേക്ക് പോയി അറ്റകുറ്റപ്പണി നടത്തുകയെന്നത് ശ്രമകരമാണ്. ഒരു ചെറിയ ഗാരേജ് സൗകര്യമൊരുക്കാനുള്ള സ്ഥലം സ്റ്റാൻഡിലുണ്ട്.

ബസ് ജീവനക്കാരും മനുഷ്യരാണ്

നൂറും ഇരുനൂറും കിലോമീറ്ററുകൾ ഓടി മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ ബസ് ജീവനക്കാർ വിശ്രമിക്കാൻ ഒരു മുറി പോലുമില്ല. ജീവനക്കാർ ഓട്ടം കഴിഞ്ഞുവന്നാൽ വിശ്രമിക്കുക ബസിനുള്ളിൽ തന്നെയാണ്. വേനൽ ചൂടും കൂടിയാവുമ്പോൾ ബുദ്ധിമുട്ട് കൂടുകയാണ്. ഒരു വിശ്രമമുറി വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.

സ്റ്റാൻഡിൽ കുടിവെള്ള സംവിധാനമില്ലാത്തതിനാൽ ‌‌കുപ്പിവെള്ളം വാങ്ങിയാണ് ജീവനക്കാർക്ക് കുടിക്കുന്നത്. ബസിന്റെ എൻജിനിലേക്ക് ഒഴിക്കാനും കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. ബസിൽ ഒഴിക്കാനെങ്കിലും വെള്ളം ലഭ്യമാക്കണമെന്നാണ് ബസുകാരുടെ ആവശ്യം. ഞങ്ങൾ എന്താ മനുഷ്യരല്ലേ എന്നാണ് ബസ് ജീവനക്കാർ ചോദിക്കുന്നത്? കിലോമീറ്ററുകൾ ഓടി വന്നാൽ ഒന്നു വിശ്രമിക്കാൻ വേണ്ടി ഒരു മുറിയെങ്കിലും ഒരുക്കിത്തരണമെന്നാണ് അധികൃതർ തയ്യാറാവണമെന്നാണ് പാലക്കാട് റൂട്ടിൽ ബസ് ഓടിക്കുന്ന കെ. അൻഷാദ് പറഞ്ഞു.

കുണ്ടും കുഴിയും

റോഡിലെ കുണ്ടും കുഴിയും താണ്ടി സ്റ്റാൻഡിൽ എത്തുമ്പോൾ അതിേനക്കാൾ വലിയ കുഴികളാണ് സ്റ്റാൻഡിലുള്ളത്. കോൺക്രീറ്റ് ചെയ്തിട്ടുള്ള റോഡുകൾ പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ ഭാഗത്ത് നിന്നുള്ള ബസുകൾ പ്രവേശിക്കുന്ന ഭാഗത്ത് അഞ്ച് ഇഞ്ച് വലുപ്പത്തിൽ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസമായി. ഈ വലിയ കുഴിയിലൂടെ കടന്നുപോവുന്നതിനാൽ ബസുകൾക്ക്‌ തകരാർ സംഭവിക്കുന്നുണ്ട്. ബസ് നിർത്തുന്നതിന് 150 രൂപയാണ് സ്റ്റാൻഡ്ഫീസായി നൽകുന്നത്. അക്കാര്യമെങ്കിലും കോർപ്പറേഷൻ പരിഗണിക്കണമെന്നാണ് ഇവർക്ക് പറയാനുള്ളത്.

ഇത് പോക്കറ്റടി ഏരിയ

ബസ് സ്റ്റാൻഡിൽ പോക്കറ്റടി വളരെ കൂടുതലാണ്. യാത്രികരുടെ തിരക്കുകൂടുന്ന സമയത്താണ് പോക്കറ്റടിക്കാർ ‘പണി’ തുടങ്ങുന്നത്. ബസിൽ ടിക്കറ്റെടുക്കാൻ നേരത്തായിരിക്കും പേഴ്സ് മോഷണം പോയ കാര്യം പലരും അറിയുക. പോലീസ് കൃത്യമായി പരിശോധന നടത്താത്തതാണ് പോക്കറ്റടിക്കാർ കൂടാൻ കാരണമെന്ന് യാത്രികർ പറഞ്ഞു. സ്റ്റാൻഡിൽ പല ഭാഗത്തും ലൈറ്റുകൾ പ്രകാശിക്കാത്തതും പോക്കറ്റടിക്കാർക്ക്‌ ഗുണമാണ്. ആറ് മണിയാകുമ്പോഴേക്കും സ്റ്റാൻഡിൽ ഇരുട്ട് വീഴും. പിന്നെ കച്ചവടസ്ഥാപനങ്ങളിലെ വെളിച്ചമാണ് ഇവിടെയുണ്ടാവുകയെന്ന് കച്ചവടക്കാരൻ സി. അബ്ബാസ് പറഞ്ഞു.