: വേനൽച്ചൂടിൽ വെന്തുരുകുകയാണ് നാടുമുഴുവൻ. രാവിലെ 9.30 ആകുമ്പോഴേക്കും നഗരത്തിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത്തവണ ഫെബ്രുവരി അവസാനത്തോടെ ചൂട് കൂടിത്തുടങ്ങിയിരിക്കുന്നു. പല ദിവസങ്ങളിലും 30 ഡിഗ്രിക്കു മുകളിലാണ് നഗരത്തിൽ ചൂട്. നിർമാണത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ലോട്ടറി വിതരണക്കാർ, പോസ്റ്റ്മാൻമാർ, ചുമട്ടുതൊഴിലാളികൾ, ഇരുചക്രവാഹന യാത്രക്കാർ തുടങ്ങിയവരൊക്കെ ചൂടിൽനിന്ന് രക്ഷതേടാനൊരു വഴിതേടുകയാണ്. കനത്തചൂടിൽ നഗരത്തിൽ പലയിടത്തും മാലിന്യങ്ങൾക്കും മറ്റും തീപിടിക്കുന്നുമുണ്ട്.

കുടതന്നെ ശരണം

‘‘വേനലിലെ ചൂടിൽനിന്ന് രക്ഷപ്പെടാൻ കുടതന്നെയേ രക്ഷയുള്ളൂ. രാവിെല 11 മുതൽ 3.30 വരെയാണ് പുറത്തുപോകേണ്ടത്. ആ സമയങ്ങളിൽ വെള്ളം കരുതാൻ ശ്രദ്ധിക്കാറുണ്ട്’’- ഹെഡ്പോസ്റ്റോഫീസിലെ പോസ്റ്റ്‌വുമൻ ലതിക പറയുന്നു. ‘‘മാനാഞ്ചിറ, എ.ജി. റോഡ്, ചെറൂട്ടി റോഡ്, കോർട്ട് റോഡ് എന്നിവിടങ്ങളിലാണ് ദിവസവും പോവേണ്ടിവരിക. എല്ലായിടത്തേക്കും നടന്നുതന്നെയാണ് പോകാറുള്ളത്. കത്തുകൾ അധികം ഉണ്ടെങ്കിൽ ചിലപ്പോൾ വെള്ളമെടുക്കാൻ സാധിക്കാറില്ല’’.

ഓൺലൈൻ ഭക്ഷ്യവിതരണക്കാരുടെ അവസ്ഥ കുറേക്കൂടെ മെച്ചപ്പെട്ടതാണ്. ഇവർക്കായി നൽകുന്ന യൂണിഫോമിന്റെ തുണി ഹണി കോംമ്പ് മെറ്റീരിയൽ ആണ്. ഇത് വിയർപ്പിനെ ഒപ്പിയെടുക്കാനും നനവുണ്ടായാൽ പെട്ടെന്ന് ഉണങ്ങാനും സഹായിക്കുതാണ്. കൂടാതെ ഇവർ പോകുന്ന ഹോട്ടലുകളിൽനിന്നും റെസ്റ്റോറന്റുകളിൽനിന്നുമെല്ലാം ആവശ്യമായ വെള്ളവും മറ്റും നൽകാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോട്ടാഫോ ഭക്ഷ്യവിതരണ അധികൃതർ പറഞ്ഞു.

അതേസമയം റോഡ് നിർമാണ പ്രവൃത്തിയെടുക്കുന്നവരുടെ അവസ്ഥ പരിതാപകരമാണ്. ഇവർക്ക് കുടിവെള്ളമോ മതിയായ വിശ്രമമോ ലഭിക്കുന്നില്ല. ‘‘രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് ജോലിസമയം, കുടിക്കാനുള്ള വെള്ളം സമീപത്തെ പള്ളിയിൽ സ്ഥാപിച്ച പൊതു പൈപ്പിൽനിന്നാണ് എടുക്കാറുള്ളത്’’- മുതലക്കുളം പ്രസ് ക്ലബ്ബിന് സമീപം ഓവുചാലിന്റെ പണിയെടുക്കുന്ന തൊഴിലാളികൾ പറഞ്ഞു. നഗരത്തിൽ പലയിടത്തായി ഓവുചാൽ നിർമാണവും റോഡ് അറ്റകുറ്റപ്പണികളുമെല്ലാം നടക്കുന്നുണ്ട്. പലരുടെയും അവസ്ഥ സമാനമാണ്. വേനലിൽ നിർജലീകരണം തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കണം. അതുപോലും ഇല്ലാതെയാണ് പലരും പണിയെടുക്കുന്നത്.

വെയിലിൽ പൊരിഞ്ഞ് പോലീസുകാർ

ട്രാഫിക് പോലീസുകാരുടെ അവസ്ഥയും സമാനമാണ്. കനത്ത വെയിലിലും കുടപോലും ചൂടാൻ ആവാതെയാണ് ഇവർ ജോലിയെടുക്കുന്നത്. സായി ഗ്രൂപ്പിന്റെ സഹായത്തോടെ ട്രാഫിക് പോലീസുകാർക്ക് ദിവസവും സംഭാരവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. രണ്ടുവർഷം മുമ്പ് ട്രാഫിക് പോലീസിനായി പച്ച ഷീറ്റ് മുകളിൽ വലിച്ചുകെട്ടിയിരുന്നു. ഈ വർഷം വേനൽ കൂടുതൽ നേരത്തേ ആയതിനാൽ ഇത്തരം മുൻകൂർ ക്രമീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല

ജീവനക്കാർ 2500-ൽ അധികം

കുടിവെള്ളം മൂന്നിടത്തുമാത്രം

ദിവസവും ആയിരക്കണക്കിനാളുകൾ ജോലിക്കും സേവനങ്ങൾക്കുമായി എത്തുന്ന കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ആകെ കുടിവെള്ള സൗകര്യമൊരുക്കിയത് മൂന്നിടത്തുമാത്രം. 120 ഓഫീസുകളാണ് സിവിൽ സ്റ്റേഷനിലുള്ളത്. 2500-നു മുകളിൽ ജീവനക്കാർ. എന്നാൽ സിവിൽ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തിലെ താഴെ നിലയിൽ, കളക്ടറുടെ മുറിക്കു മുന്നിൽ, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് കുടിവെള്ളം വെച്ചിട്ടുള്ളത്. പല ജീവനക്കാരും കുപ്പിയിൽ വെള്ളം കൊണ്ടുവരുന്നുണ്ട്.

കോഴിക്കോട് കോർപ്പറേഷനിലും കുടിവെള്ളം വെച്ചിട്ടുണ്ട്. പൊതുജന സമ്പർക്കമുള്ള ഓഫീസുകളിൽ നിർബന്ധമായും കുടിവെള്ളവിതരണ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.

യാത്രക്കാൾക്ക് ബസ്‌സ്റ്റാൻഡിൽ ദാഹമകറ്റാം

വേനലിൽ യാത്രക്കാർക്ക് ആശ്വാസമായി പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. സ്റ്റാൻഡിനു സമീപത്തായുള്ള പഴക്കച്ചവടക്കാരാണ് സൗകര്യമൊരുക്കിയത്. പഴക്കച്ചവടക്കാരായ 25 പേർ ചേർന്ന് കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ കുടിവെള്ളം നൽകിവരുന്നുണ്ട്. ഇതുകൂടാതെ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്‌, എസ്.എം. സ്ട്രീറ്റ് എന്നിവിടങ്ങളിലെല്ലാം കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 17 മുതൽ വലിയങ്ങാടി വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംഭാരവിതരണം ആരംഭിക്കും.

ആശ്വാസമായി മേലാപ്പ്

പ്രതീക്ഷിച്ചതിലും മുന്നേ എത്തിയ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ വലിയങ്ങാടി ചുമട്ടുതൊഴിലാളികൾക്ക് മേലാപ്പൊരുക്കിയത് ഏറെ ഗുണകരമാണ്. ഇപ്പോൾ ഒരുഭാഗത്തേയുള്ളൂ. ബാക്കി ഭാഗങ്ങളിൽക്കൂടി വ്യാപിപ്പിക്കണമെന്നും തൊഴിലാളികൾ പറയുന്നു. അതുപോലെത്തന്നെ മേലെ പാളയത്തും ഭാഗികമായി വ്യാപാരികൾ മേലാപ്പൊരുക്കിയിട്ടുണ്ട്. പാളയം മാർക്കറ്റിൽ വലിയ കുടകളും ഷീറ്റും വിരിച്ച് തൊഴിലാളികൾ താത്‌കാലിക ആശ്വാസം കണ്ടെത്തുന്നുണ്ട്.

തുറന്നുനൽകുമോ ഈ തണലിടം

വിയർത്തൊലിക്കുന്ന വേനലിൽനിന്ന് രക്ഷനേടാൻ കോഴിക്കോട് നഗരത്തിൽ പച്ചത്തുരുത്തുകൾ കുറവാണ്. നഗരത്തിൽ ആർക്കും പെട്ടെന്ന് എത്തിപ്പെടാൻ പറ്റിയ സ്ഥലം മാനാഞ്ചിറ മൈതാനമാണ്. എന്നാൽ ഉച്ചയ്ക്ക് 2.30-നു ശേഷമേ തുറക്കാറുള്ളൂ.

നിലവിൽ മാനാഞ്ചിറയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. പ്രഭാതസവാരിക്കായി രാവിലെ മാനാഞ്ചിറ തുറന്നുനൽകാൻ അനുമതിയുണ്ട്. നവീകരണ പ്രവർത്തനങ്ങൾക്കുശേഷം രാവിലെമുതൽ രാത്രിവരെ തുറന്നിടുന്നതിനെക്കുറിച്ച് പരിഗണിക്കുമെന്നും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി.വി. ലളിതപ്രഭ പറഞ്ഞു.

ഗാന്ധി പാർക്ക്, സരോവരം ബയോ പാർക്ക് എന്നിവടങ്ങളിലും ഏറെ തണൽ മരങ്ങളുണ്ടെങ്കിലും പൊതുജനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമാണ്. നഗരത്തിലെത്തന്നെ മാനാഞ്ചിറ ഡി.ഡി.ഇ. ഓഫീസിനു പിൻവശം ഒഴിഞ്ഞുകിടക്കുന്ന മൈതാനം ഇത്തരത്തിൽ ആളുകൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രങ്ങളാക്കി മാറ്റാവുന്നതാണ്. ഒട്ടേറെ മരങ്ങളുള്ള ഇവിടെ ഏതുസമയവും തണലിന്റെ ആശ്രയമുണ്ട്. നഗരത്തിലെ ഇത്തരം സ്ഥലങ്ങൾ വിശ്രമ ഇടങ്ങളാക്കി മാറ്റേണ്ടതുണ്ട്.

ശ്രദ്ധിക്കാം ചില കാര്യങ്ങൾ

1. പകർച്ചവ്യാധികൾ തടയാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.

2. തിളപ്പിച്ചവെള്ളംമാത്രം കുടിക്കുക

3. ദിവസവും രണ്ടുലിറ്റർ വെള്ളമെങ്കിലും കുടിക്കുക

4. വഴിയോരങ്ങളിൽനിന്ന്‌ ഭക്ഷണംകഴിക്കുമ്പോൾ തുറന്നിട്ട ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക

5.സൂര്യതാപം ദേഹത്ത് ഏൽക്കാതിരിക്കാൻ സഹായിക്കുന്ന വസ്‌ത്രങ്ങൾ ധരിക്കുക.

6. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

കുടിവെള്ളപ്രശ്നം കരാറുകാർ സമരത്തിൽത്തന്നെ

: സമരംനടത്തുന്ന കരാറുകാരുമായി വാട്ടർ അതോറിറ്റി അധികൃതർ നടത്തിയ ചർച്ചയിലും തീരുമാനമായില്ല. നിലവിലുള്ള സാഹചര്യം പരിഗണിച്ച് പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണി ചെയ്യണമെന്ന് കരാറുകാരോട് അഭ്യർഥിച്ചെങ്കിലും അതിന് പറ്റില്ലെന്ന് അവർ വ്യക്തമാക്കി.

കേരള ഗവ.കോൺട്രാക്ടേഴ്‌സ് ഫെഡറേഷന്റെയും അസോസിയേഷന്റെയും(വാട്ടർ അതോറിറ്റി) നേതൃത്വത്തിലാണ് സമരം. സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ഉത്തരമേഖലയിൽ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെയും വയനാട്ടിലെയും ഭാരവാഹികളുടെയും യോഗമാണ് അധികൃതർ വിളിച്ചത്.

എം.എൽ.എ.ഫണ്ട്, പ്ലാൻഫണ്ട്, പ്രളയം എന്നിങ്ങനെ വിവിധരീതികളിൽ നടത്തിയ പണിക്ക് 1000 കോടിക്ക് മുകളിലാണ് കരാറുകാർക്ക് നൽകാനുള്ളത്. സർക്കാരിന്റെ ഭാഗത്തുനിന്ന് സംസ്ഥാനതലത്തിൽ ഒരുതീരുമാനമാകാതെ സമരംനിർത്താനാവില്ലെന്ന് ജില്ലാസെക്രട്ടറി എൻ. റിയാസ് പറഞ്ഞു.

നഗരത്തിന്റെ എല്ലാഭാഗങ്ങളിലും കുടിവെള്ളപ്രശ്‌നം രൂക്ഷമാണെന്നിരിക്കെ കരാറുകാർ പണി ഏറ്റെടുക്കണമെന്ന് ചീഫ് എൻജിനിയർ ഷാജഹാൻ നിർദേശിച്ചു. എന്നാൽ, കരാറുകാർ ഇതിന് തയ്യാറായിട്ടില്ല. മേയർ തോട്ടത്തിൽ രവീന്ദ്രനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ എന്തെങ്കിലും നടപടിയെടുക്കാനാവുമോയെന്നാണ് നോക്കുന്നതെന്ന് മേയർ വ്യക്തമാക്കി.