: എല്ലാ വെല്ലുവിളികളെയും നേരിട്ട് മുന്നേറുന്ന ഒരുകൂട്ടം സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിലാണ് കോഴിക്കോട് ജില്ലയുടെ വികസനം. ഭരണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളുടെ തലപ്പത്തിരുന്ന് മികച്ച പ്രവർത്തനമാണ് ഇവർ കാഴ്ചവെക്കുന്നത്. ഓരോ മേഖലയിലുമുണ്ട് സ്ത്രീകളുടെ ഇടപെടൽ. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ, സബ്കളക്ടർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, തുടങ്ങിയ ഉന്നതസ്ഥാനങ്ങളിലിരുന്ന് സ്ത്രീകൾ ഭരണചക്രം നിയന്ത്രിക്കുന്നു. സർക്കാർ ഓഫീസുകളിൽ പത്തുവർഷം മുന്പ് നാമമാത്രമായിരുന്നു സ്ത്രീപ്രാതിനിധ്യം. എന്നാൽ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഇതിൽ വലിയമാറ്റമുണ്ടായി.

റവന്യൂവകുപ്പിൽ 233 ജീവനക്കാരിൽ 110 പേർ വനിതകളാണ്. ഡെപ്യൂട്ടി കളക്ടർമാരായി അഞ്ച് വനിതകളുണ്ട്. അസിസ്റ്റന്റ് കളക്ടർ, തഹസിൽദാർ എന്നീ ചുമതലകളിലും സ്ത്രീകൾ മുന്നിൽത്തന്നെയുണ്ട്. സാമൂഹ്യനീതിവകുപ്പിലെ ജില്ലാ ഓഫീസറും വനിതയാണ്.

സിവിൽസ്റ്റേഷനിൽ തന്നെ വനിതാജീവനക്കാരുടെ എണ്ണത്തിലും വലിയ വർധയുണ്ടായിട്ടുണ്ട്. 45 ശതമാനത്തോളം വനിതാജീവനക്കാരാണ്. കഴിഞ്ഞവർഷം വിദ്യാഭ്യാസവകുപ്പിൽ ജോലിനേടിയ അധ്യാപകരിൽ 99 ശതമാനവും സ്ത്രീകളാണെന്നത് സന്തോഷകരമായൊരു സൂചനയാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും വനിതകൾ തന്നെ.

17 എ.ഇ.ഒ മാരിൽ ആറു പേരുണ്ട് വനിതകളായിട്ട്. ആരോഗ്യവകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസറും അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസറും സ്ത്രീകളാണ്.

ജില്ലാ പഞ്ചായത്ത് ഓഫീസിൽ ജോലിചെയ്യുന്ന 26-പേരിൽ എട്ടുപേർ സ്ത്രീകളാണ്. തദ്ദേശസ്വയംഭരണവകുപ്പ് ഓഫീസിൽ 14 സ്ത്രീകളും ആറു പുരുഷന്മാരുമാണ് വിവിധ തസ്തികകളിലായി ജോലിചെയ്യുന്നത്. കോർപ്പറേഷൻ ഓഫീസിൽ 349 മിനിസ്റ്റീരിയൽ ജീവനക്കാരിൽ 117 പേർ വനിതകളാണ്.

കരുത്ത് കുടുംബത്തിന്റെ പിന്തുണ

ഷാമിൻ സെബാസ്റ്റ്യൻ (ഡെപ്യൂട്ടി കളക്ടർ ഡിസാസ്റ്റർ മാനേജ്മെന്റ്) - ‘‘ദുരന്തനിവാരണവിഭാഗത്തിന്റെ ഭാഗമായാണ് ഇപ്പോൾ ജോലി. അതുകൊണ്ടുതന്നെ ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കേണ്ടി വരാറുണ്ട്. ഒരിക്കലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിൽ ഏത് പ്രതിബന്ധവും നേരിടാൻ കഴിയും. സ്ത്രീകൾ മൾട്ടിടാസ്ക് ചെയ്യാൻ വിദഗ്ധരാണെന്നാണ് ഒരഭിപ്രായം. സാങ്കേതികവിദ്യയുടെ വളർച്ച സ്ത്രീകളുടെ ജോലിസമയത്തെയും ജോലി ക്രമീകരണത്തെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ പ്രളയത്തെ അഭിമുഖീകരിച്ചപ്പോഴും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളായി ആൺകുട്ടികൾക്കൊപ്പം തന്നെ പെൺകുട്ടികളും രംഗത്തിറങ്ങിയിരുന്നു. ഇത് നല്ലൊരു സൂചനയാണ്’’.

സ്ത്രീ എന്നത് പരിമിതയല്ല

ഡോ. വി. ജയശ്രീ (ജില്ലാ മെഡിക്കൽ ഓഫീസർ) - ‘‘സ്ത്രീയെന്ന നിലയിൽ ‘നിപ’ കാലഘട്ടത്തിൽ പരിമിതികളൊന്നും നേരിടേണ്ടിവന്നിട്ടില്ല. സ്ത്രീയെന്ന ചിന്തപോലും ഇല്ലാതെ 24 മണിക്കൂർ സമയവും ജോലിചെയ്യാൻ കഴിഞ്ഞു. എല്ലാ നേതൃത്വത്തിലും സ്ത്രീകൾ ഒന്നിച്ചുവന്നത് ജോലി ചെയ്യാൻ ഏറെ സഹായകമായി. ആരോഗ്യമേഖലയിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂടിവരുന്നുണ്ട്. സംസ്ഥാനത്തെ 14 ജില്ലാ മെഡിക്കൽ ഓഫീസർമാരിൽ മൂന്ന് പേരൊഴികെ മറ്റുള്ളവർ സ്ത്രീകളാണെന്നത് സന്തോഷംപകരുന്ന കാര്യമാണ്’’.

എല്ലാത്തിനെയും പോസിറ്റീവായി കാണം

മീരാദർശക് (ഡെപ്യൂട്ടി മേയർ) - ‘‘രാവും പകലുമില്ലാത്ത രീതിയിൽ പ്രവർത്തിക്കാനായി കുടുംബത്തിന്റെ പിന്തുണ വളരെ സഹായിച്ചിട്ടുണ്ട്. പുരുഷന്മാർ ചെയ്യുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനവും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. സഹപ്രവർത്തകരുടെ സഹകരണത്തോടെ അതിനെയെല്ലാം മറികടക്കാൻ കഴിഞ്ഞു. മറ്റുള്ളവർക്ക് പ്രചോദനമാകുന്നരീതിയിൽ ജീവിതത്തെ പാകപ്പെടുത്തിയെടുക്കണം. ഒരുപാട് ചുമതലകളും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുമ്പോൾ എല്ലാത്തിനെയും പോസിറ്റീവായി കാണാൻ കഴിയണം. ഒത്തൊരുമിച്ച് നിന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടക്കാം’’.

പ്രശ്നങ്ങളെ നേരിടാൻ തയാറാവണം

റോഷ്നി നാരായണൻ (എ.ഡി.എം.)- ‘‘സ്ത്രീയെന്ന രീതിയിൽ ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടില്ല. എല്ലാ പ്രശ്നങ്ങളെയും നേരിടാൻ തയ്യാറാകണം. സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും സഹകരണം പ്രതിസന്ധികൾ നേരിടാൻ സഹായകമായിട്ടുണ്ട്’’.

സ്ത്രീക്ക് പുരുഷനെക്കാൾ തിളങ്ങനാവും

വി.പി. മിനി (ജില്ലാ വിദ്യാഭ്യാസ ഓഫീസർ) - ‘‘ജോലിയിൽ ഏതുകാര്യവും ഏറ്റെടുത്ത് ചെയ്യാൻ തയ്യാറാണെങ്കിൽ പുരുഷന്മാരെക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും. ന്യായത്തിന്റെ ഭാഗത്ത് നിന്നുകൊണ്ട് കൃത്യമായി കാര്യങ്ങൾചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം സ്ത്രീകൾക്ക് ഉണ്ടാകണം. അധ്യാപനമേഖലയിലേക്ക് കൂടുതൽ കടന്നുവരുന്നത് വനിതകളാണ്. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാതെ തീരുമാനമെടുക്കാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടാകണം’’.