ആഴ്ചവട്ടം സ്കൂൾ കിണറ്റിൽ പെയിന്റൊഴിച്ചു
: സ്കൂളിലെ കിണറ്റിൽ പെയിന്റൊഴിച്ച് സാമൂഹികവിരുദ്ധരുടെ ക്രൂരത. ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കിണറിലാണ് സാമൂഹികവിരുദ്ധർ ചുവപ്പുനിറത്തിലുള്ള പെയിന്റൊഴിച്ച് മലിനമാക്കിയത്. 1500-ലധികം വിദ്യാർഥികളും 75-ലേറെ ജീവനക്കാരും ഇതോടെ കുടിവെള്ളം കിട്ടാതെ വലഞ്ഞു. ഉച്ചഭക്ഷണവും പാചകംകഴിയാത്ത അവസ്ഥയായതോടെ സ്കൂൾ വിട്ടു.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ കുട്ടികളാണ് ഹൈസ്കൂളിനോടു ചേർന്നുള്ള മുറ്റത്തെ കിണറ്റിൽ പെയിന്റൊഴിച്ചത് കണ്ടത്. പെയിന്റിന്റെ ബാക്കി കിണറിന് സമീപംതന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ഉടൻതന്നെ കുട്ടികൾ വിവരം അധ്യാപകരെ അറിയിച്ചു. ഇരുമ്പ് കവചവും വലയും ഉപയോഗിച്ച് മൂടിയ കിണറ്റിൽ നിറയെ വെള്ളമുണ്ട്. ഇതിൽ നിന്നാണ് സ്കൂളിലെ എല്ലാ ആവശ്യങ്ങൾക്കും വെള്ളം എടുക്കുന്നത്. സ്കൂളിലെ ആറായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത് ഈ കിണറ്റിൽനിന്നാണ്.
വെള്ളം ഉപയോഗശൂന്യമായതോടെ ഉച്ചഭക്ഷണം പാകം ചെയ്യാനായില്ല. മൂത്രപ്പുരയിൽപോകാൻ കഴിയാതെ വിദ്യാർഥികളും ബുദ്ധിമുട്ടി. പുറമേനിന്ന് വെള്ളമെത്തിക്കാൻ കഴിയാതായതോടെ സ്കൂൾ 11.30-ഓടെയാണ് വിട്ടത്. രാവിലെ സ്കൂളിൽ പി.എസ്.സിയുടെ പരീക്ഷ നടന്നതിനാൽ പുറത്തുനിന്ന് അമ്പതിലധികം ഉദ്യോഗാർഥികൾ എത്തിയിരുന്നു. പരീക്ഷാ ചുമതലയുള്ള അധ്യാപകരും ആറരയ്ക്കുതന്നെ എത്തി. അവരാരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല.
സംഭവമറിഞ്ഞതോടെ ആരോഗ്യവിഭാഗം, ഭക്ഷ്യസുരക്ഷാവിഭാഗം, ചൈൽഡ് ലൈൻ പ്രവർത്തകർ, പോലീസ് എന്നിവർ സ്കൂളിലെത്തി. ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധനയ്ക്കായി കുടിവെള്ളം ശേഖരിച്ചു. കിണർ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യവിഭാഗം നിർദേശംനൽകി. സംഭവത്തിൽ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. ക്യാമറ പരിശോധിക്കുമെന്ന് കസബ എസ്.ഐ. ജഗജീവൻ പറഞ്ഞു. മുന്പ് ഈ സ്കൂളിലെ ക്ലാസ് മുറിയിൽ തീയിട്ടിരുന്നു.
പരീക്ഷ നടത്തും, ക്ലാസുണ്ടാവില്ല
വെള്ളിയാഴ്ച 10-ാം ക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. മറ്റുള്ള കുട്ടികൾക്ക് അവധിയായിരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
കുറ്റക്കാരെ കണ്ടെത്തണം
‘‘സ്കൂളിലെ എല്ലാആവശ്യങ്ങൾക്കും വെള്ളമെടുക്കുന്ന കിണറാണിത്. സംഭവത്തിൽ അന്വേഷണംനടത്തി കുറ്റക്കാരെ കണ്ടെത്തണം. സ്കൂളിനെതിരേയും അധ്യാപകർക്കെതിരേയും അപവാദപ്രചരണം നടത്തുന്നതിന്റെ ഭാഗമായുള്ള നീക്കമാണിത്’’ -
ബീന പൂവത്തിൽ (പ്രിൻസിപ്പൽ, ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ )