നടപടിക്കൊരുങ്ങി പോലീസ്
: നഗരത്തിൽ ഉടമസ്ഥനില്ലാതെ തെരുവുകളിലും മറ്റും ഉപേക്ഷിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി ഇത്തരത്തിൽ 719 വാഹനങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവയിൽ ചിലത് മാസങ്ങളായി റോഡരികിൽ കിടക്കുകയാണ്. ഇത്തരം വാഹനങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതിനാലും സുരക്ഷാകാരണങ്ങളാലും പോലീസ് കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കാറാണ് ചെയ്യാറുള്ളത്. പക്ഷേ, ഇവ സൂക്ഷിക്കാൻ സൗകര്യമില്ലാത്തത് പോലീസിനുതന്നെ ബാധ്യതയാവുകയാണ് ചെയ്യുന്നത്.
ചിലത് ഉടമസ്ഥർ മരിച്ചുപോയവയും മറ്റുപലതും കാലാവധി കഴിഞ്ഞ് രജിസ്‌ട്രേഷൻ പുതുക്കാതെ കിടക്കുന്ന വയുമാണ്. രജിസ്‌ട്രേഷൻ നമ്പറിൽനിന്ന് ഉടമസ്ഥരെ കണ്ടെത്തി ഇവരെ നോട്ടീസ് കൊടുത്ത് പോലീസ് വിളിപ്പിച്ചിട്ടും വരാത്തവരുണ്ട്.
മുതലക്കുളത്തുനിന്ന് പാളയം വരെയുള്ള ജി.എച്ച്. റോഡ്, ചാലപ്പുറം അച്യുതൻ ഗേൾസ് സ്കൂൾ പരിസരം, വട്ടാംപൊയിൽ, സെൻട്രൽ ലൈബ്രറി പരിസരം തുടങ്ങി പലയിടങ്ങളിലും റോഡരികിൽ മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പാർക്കിങ് മേഖലയിലും പലരും ഇങ്ങനെ വെച്ചുപോയിട്ടുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇങ്ങനെ 32 വാഹനങ്ങൾ പ്രത്യേകമായി കണ്ടെത്തി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് കസ്റ്റഡിയിൽ െവച്ചിട്ടുണ്ട്. ഈ വാഹനങ്ങളുടെ വിവരം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ടൗൺ പോലീസിനോട് ആർ.പി.എഫ്.അധികൃതർ ആവശ്യപ്പെട്ടിട്ടുമുണ്ട്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് 20 മോട്ടോർ സൈക്കിൾ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയുടെ ഉടമസ്ഥർക്കെല്ലാം നോട്ടീസ് നൽകിയിട്ടുണ്ട്. നിശ്ചിത സമയപരിധി കഴിഞ്ഞും കൊണ്ടുപോകുന്നില്ലെങ്കിൽ ലേലം ചെയ്ത് വിൽക്കാനാണ് പോലീസിന്റെ തീരുമാനം. ആളില്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുകയാണ് പോലീസിന് ആദ്യഘട്ടത്തിൽ ചെയ്യാനുള്ളത്. പക്ഷേ, പല പോലീസ്‌സ്റ്റേഷനുകളിലും അപകടംപറ്റി കൊണ്ടുവന്ന വാഹനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളും തന്നെ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. കുന്ദമംഗലത്ത് വാഹനങ്ങൾ സൂക്ഷിക്കുന്ന യാർഡ് പഴയ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നടപടി സ്വീകരിക്കും-സിറ്റി പോലീസ് ചീഫ് എ.വി. ജോർജ്
ആളില്ലാതെ ഉപേക്ഷിച്ച വാഹനങ്ങൾ നഗരത്തിൽ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കും. തൊണ്ടി മുതലാണോ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ട് തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കും.
തുടർന്ന് ഇത്തരം വാഹനങ്ങൾ റവന്യൂ വിഭാഗം ലേലം ചെയ്തു പണം സർക്കാരിലേക്ക് മുതൽക്കൂട്ടുകയാണ് ചെയ്യാറുള്ളത്.
ആക്രി സാധനങ്ങളാണെങ്കിൽ കോർപ്പറേഷൻ ഏറ്റെടുക്കും-കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്
വാഹനങ്ങൾ ഉടമസ്ഥനുള്ളതും രജിസ്‌ട്രേഷനുള്ളതുമായ വസ്തുക്കളാണല്ലോ. അതിന് കൃത്യമായ മേൽവിലാസവും ആളുമൊക്കെ ഉണ്ടാകുമല്ലോ. അതിനാൽ ഉടമസ്ഥനില്ലാത്ത നിലയിലുള്ള വസ്തുക്കളുടെ പട്ടികയിൽ ഇവ വരില്ല. ആക്രിസാധനങ്ങളാണെങ്കിൽ അത് കോർപ്പറേഷൻ ഏറ്റെടുക്കും. അല്ലാത്തവയെല്ലാം പോലീസ് ആണ് ചെയ്യേണ്ടത്. തൊണ്ടി മുതലാണോ, കളവ് ചെയ്യപ്പെട്ട് കൊണ്ടുവന്നതാണോയെന്നെല്ലാം നോക്കേണ്ടത് പോലീസാണ്.
നടപടിയെടുക്കേണ്ടത് പോലീസ് -കോഴിക്കോട് ആർ.ടി.ഒ. സുഭാഷ് ബാബു
റോഡിൽ ഗതാഗതതടസ്സമുണ്ടാക്കുന്ന വാഹനങ്ങളാണെങ്കിൽ അത് മാറ്റിയിടാൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയും. അല്ലാത്തവയിൽ അന്വേഷണം നടത്തേണ്ടത് പോലീസാണ്. ഇത്തരം വാഹനങ്ങളുടെ കാര്യത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ഒന്നും ചെയ്യാനില്ല.