മാസങ്ങൾക്കുമുമ്പാണ് സംഭവം
സ്കൂളിലേക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് നഗരത്തിലെ ഒരു ഹൈസ്കൂൾ വിദ്യാർഥിനി. അതേ സ്കൂളിൽ പ്ലസ്‌ടുവിന് പഠിക്കുന്ന സുഹൃത്തുമൊത്ത് അവൾ രാവിലെ നേരെ പോയത് സരോവരം ബയോപാർക്കിലേക്കാണ്. പാർക്കിനകത്തെ കാടുമൂടിയ സ്ഥലത്ത് ഒന്നിച്ചിരുന്നത് വലിയ പ്രശ്നമായിമാറുമെന്നത് ആ കുട്ടി ചിന്തിച്ചിരുന്നില്ല; മറ്റൊരാൾ മൊബൈൽ ക്യാമറയിൽ തന്റെ ചിത്രം പകർത്തിയെടുക്കുന്നുവെന്ന് തിരിച്ചറിയുംവരെ. സ്കൂൾ യൂണിഫോം ഒളിപ്പിച്ചുവെച്ച ബാഗുമെടുത്ത് സുഹൃത്തിനൊപ്പം ധൃതിയിൽ പാർക്കിൽനിന്ന് പുറത്തേക്കോടി. പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെയുംകൊണ്ട് പറയുന്ന സ്ഥലത്തെത്തിയില്ലെങ്കിൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നായിരുന്നു മൊബൈലിൽ ദൃശ്യം പകർത്തിയ യുവാവിന്റെ ഭീഷണി.
പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ ‘ഇവിടെ വന്ന് തോന്ന്യാസം കളിച്ചിട്ടല്ലേ?’ എന്ന മറുചോദ്യമായിരുന്നു ആദ്യം പ്രതികരണം. അനുകമ്പതോന്നി പിന്നീട് സംഭവസ്ഥലത്തേക്ക് തിരിച്ച സുരക്ഷാജീവനക്കാർ അവിടെത്തുന്നതിന് മുമ്പുതന്നെ കോട്ടൂളി ഭാഗത്തേക്കുള്ള ഇടവഴിയിലൂടെ ‘വീഡിയോഗ്രാഫർ’ പുറത്തുകടന്നിരുന്നു. പരിഭ്രാന്തിയിലായ സുഹൃത്ത് നിസ്സഹായനായി കൈമലർത്തിയതോടെ സ്വന്തം വീട്ടുകാരോടുപോലും സത്യം തുറന്നുപറയാൻ കഴിയാതെ പെൺകുട്ടി ജീവിതം അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽനിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടെങ്കിലും കടുത്ത വിഷാദരോഗത്തിനടിമപ്പെട്ട് ആ കൗമാരക്കാരി ചിത്തഭ്രമത്തിന്റെ വക്കിലെത്തി. ഇപ്പോൾ ആ ഷോക്കിൽനിന്ന് തിരിച്ചുവരുന്നേയുള്ളൂ.
മറ്റൊരിക്കൽ വിചിത്രമായൊരു പരാതിയാണ് നടക്കാവ് പോലീസിന് മുമ്പാകെയെത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററിലെ വിദ്യാർഥിനിയായ പതിനാറുകാരിയായിരുന്നു ഇരയുടെ റോളിൽ. കാമുകനും സുഹൃത്തുക്കളുമടക്കം എട്ടുയുവാക്കളാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മൂന്നുമാസത്തിനിടെ ലൈംഗികമായി ചൂഷണംചെയ്തത്. അതിൽ പകുതിപേരും പീഡനത്തിന് തിരഞ്ഞെടുത്ത സ്ഥലം സരോവരം ബയോപാർക്ക് ആയിരുന്നുവെന്ന് പോലീസ് പറയുന്നു.
പാർക്കിനെ ചൂഷണകേന്ദ്രമാക്കുന്നവർ
ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകി സരോവരം പാർക്കിനകത്തെ ഒഴിഞ്ഞ കെട്ടിടത്തിനകത്തുവെച്ച് പീഡിപ്പിച്ച സഹപാഠി വധഭീഷണി മുഴക്കിയെന്ന കൗമാരക്കാരിയുടെ പരാതിപ്രകാരം പത്തൊമ്പതുകാരൻ അറസ്റ്റിലായത് ദിവസങ്ങൾക്കുമുമ്പാണ്. ഇങ്ങനെ പ്രായപൂർത്തിയാവാത്ത കുട്ടികളാണ് ഇവിടെ ഏറെ ചൂഷണത്തിന് ഇരയാവുന്നത്. പാർക്കിനകത്ത് അടുത്തിടപഴകുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അതിന്റെപേരിൽ വർഷങ്ങളോളം കാമുകരുടെ പീഡനത്തിനിരകളായത് ഒട്ടേറെ പെൺകുട്ടികളാണ്. മോഷ്ടിച്ചും വാടകയ്ക്കെടുത്തും ഉപയോഗിക്കുന്ന ബൈക്കുകളിൽ കറങ്ങി പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വലയിലാക്കുന്ന യുവാക്കളുടെ സംഘങ്ങൾ പലയിടത്തുമുണ്ട്. തങ്ങളുടെ ചൂഷണത്തിനുശേഷം മറ്റുള്ളവർക്കുകൂടി വഴങ്ങാൻ പ്രേരിപ്പിക്കുകയും അതിനുതയ്യാറായില്ലെങ്കിൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ച് മാനഹാനി വരുത്തുന്നതുമാണ് ഇവരുടെ രീതി.
വേട്ടയാടുന്ന ക്യാമറക്കണ്ണുകൾ
സ്വകാര്യനിമിഷങ്ങൾ പകർത്തി വഞ്ചിക്കുന്ന സുഹൃത്തുക്കളെമാത്രം പേടിച്ചാൽപോരാ എന്നതാണ് സരോവരം ബയോപാർക്കിന്റെ മറ്റൊരുപ്രശ്നം. പാർക്കിനകത്ത് ഓൺചെയ്തുവെച്ച മൊബൈൽ ക്യാമറകളുമായി കറങ്ങിനടക്കുന്ന സംഘങ്ങൾതന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഫോട്ടോഷൂട്ടിനെന്ന പോലെയെത്തി ഫ്രെയിം മാറ്റി ദൃശ്യങ്ങൾ ഫോട്ടോയായും വീഡിയോയായും പകർത്തുന്നവരുമുണ്ട്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടികളെ സാന്പത്തികചൂഷണത്തിനുംകൂടി ഇരയാക്കുന്നവരുണ്ട്. ഇത്തരക്കാരുടെ കെണിയിൽപ്പെട്ട ഒട്ടേറെപേരുണ്ടെങ്കിലും ഭീതിയും മാനഹാനിയുംകൊണ്ട് സത്യം പുറത്തുപറയാനാവാത്ത ഗതികേടിലാണ് അവരിൽ നല്ലൊരുപങ്കുമെന്ന് പോലീസ് പറയുന്നു. പ്രായപൂർത്തിയാവാത്ത സ്കൂൾവിദ്യാർഥിനികളാണ് ഈ ഇരകളിൽ ഏറെയുമെന്നതാണ് വസ്തുത.
ചോദ്യംചെയ്താൽ സദാചാരപോലീസ്
‘‘സ്കൂളിൽ പഠിക്കുന്ന പിള്ളേർ ക്ലാസ് കട്ടുചെയ്തുവന്നാലും ചോദിക്കാൻപറ്റാത്ത അവസ്ഥയാണ്. ഇരുപതുരൂപ തന്നിട്ടല്ലേ വരുന്നത് എന്നാണ് മറുചോദ്യം. സദാചാരപോലീസ് ചമയണ്ട എന്നും പറയും’’ -സരോവരത്തെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു.
ചോദ്യംചെയ്തതിന് സരോവരത്തെ ഒരു തൂപ്പുജീവനക്കാരിയെയും സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും അധിക്ഷേപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ അടുത്തിടെ സന്ദർശകരിലൊരാൾ പുറത്തുവിട്ടത് വിവാദമായിരുന്നു. ടിക്കറ്റ് കൗണ്ടർ പരിസരത്ത് രാവിലെ ഒമ്പതുമുതൽ ആറുവരെയും ചിൽഡ്രൻസ് പാർക്ക് ഭാഗത്തേക്ക് വൈകീട്ട് ആറരവരെയുമാണ് പ്രവേശനസമയം.
അഞ്ചരകഴിഞ്ഞാൽ ടിക്കറ്റ് ചാർജായ ഇരുപതുരൂപ വാങ്ങിക്കാറില്ല. അടയ്ക്കേണ്ട സമയമായാൽ വിസിൽ ഊതി പാർക്കുമുഴുവൻ
ചുറ്റിനടന്ന് എല്ലാവരെയും പുറത്തെത്തിക്കേണ്ട ഉത്തരവാദിത്വവും വിരലിലെണ്ണാവുന്ന സുരക്ഷാജീവനക്കാരുടെ ചുമലിലാണ്. പോലീസ് നടത്തിയ പരിശോധനയിൽ പാർക്കിനകത്തെ കെട്ടിടത്തിൽനിന്ന് ലഹരി വസ്‌തുക്കളും ഗർഭനിരോധന ഉറകളും കണ്ടെത്തിയിരുന്നു.
പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങും
ജ്യൂസിൽ ലഹരിമരുന്നുകലർത്തിയുള്ള പീഡനം വിവാദമായതിനുശേഷം സരോവരത്ത് മഫ്തിയിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. രണ്ടുപേർ സിവിൽ ഡ്രസിൽ നിരീക്ഷണം നടത്തുന്നുണ്ട്. സരോവരത്ത് സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങാൻ തീരുമാനമായതായി ഡി.ടി.പി.സി. സെക്രട്ടറി ടി.പി. ബീന പറയുന്നു. അതോടൊപ്പം സരോവരത്ത് ഉൾപ്പെടെ ഡെസ്റ്റിനേഷൻ മാനേജർമാരെയും നിയമിക്കും. സുരക്ഷാചുമതലയ്ക്കായി പുതിയ സെക്യൂരിറ്റി ഏജൻസി ടെൻഡർ ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ സുരക്ഷാജീവനക്കാരെ നിയമിക്കാനാണ് തീരുമാനം.
സരോവരം, ബീച്ച്, ബേപ്പൂർ പുലിമുട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്ലാസ് റദ്ദാക്കി ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളെയും പൊതുജനങ്ങൾക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്ന യുവതീയുവാക്കളെയും നിരീക്ഷിക്കാനായി സിറ്റി പോലീസ് കമ്മിഷണർ മഫ്തി പോലീസിനെ നിയോഗിച്ചുകഴിഞ്ഞു. സ്കൂളുകളിലും കോളേജുകളിലും കൃത്യമായി എത്തിച്ചേരാത്തവരുടെ രക്ഷിതാക്കളെ അധ്യാപകർ ഫോണിലൂടെ വിവരമറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ചൂഷണത്തിനെതിരായ കരുതലെന്നനിലയിൽ സ്കൂൾയൂണിഫോമിൽ എത്തുന്ന കുട്ടികൾക്ക് സരോവരത്ത് ഇപ്പോൾ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. യൂണിഫോം മറച്ചുകൊണ്ട് പർദയിട്ടുവന്ന മൂന്ന് ഹൈസ്കൂൾ വിദ്യാർഥിനികളെ കഴിഞ്ഞയാഴ്ച സരോവരത്തുനിന്ന് ജീവനക്കാർ തിരിച്ചയച്ചിരുന്നു.
നഗരത്തിന്റെ പച്ചലോകം
കോഴിക്കോട് കടപ്പുറവും മാനാഞ്ചിറയും കഴിഞ്ഞാൽ ഏറ്റവുംകൂടുതൽപേരെത്തുന്ന വിനോദസഞ്ചാരകേന്ദ്രമാണ് 98 ഏക്കറിലായി പരന്നുകിടക്കുന്ന, പക്ഷിസങ്കേതവും ചിൽഡ്രൻസ് പാർക്കുമെല്ലാം ഉൾപ്പെട്ട സരോവരം ബയോപാർക്ക്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിക്കുന്നതിനും പ്രഭാത-സായാഹ്ന സവാരികൾക്കുമെല്ലാം ഏറ്റവുംകൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന നഗരത്തിലെ പ്രധാന ഇടങ്ങളിലൊന്ന്. നഗരത്തിന്റെ ശ്വാസകോശമാണിത്. നഗരത്തിലൊരിടത്തും കാണാത്ത ഒട്ടേറെ ജൈവ വൈവിധ്യങ്ങളുമുണ്ടിവിടെ.
ദസഞ്ചാരവകുപ്പിന്റെ 72 ലക്ഷം രൂപയും ഡി.ടി.പി.സി.യുടെ തനതുഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും എ. പ്രദീപ് കുമാർ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന് 20 ലക്ഷംരൂപയും വകയിരുത്തി നവീകരണപ്രവൃത്തികൾ നടന്നുവരുകയാണ്. പുൽത്തകിടി നവീകരണത്തിന്റെ ഭാഗമായി ലാൻഡ് സ്കേപ്പിങ് ഏതാണ് പൂർത്തിയായിക്കഴിഞ്ഞു. ഒഴിഞ്ഞുകിടന്ന കെട്ടിടം കഫേറ്റരിയയ്ക്കായി വിട്ടുനൽകി. 24 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. പുതിയ വിളക്കുകളും സ്ഥാപിച്ചു. ബോട്ടിങ് സെന്ററിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
കുട്ടികൾ എവിടേക്കാണ് പോവുന്നതെന്ന് രക്ഷിതാക്കൾ അറിയണം എ.വി. ജോർജ് (സിറ്റി പോലീസ് കമ്മിഷണർ)
സരോവരം ബയോപാർക്ക് ഉൾപ്പെടെ നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരേ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണം. സ്കൂളിലേക്കെന്നുപറഞ്ഞ് വീട്ടിൽനിന്നിറങ്ങുന്ന കുട്ടികൾ എങ്ങോട്ടാണ് പോകുന്നതെന്നത് സംബന്ധിച്ച് ഉറപ്പുവരുത്താനുള്ള ധാർമിക ഉത്തരവാദിത്വം അവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉണ്ട്. പ്രായപൂർത്തിയാവാത്ത സ്കൂൾ വിദ്യാർഥിനികൾ ചൂഷണത്തിന് വിധേയമാവുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സരോവരത്ത് ഉൾപ്പെടെ മഫ്തി പോലീസിനെ നിയോഗിച്ചിരുന്നു. അവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ഇതിനകം തീരുമാനമായിട്ടുണ്ട്. പിങ്ക് പോലീസിന്റെയും യൂണിഫോമിലുള്ള പട്രോളിങ് സംഘത്തിന്റെയും നിരീക്ഷണവും പ്രദേശത്തുൾപ്പെടെ കാര്യക്ഷമമാക്കും.