‘പാടാനൊരു വീണയും പാനപാത്രം നിറയെ വീഞ്ഞും പ്രാണസഖീ നീയും എന്നരികിലുണ്ടെങ്കിൽ പാരിടം എനിക്കൊരു സ്വർലോകം’ ഇത്‌ പറഞ്ഞത്‌ ഒമർ ഖയ്യാം.
പാടാനൊരു സിതാറും പാനപാത്രം നിറയെ കട്ടൻചായയും പ്രാണസഖി (ഏകാന്തത) നീയും എന്നരികിലുണ്ടെങ്കിൽ ‘പാട്ടിടം’ എനിക്കൊരു സ്വർലോകം എന്ന്‌ അല്ലിയാമ്പൽക്കടവിലിരുന്ന്‌ അന്ന്‌ മാറ്റിപ്പറഞ്ഞത്‌ നമ്മുടെ ജോബ്‌മാസ്റ്റർ! ഏകാന്തതയുടെ നിമിഷതീരങ്ങളിൽ സിതാർ തന്ത്രികളെ താലോലിച്ച്‌ കട്ടൻചായയെന്ന ഇഷ്ടപാനീയം തുടരെതുടരെ കുടിച്ചുകൊണ്ടാണത്രെ അദ്ദേഹം അനുപമസുന്ദരങ്ങളായ ഈണങ്ങളത്രയും സൃഷ്ടിച്ചത്‌. മലയാളചലച്ചിത്ര സംഗീത ചരിത്രത്തിലെ ‘പ്രഥമഗണനീയ സംഗീത ജോഡി ജോബ്‌ ആൻഡ്‌ ജോർജി’ലെ കെ.വി. ജോബ്‌ മെലഡിയായപ്പോൾ ജോർജ്‌, റിഥം ആകുകയായിരുന്നു.

ജോബിന്റെ സർഗസംഗീതസ്മരണകൾക്ക്‌ ബുധനാഴ്ച പതിന്നാലുവയസ്സ്‌!

1964ൽ, മലയാളസിനിമയിലെ 32-ാമത്‌ സംഗീതസാക്ഷാത്‌കാരനായാണ്‌ ജോബ്‌ മാഷ്‌ മലയാളമനസ്സിൽ അവതരിക്കുന്നത്‌. ഒരാൾകൂടി കള്ളനായി എന്ന ചലച്ചിത്രത്തിലൂടെ.
‘അയാളിൽ സംഗീതമില്ല അതിനാൽ അയാൾ അപകടകാരിയായിരിക്കും’ കാഷ്യസിനെക്കുറിച്ച്‌ സീസർ പറഞ്ഞ ഈ വചനം ജോബ്‌മാസ്റ്റർ ഇടയ്ക്കിടെ ആവർത്തിക്കുമായിരുന്നു! ശാന്തമായ സ്വന്തം പ്രകൃതവും സംഗീതവും കൊണ്ട്‌ അദ്ദേഹം സീസറിനെ പ്രത്യക്ഷരം ഉത്തമമായി ഇങ്ങനെ ഉദാഹരിച്ചിട്ടുമുണ്ട്‌.

അന്തർമുഖത്വം മിതഭാഷിത്വം, സ്വപ്നാടനം ഒക്കെയായി കുചേലയോഗമുള്ള കുലീനവ്യക്തിത്വം എന്ന്‌ ഗാനഗന്ധർവൻ യേശുദാസ്‌ ജോബ്‌മാസ്റ്ററുടെ സംഗീതാത്മകം നിർവചിക്കുന്നു. കേവലം പത്തു സിനിമകൾക്കുമാത്രം ഗാനങ്ങളൊരുക്കിയ ജോബ്‌ മാഷ്‌ 1965ൽ റോസിയെന്ന സിനിമയ്ക്കുവേണ്ടി ‘അല്ലിയാമ്പൽ’ വിരിയിച്ചെടുത്തപ്പോഴാണ്‌ (രചന പി. ഭാസ്കരൻ) മലയാളി ആ ആമ്പൽക്കടവിൽനിന്ന്‌ കുളിരണിയുന്നത്‌. വൈണികനായി തന്റെ കർണാടക സംഗീത പാരമ്പര്യവും സിതാറിസ്റ്റായി തന്റെ ഹിന്ദുസ്ഥാനി സംഗീത പാരമ്പര്യവും ഹാർമോണിസ്റ്റായി ഇവ രണ്ടും ഇണചേരുന്ന ഒരു മണിപ്രവാള സംഗീത പാരമ്പര്യവും ജോബ്‌മാഷിൽ സമന്വയിക്കപ്പെട്ടിരുന്നു. സംഗീതം, ജോബിന്‌ ഒരു ജോബ്‌ (ജോലി) ആയിരുന്നില്ല. മറിച്ച്‌ ഉപാസനയായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ജീവിതരേഖാകാരനായ (അല്ലിയാമ്പൽക്കടവിൽ ഗ്രന്ഥകാരൻ) ഫാദർ വില്യം നെല്ലിക്കൽ കുറിച്ചിടുന്നുണ്ട്‌.

എട്ടാംക്ളാസിൽ പഠിത്തം നിർത്തിയ കെ.വി. ജോബ്‌ എസ്‌.എം. രാജഗോപാല ഭാഗവതർ, തൃപ്പൂണിത്തുറ രാഘവമേനോൻ, സംഗീതഭൂഷണം ശിവരാമൻനായർ എന്നീ ഗുരുക്കന്മാരിൽനിന്ന്‌ കർണാടക സംഗീതവും സിതാർഗുരു ജിതേന്ദ്രപ്രസാദിൽനിന്ന്‌ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചാണ്‌ ഏഴുസ്വരങ്ങളുടെ ഉപാസകനായത്‌. ‘മലബാർ മെയിൽ’ പ്രസ്സിൽ കംപോസിറ്ററായിരുന്ന കൊച്ചി സ്വദേശിയായ ഈ സംഗീതജ്ഞനെ മലയാളി ‘അല്ലിയാമ്പൽക്കടവി’ൽ തളച്ചിട്ടപ്പോഴും ‘തൊമ്മന്റെ മക്കളി’ലെ ‘ഞാൻ ഉറങ്ങാൻ പോകുംമുമ്പായ്‌...’ എന്ന ബാബുരാജിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട പ്രശസ്ത ഗാനത്തിന്റെയും ‘ചായക്കടക്കാരൻ ബീരാൻ കാക്കേടെ മോളൊരു ചീനപ്പടക്കം’ ‘പൂവുകൾതേടും പൂമ്പാറ്റേ’, കിനാവിലെന്നും ഇക്കിളിക്കൂട്ടും’ (തൊമ്മന്റെ മക്കൾ) തുടങ്ങി ഒട്ടേറെ ചലച്ചിത്രഗാനങ്ങളിലൂടെയും നല്ലൊരു മ്യൂസിക്‌ കംപോസർ ആകുകയായിരുന്നു. ‘ഒരാൾകൂടി കള്ളനായി’യിൽ തുടങ്ങി (1962) പെരിയാർവരെ (1973) പത്തുപതിനൊന്നു വർഷത്തിനുള്ളിൽ  ഏകദേശം പത്തു ചലച്ചിത്രങ്ങളിലൂടെ മാത്രമല്ല ജോർജ്‌ പള്ളത്താനയെന്ന താളവാദ്യ കലാകാരനോടൊത്തുചേർന്ന ആ സംഗീതവ്യക്തിത്വം വിടർന്നതും പടർന്നതും.

കേരള ലത്തീൻ ഹയറാർക്കിയുടെ ആരാധനാക്രമ സംഗീത ചരിത്രത്തിലും നാടകഗാന ചരിത്രത്തിലും ജോബും ജോർജും ചേർന്ന ഈ സംഗീതജോഡി ‘ജോർ’ ആയി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ലത്തീൻസഭയുടെ ആരാധനാമുഹൂർത്തങ്ങൾ ദിവ്യപരിവേഷമണിയുന്നത്‌ ഈ സംഗീതജോഡിയുടെ സുന്ദര സ്വര സ്വർഗീയ ഈണങ്ങളിലൂടെയാണ്‌. ‘കർത്താവേ ആഴത്തിൽനിന്നുമിപ്പോൾ’..., ‘നിത്യമാം പ്രകാശമേ...’ ‘നീർച്ചാലുകൾതേടി നടക്കും’, ‘വരുവിൻ ധന്യവിശുദ്ധന്മാരെ’ തുടങ്ങിയ പരേതസ്മരണാഗീതങ്ങൾ, വിശുദ്ധവാരഗാനങ്ങൾ ഒക്കെയും എറണാകുളത്തെ ആസാദ്‌ ആർട്‌സ്‌ ക്ളബ്ബിലൂടെ, ഡോൺബോസ്കോ കലാസമിതിയിലൂടെ പിന്നീട്‌ കൊച്ചിൻ ആർട്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻസ്‌ എന്ന ‘സിഎസി’യിലൂടെ വളർന്ന ജോബ്‌ ആൻഡ്‌ ജോർജ്‌ കൂട്ടുകെട്ടിന്റെ വിഖ്യാത സംഗീതസൃഷ്ടികളാണ്‌. ജോബ്‌ മാസ്റ്റർ എന്ന സംഗീതസ്മരണയ്ക്ക്‌ ബുധനാഴ്ച പതിന്നാലുവയസ്സാകുമ്പോൾ മാഷിന്റെ മകൻ അജയ്‌ ജോസഫ്‌ പുതിയ പുതിയ അല്ലിപ്പൂക്കളും ലില്ലിപ്പൂക്കളുമായി സംഗീതസംവിധാന രംഗത്തെത്തുന്നു എന്ന്‌ പ്രത്യേകതകൂടിയു​ണ്ട്‌..