ജീവിതത്തിലൊരിക്കൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽപ്പെടുത്തേണ്ട സ്ഥലമേതാണെന്നു ചോദിച്ചാൽ തീർച്ചയായും
ഹിമാചലിലെ പ്രാസാർ തടാകവും തടാകക്കരയിലെ പുരാതനക്ഷേത്രവും മറക്കില്ല. ഡൽഹിയിൽനിന്ന്‌ ജമ്മു-കശ്മീർ, കാർഗിൽ, ലേ, ലഡാക് വഴി ബൈക്ക് യാത്ര ചെയ്യുന്നവരും. കുളു-മണാലി പാക്കേജ് പ്രകാരം യാത്ര ചെയ്യുന്നവരും ഈ സ്ഥലത്തേക്ക് പോവാൻ മറക്കരുത്.

 മണാലിയിൽനിന്ന് 105 കിലോമീറ്ററാണ് അവിടേക്ക്. കുളുവിലേക്കുള്ള റോഡിലൂടെയാണ് ആദ്യം പോവേണ്ടത്. മാണ്ഡിയിൽനിന്ന്‌ ഇവിടേക്ക് ബസ് റൂട്ട് ഉണ്ട്. ഹിമാചൽപ്രദേശ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസും ഉണ്ട്. അല്ലാതെ കാറുകളും ബൈക്കുകളും ചെറിയ ബസുകളും മാത്രം പോവുന്ന ഒരു വഴി വേറെയുമുണ്ട്. ഇതു വഴി ബൈക്കിലാണെങ്കിൽ ബൈക്കിങ്ങിന്റെ ഹരവും ഒരേകാന്തപാതയിലൂടെ സഞ്ചരിക്കുന്ന അനുഭവവും അവിസ്മരണീയമാണ്.

    ഗ്രാമംകടന്ന് മലനിരകളിലേക്ക് കടക്കുമ്പോൾ യാത്രയുടെ സ്വഭാവം മാറും. ഒരു സ്വപ്നഭൂമിയിലൂടെ, പ്രകൃതിയുടെ അലൗകിക സൗന്ദര്യത്തിലൂടെ... ഇടയ്ക്ക് ചെറിയ ഗ്രാമങ്ങൾ, കാബേജും ചോളവും കൃഷിചെയ്യുന്ന കൃഷിയിടങ്ങൾ... 50 കിലോമീറ്റർ പിന്നിടുമ്പോൾ ബജോറയിലെത്തും. ഹെയർപിൻ വളവുകൾ താണ്ടി മലമ്പാതയിലൂടെയുള്ള യാത്ര അല്പം സാഹസികമാണ്. കുറച്ചുദൂരത്തെ ടാറിങ് കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് കുണ്ടും കുഴികളും നിറഞ്ഞ് റോഡെന്ന്‌ വിളിക്കാൻ പറ്റാത്ത അവസ്ഥ. ഇടയ്ക്ക് നദി കടക്കണം. മഞ്ഞുരുകി വെള്ളം പൊങ്ങിയാൽ പെട്ടുപോകും. ചുറ്റും കോട്ടകെട്ടിയപോലെ മലനിരകൾ, സ്ളേറ്റ് കല്ലുകൾകൊണ്ട് മേഞ്ഞ കുഞ്ഞുവീടുകൾ. ഇടയ്ക്ക് പൈൻമരക്കാടുകൾ, കോടമഞ്ഞും കാറ്റും തഴുകിയെത്തുന്നു. സമുദ്രനിരപ്പിൽനിന്ന്‌ 9000 അടി ഉയരത്തിലേക്കാണ് പോവുന്നത്. മണാലിയിൽനിന്ന്‌ പത്തുമണിക്ക് തുടങ്ങിയ യാത്ര ഇത്ര ദൂരം പിന്നിടുമ്പോഴേക്കും നാലുമണിയെങ്കിലുമാവും. നാട്ടിലാണെങ്കിൽ മൂന്നുമണിക്കൂറുകൊണ്ടെങ്കിലും തീരാവുന്ന ദൂരം. റോഡിന്റെ അവസ്ഥ ഇതിൽനിന്ന്‌ ഊഹിക്കാമല്ലോ

 അല്പം നിരപ്പാർന്നൊരു സ്ഥലത്തെത്തും. ഇവിടെവരെയേ വാഹനങ്ങൾ പോവൂ. നാന്നൂറു മീറ്റർ ട്രക്കിങ്ങാണ് പിന്നെ.  വഴിക്കെവിടെ വേണമെങ്കിലും നമുക്ക് ടെന്റടിക്കാം. കിടക്കാം. ആരാടാ എവിടുന്നാടാ എന്നൊന്നും ചോദിക്കാനാരും വരില്ല. അമ്പലവും ക്ഷേത്രവും എത്തുമ്പോൾ നമ്മൾ വേറൊരു ലോകത്തെത്തിയപോലെ. ഒരു വലിയ മരനിരങ്ങൾക്ക്‌ നടുവിൽ ഒരു കുഴിയിലെന്നപോലെയുള്ള താഴ്വരയിലാണ് തടാകം. ഭീമസേനൻ ചവിട്ടിത്താഴ്ത്തിയ കുഴിയാണിതെന്നും ഇതിന്റെ ആഴം തിട്ടപ്പെടുത്തിയിട്ടില്ലെന്നും ഐതിഹ്യം. തടാകത്തോട് ചേർന്ന് മൂന്നുനിലയുള്ള ഒരു പഗോഡയുടെ ആകൃതിയിൽ ഋഷിപരാശരന്റെ ക്ഷേത്രവും.

തടാകത്തിലൊരു പുൽത്തുരുത്തും കാണാം. ഇത് ഒഴുകിനടക്കുന്ന തുരുത്താണ്. രാവിലെ കണ്ടിടത്തായിരിക്കില്ല വൈകീട്ട്. ചിലപ്പോൾ വളരെ വേഗംതന്നെ ഇതിങ്ങനെ മാറും. ചിലപ്പോൾ മാസങ്ങൾ കൊണ്ടായിരിക്കും മാറുന്നത്. അതാണിവിടുത്തെ അദ്ഭുതക്കാഴ്ച.

 ബസിൽ വരാൻ രാവിലെ എട്ടുമണിക്ക് മാണ്ഡിയിലെത്തണം. പതിനൊന്നു മണിയോടെ ബസ് ഇവിടെയെത്തും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരിച്ചുപോവുക. ഈ ഒരൊറ്റ ബസ് മാത്രമേയുള്ളൂ. അല്ലെങ്കിൽ മാണ്ഡിയിൽനിന്ന് ടാക്സി വിളിച്ചു വരാം. അവിടെനിന്ന് ഗസ്റ്റ്ഹൗസും ബുക്ക് ചെയ്തു വന്നാൽ സൗകര്യമായി. ചില ഹോംസ്റ്റേകളും ഇതിനടുത്തുണ്ട്. വനം വകുപ്പിന്റെ ഗസ്റ്റ്ഹൗസ് ബുക്ക് ചെയ്യാൻ മാണ്ഡിയിലെ ഡി.എഫ്.ഒ. ഓഫീസിൽ പോവണം. പി.ഡബ്ള്യുഡി. ഗസ്റ്റ് ഹൗസ് ഓൺലൈനിൽ ബുക്ക് ചെയ്യാം.

തടാകത്തിലിറങ്ങാതിരിക്കാനായി വേലി കെട്ടിയിട്ടുണ്ട്. ക്ഷേത്ര മഞ്ഞുകാലത്ത് മറ്റൊരു ഭാവമായിരിക്കും ഈ തടാകത്തിന്. എല്ലാ ഋതുഭേദങ്ങളിലും സൗന്ദര്യത്തിന്റെ വ്യത്യസ്ത മുഖങ്ങളുമായാണ് പ്രാസാർ നിങ്ങളെ വരവേൽക്കുക. മഞ്ഞുകാലത്ത് ട്രക്കിങ് മാത്രമേ പറ്റൂ. പൗർണമിനാളിൽ ഇവിടം ശരിക്കും സ്വർഗതുല്യമാവും. തെളിഞ്ഞ ആകാശവും ചന്ദ്രികപരന്നൊഴുകുന്ന നീലരാവും തടാകത്തിൽ പ്രതിബിംബിക്കുന്ന കാഴ്ച മധുരതരമായിരിക്കും. മഞ്ഞും പൗർണമിയും സമ്മേളിക്കുമ്പോൾ  ക്ഷേത്രവും പരിസരവും അലൗകികഭാവമണിയും. ജൂൺ 14, 16 ദിവസങ്ങളിൽ നടക്കുന്ന പ്രാഷാർ മേള പ്രശസ്തമാണ്.