ശ്രീനാരായണഗുരു കോളേജിൽ ശ്രീനാരായണ സ്റ്റഡിസെന്ററിന്റെ നേതൃത്വത്തിൽ ഗുരുവിജ്ഞാനീയം ത്രിദിനപ്രദർശനം ആരംഭിച്ചു. എ. ലാൽസലാം ശേഖരിച്ച പുസ്തകങ്ങളും സന്ദേശങ്ങളും ചിത്രങ്ങളുമാണ് പ്രദർശനത്തിനുള്ളത്.
ഗുരുവിന്റെ വ്യത്യസ്ത ഭാഷകളിലായുള്ള 1500-ഓളം പുസ്തകങ്ങൾ, നൂറുപേരുടെ ദൈവദശകം വ്യാഖ്യാനം, ഗുരുവിന്റെ 150 ഓളം  ചിത്രങ്ങൾ, ഗുരുവാക്യങ്ങൾ എന്നിവ പ്രദർശനത്തിനുണ്ട്. ഇരുപത്തിയഞ്ച് വിഭാഗങ്ങളിലായി കവിത, നോവൽ, നാടകം, തിരക്കഥ, ഓട്ടൻതുള്ളൽ, കരോൾ പാട്ട്, യാത്രാവിവരണം അമർചിത്രകഥ എന്നിവയും പോളിഷ്, അറബി ഭാഷകളിലുള്ള പുസ്തകങ്ങളുമുണ്ട്. ഗുരുദേവനും സഹോദരൻ അയ്യപ്പനും ചേർന്നുള്ള നൂറ്റിരണ്ട് വർഷം പഴക്കമുള്ള അപൂർവ ഫോട്ടോയും പോളിഷ് എഴുത്തുകാരി ഹന്ന ഉർബൻസ്ക ഗുരുദേവനെക്കുറിച്ച് പഠനം നടത്തിയ വിവരണവും ഉണ്ട്.
1951-ൽ ശ്രീലങ്കയിൽ നിന്ന് പുറത്തിറക്കിയ ചതയോപഹാരം സുവനീറുൾപ്പെടെ ഗുരുദേവസംബന്ധിയായ നിരവധി ഗ്രന്ഥങ്ങളാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്. ലാൽസലാം നേരത്തേ ഇരുപതോളം സ്ഥലങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്. എസ്.എൻ.ജി. കോളേജിന്റെ സുവർണ ജൂബിലി വർഷത്തോടനുബന്ധിച്ച്് നടക്കുന്ന പ്രദർശനം ഒക്ടോബർ ആറിന് സമാപിക്കും.