: പള്ളിയില്ലായിരുന്ന അവർ കോമൺവെൽത്ത് ഓട്ടുകമ്പനിയുടെ ഓഫീസ് മുറിയോടുചേർന്ന ഹാളിൽ കൂടിയിരുന്ന് വേദനയോടെ പ്രാർഥിച്ചു; പതിനൊന്നുപതിറ്റാണ്ടുമുമ്പ്. റവ. യൗസ് സായ്‌വ് നേതൃത്വം നൽകി. നഗരത്തിൽ അവർക്ക് തലയുയർത്തിനിൽക്കുന്ന പള്ളിയുണ്ടായി. 1931-ൽ നവീകരിക്കപ്പെട്ടു. മലബാറിന്റെ വികസനത്തിന് നേതൃപരമായ പലപങ്കും വഹിച്ച ബാസൽ മിഷൻ മിഷണറി റവ. ടി.എച്ച്. ഷോഫ്ളറിന്റെ സ്മാരകമായി പുതിയറയിൽ സ്ഥാപിക്കപ്പെട്ട സി.എസ്.ഐ. പള്ളി ഇന്ന്് അഞ്ഞൂറിലേറെ കുടുംബങ്ങളുടെ ആരാധനാലയമാണ്; 1500 അംഗങ്ങൾ.
സാമ്പത്തികമുൾപ്പെടെ ഒരുനാടിന്റെ വളർച്ചയ്ക്ക് മാർഗദർശനമേകിയ ചരിത്രവും ഈ ആരാധനാലയത്തിന് സ്വന്തം. മലബാർ ക്രിസ്ത്യൻ കോളേജിന്റെപോലും പ്രാരംഭപ്രവർത്തനങ്ങൾക്ക് പങ്കുവഹിച്ചയാളാണ് റവ. ഷോഫ്ളർ. നെയ്ത്തുമുറി എന്ന പേരിൽ കോമൺവെൽത്ത് ടെക്‌സ്റ്റൈൽസ് ആരംഭിച്ച് നാട്ടിൽ പട്ടിണിയകറ്റിയ ബാസൽ മിഷണറിമാർ, തൊഴിലിനായി പുതിയറയിൽ ടൈൽ ഫാക്ടറി തുടങ്ങി.
പഴയ കോഴിക്കോട്-ചേവായൂർ സഞ്ചാരമാർഗമായിരുന്ന 50-ാം നമ്പർ റോഡിന്റെ വലതുവശത്താണ് ചുവരുകളിൽപോലും തൂവെണ്മനിറഞ്ഞുനിൽക്കുന്ന പള്ളി. മുമ്പ് മാനാഞ്ചിറ കത്തീഡ്രൽ പള്ളിയുടെ ഭാഗമായിരുന്ന സഭ 1908 മുതലാണ് സമ്പൂർണ വിശ്വാസസമൂഹമായിമാറുന്നത്. പിന്നീട് ഇവർ പൊറ്റമ്മലിൽ 133 ബ്രിട്ടീഷ് ഉറുപ്പിക എട്ടണ ഒമ്പതുപൈസയ്ക്ക് സർക്കാർ അനുമതിയോടെ സെമിത്തേരി വാങ്ങി.
ഇല്ലായ്മകളുടെ കാലത്ത് ഇടവകയെ നയിച്ച ഷൗഫ്ളർ മിഷണറിയുടെ സ്മാരകമായാണ് പള്ളിയുടെ പ്രതിഷ്ഠ നിർവഹിച്ചിരിക്കുന്നത്.
മതസൗഹാർദത്തിനും പള്ളി അതിന്റേതായവിധം സമാനതകളില്ലാത്ത സഹകരണമാതൃകകളൊരുക്കുന്നുണ്ട്. പറയഞ്ചേരി അയ്യപ്പൻവിളക്കും പള്ളിയിലെ കൊയ്ത്തുത്സവവും മറ്റും പരസ്പരപൂരകമായി ആഘോഷിക്കപ്പെടുന്നത് ഉദാഹരണം. ദൈവവചനം കാലിനു ദീപവും പാതയ്ക്കു പ്രകാശവുമായാൽ മനുഷ്യർ തമ്മിൽ ഭിന്നതയ്ക്കിടമില്ല എന്നതിന് തെളിവ്.
1834 ഒക്ടോബർ 13-ന്റെ സായാഹ്നനേരം സാമുവേൽ ഹൊബിക്ക്, റവ. ജോൺ ലേനർ, റവ. ക്രിസ്തോഫ് റെയ്‌നർ എന്നിവരുടെ കപ്പൽ കോഴിക്കോട് കടപ്പുറത്ത് നങ്കൂരമിട്ടതിന് നന്ദി. അവരായിരുന്നല്ലോ ആദ്യ ബാസൽ മിഷണറിമാർ. നാമിന്നുകാണുന്ന മലബാറിന് നന്നേ ചെറുപ്പമായിരുന്ന കാലം. പുതുസംസ്കാരവും സന്ദേശവുമായി സാഗരങ്ങൾക്കുമപ്പുറത്തുനിന്നുവന്ന പ്രൊട്ടസ്റ്റന്റുമിഷനറിമാർ ഇവിടെ മാറ്റങ്ങളുണ്ടാക്കി. നാട്ടിൽ മാറ്റങ്ങളുടെ ശൃംഖല. അതിലൊരുകണ്ണിയാണ് പുതിയറപള്ളി. കോഴിക്കാട് മൂപ്പയോഗത്തിൽ റവ. ജോനസ് പടിയത്ത് അയ്യന്റെ (അച്ചൻ എന്നതിന്റെ പഴയരൂപം) നേതൃത്വത്തിൽ ആരംഭിച്ച പുതിയറയിലെ ആരാധനയാണ് നാമിന്നുകാണുന്ന രൂപത്തിൽ എത്തിനിൽക്കുന്നത്; വിശ്വാസപ്രഭയിൽ.
1947 സെപ്‌റ്റംബർ 27 മുതൽ രൂപവത്കരിക്കപ്പെട്ട സി.ഐസ്.ഐ. സഭയുടെ ഭാഗമാണ് ഇപ്പോൾ പള്ളി. മഹായിടവക ബിഷപ്പ് റോയിസ് മനോജ് വിക്ടർ ആത്മീയാധ്യക്ഷൻ. റവ. ബിജു ജോൺ വികാർ ചെയർമാനും റെയ്‌നർ കുനിയത്ത് സെക്രട്ടറിയുമായാണ് ഇപ്പോൾ ഇടവകകമ്മിറ്റി പ്രവർത്തിക്കുന്നത്.
കാലവും ചരിത്രവും കൈകൂപ്പിനിന്ന ബാസൽ മിഷൻ സേവനങ്ങൾ അനുസ്മരിച്ച് ശനിയാഴ്ച രണ്ടിനുചേരുന്ന ആഘോഷങ്ങളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാവും. തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും മലബാർ ഡിസ്ട്രിക്ട് ബോർഡ് സംഘടിപ്പിക്കുന്ന ക്വയർ ഫെസ്റ്റുമുണ്ടാവും.