അന്നംതന്നെ ദൈവം. എഴുപതിന്റെ നിറവിലും ശാരീരികക്ഷീണം വകവെക്കാതെ അന്നം നൽകി മുന്നോട്ടുപോകുന്ന മാതൃമനസ്സിന് വന്ദനം. നഗരത്തിരക്കിൽ പലർക്കും നിത്യേന ന്യായവിലയ്ക്ക് അന്നമേകുന്ന പി.എം. സരോജിനിയമ്മയ്ക്ക് ആദരത്തിന്റെ നല്ല നിമിഷങ്ങൾ .
മാതൃഭൂമിയിൽ ഒരുക്കിയ സമാദരണച്ചടങ്ങിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ മുഖ്യാതിഥിയായി. ‘‘എന്റെ അമ്മയും അനേകരെ അന്നമൂട്ടിയിട്ടുണ്ട്. അന്നദാനപുണ്യമുള്ള എന്റെ അമ്മയുടെ മുലപ്പാലിന്റെ മധുരത്തിൽനിന്നാണ് എന്റെ സംഗീതമുണ്ടായത്. പത്തുവർഷം മുമ്പ് എന്നെ തനിച്ചാക്കി എന്റെ അമ്മ വേർപെട്ടു. ഈ അമ്മയിൽ ഞാൻ എന്റെ അമ്മയെ കാണുന്നു. സ്നേഹത്തോടെ, സ്വാദോടെ അനേകരെ അന്നമൂട്ടിയ അമ്മ തൃപ്തിയാണ് വിളമ്പിയത്. തിരുവനന്തപുരത്ത് കാറ്ററിങ് ചെയ്യുന്ന സുകുമാരിച്ചേച്ചിയെ പലരും പുകഴ്ത്തുമ്പോഴും തൃപ്തിയുടെ ചെറുപുഞ്ചിരി മാത്രമായിരുന്നു എന്റെ അമ്മ വിളമ്പിയത്. മനുഷ്യന്റെ ഏറ്റവും വലിയ ധനമാണ് അമ്മ. ഈ അന്നപൂർണേശ്വരിയെ ഞാൻ നമിക്കുന്നു.’’ -സരോജിനിയമ്മയുടെ കാൽ തൊട്ടുവണങ്ങി ജയചന്ദ്രൻ പറഞ്ഞു.
‘അമ്മ മഴക്കാറിന് കൺ നിറഞ്ഞു, ആ കണ്ണീരിൽ ഞാൻ നനഞ്ഞു’ -പാടിയ ശേഷം ഗായകൻ അമ്മയ്ക്ക് ഉപഹാരം നൽകി. ‘‘ഭാഗ്യമായി, സന്തോഷമായി. മാതൃഭൂമിക്ക് വലിയ നന്ദി. കുറെ ആൾക്കാർ വാർത്തകണ്ട് വിളിച്ചു...’’ ഇത്രയുമായപ്പോൾ സരോജിനിയമ്മയുടെ വാക്കുകൾ മുട്ടി. വിതുമ്പിപ്പോവുമെന്നായപ്പോഴേക്കും മൊബൈലിൽ കോൾ വന്നു. അഞ്ചുപേർക്ക്് ഭക്ഷണം വേണം. വൈകുന്നേരം നല്കാമെന്ന് ഒപ്പമുണ്ടായിരുന്ന മരുമകൾ ശ്രീജയുടെ കൈപിടിച്ച് സരോജിനിയമ്മയുടെ ഉറപ്പ്.
ആദാമിന്റെ ചായക്കട എം.ഡി. അനീസ് ആദം, പാരഗൺ ഗ്രൂപ്പ് ജനറൽ മാനേജർ രത്നാകരൻ പാലോത്ത്, പുത്തലത്ത് കണ്ണാശുപത്രി എം.ഡി. ഡോ. സുരേഷ് പുത്തലത്ത് എന്നിവരും അമ്മയ്ക്ക് ഉപഹാരങ്ങൾ നൽകി. സബ് എഡിറ്റർ കൃഷ്ണപ്രിയ ടി. ജോണി, കണ്ടന്റ് റൈറ്റർ പി. ഭാഗ്യശ്രീ, സനൂപ് കിനാശ്ശേരി എന്നിവർ സരോജിനിയമ്മയ്ക്കും അമ്മ തയ്യാറാക്കുന്ന ഭക്ഷണം വീടുകളിലെത്തിക്കാൻ സഹായിക്കുന്ന ഓട്ടോ കോയക്കയ്ക്കും (കുണ്ടുക്കൽ കോയ ) ഉപഹാരങ്ങൾ നൽകി.
മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ് ആമുഖപ്രസംഗം നടത്തി. മാതൃഭൂമി ഓൺലൈൻ ആൻഡ് പീരിയോഡിക്കൽസ് എക്സിക്യുട്ടീവ് എഡിറ്റർ ഒ.ആർ. രാമചന്ദ്രൻ, അസി. പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ കെ.ആർ. പ്രമോദ്, ന്യൂസ് എഡിറ്റർ കെ. സജീവൻ, എൻ. ശ്രീനിവാസൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് ചാലപ്പുറം മുതൽ കല്ലായി വരെയുള്ള വീടുകളിലും ഫ്ലാറ്റുകളിലും ആവശ്യക്കാർക്ക് ഭക്ഷണമെത്തിക്കുന്ന അമ്മയുടെ വാർത്ത നവംബർ 13-നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്.