: ടൈൽസ് പാകിയ ശില്പങ്ങൾ ചാരുതപകരുന്ന നടപ്പാതകൾ, കല്ലിലും മരത്തിലുമെല്ലാം തീർത്ത ഇരിപ്പിടങ്ങൾ, രാത്രിയിൽ തൂവെള്ളവെളിച്ചം പകരുന്ന വിളക്കുകൾ, സായാഹ്നങ്ങൾ കുടുംബസമേതം ചെലവഴിക്കാൻ ഇതരജില്ലകളിൽ നിന്ന് വരെ ആളുകളെത്തുന്ന കോഴിക്കോട് നഗരത്തിന്റെ കടലോരത്തെ കണ്ണിന് കുളിർമ പകരുന്ന കാഴ്ചകളാണിവ. എന്നാൽ കോതി മുതൽ പുതിയാപ്പവരെ നീളുന്ന കടലോരത്ത് ഈ കാഴ്ചകളുടെയെല്ലാം മറുപുറമുണ്ട്. പ്ലാസ്റ്റിക് മുതൽ ഇ-വേസ്റ്റ്‌ വരെയുള്ള മാലിന്യ കൂന്പാരങ്ങളാണിവിടെയെല്ലാം. മഴക്കാലങ്ങളിൽ പകർച്ചവ്യാധികൾ പടരുമ്പോൾ ഇവയെല്ലാം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കോതിപ്പാലംകടന്ന് പുലിമുട്ടിന് സമീപത്തെ കടലോരത്തെത്തിയത്. പാലത്തിന് വലതുവശത്തെ ഇടുങ്ങിയ റോഡിലൂടെ കടൽക്കരയിലെത്തിയപ്പോൾ ആദ്യം വരവേറ്റത് ചെറുതോണികൾക്കരികിൽ കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെയും ബിയർ ബോട്ടിലുകളുടെയും കൂട്ടമാണ്. പുലിമുട്ടിനരികിൽ കടൽഭിത്തിയുടെ മുകൾഭാഗം വരെയെത്തിയിട്ടുണ്ട് മാലിന്യക്കൂമ്പാരം.!! പ്ലാസ്റ്റിക് കവറുകൾ മുതൽ യന്ത്രഭാഗങ്ങൾവരെ അവയ്ക്കിടയിലുണ്ട്.

‘‘ പുലർച്ചെ വന്ന് നോക്കിയാൽ ഇതെല്ലാം ചെളിപുരണ്ട് കിടക്കുന്നത് കാണാം. നല്ല കയമുണ്ടായിരുന്ന കടൽഭാഗമാണ് ഓരോരുത്തര് മാലിന്യംകൊണ്ടിട്ട് ഓവുപോലെ ആക്കിയത്. തുണിയുംമറ്റും എൻജിനിന്റെ ഫാനിൽ കുടുങ്ങി കുറെ വള്ളങ്ങൾ തകരാറിലായിട്ടുണ്ട്. തോണി കടലിലേക്ക് തള്ളിക്കൊണ്ടുപോവാനാത്ത സ്ഥിതിയാണ്. മത്സ്യത്തൊഴിലാളിയായ ചക്കുംകടവ് സ്വദേശി ജംഷീർ ദുരവസ്ഥ വിവരിച്ചു.

സൗത്ത് ബീച്ചിലെ പെട്രോൾപമ്പിന് സമീപത്തെത്തിയപ്പോൾ അവിടെ കടലിന് അഭിമുഖമായി കണ്ടത് മാലിന്യത്തിന്റെ ചാകര. തെർമോകോൾ, ചെരിപ്പ്, തുണി, പ്ലാസ്റ്റിക് കവർ, ബാഗ്, കുപ്പി, ട്യൂബ്‍ലൈറ്റ്, ഹെൽമെറ്റ്... തുടങ്ങി പഴയ വാഷ്ബേസിനും ക്ലോസറ്റും ടി.വി.യും വരെ അവയ്ക്കിടയിലുണ്ട്. കടൽഭിത്തിയോട് ചേർന്ന് കൊണ്ടുതള്ളി പ്ലാസ്റ്റിക് ചാക്കുകളിലേക്ക് ഒന്ന് എത്തിനോക്കിയപ്പോൾ അതിൽ സിറിഞ്ചും മരുന്നുകുപ്പികളും ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യം േവറെയുമുണ്ട്. അങ്ങിങ്ങായി കടലിലേക്ക് തുറന്നുകിടക്കുന്ന ഓവുകളിലൂടെ ദുർഗന്ധം വമിക്കുന്ന കറുത്തജലം അരുവിപോലെ ഒഴുകിയെത്തുന്നു.

‘ഇതൊന്നും നാട്ടുകാർ കൊണ്ടിടുന്നതല്ല. ഓരോരുത്തർ പുലർച്ചെ വണ്ടിയിലെത്തി ഇവിടെ തട്ടിപ്പോവുന്നതാണ്. കോർപ്പറേഷൻകാർ ഇതൊന്നും എടുക്കാറില്ല. ഇതൊന്നും വക വെക്കാതിരുന്നാൽ ജനങ്ങൾ രോഗം പിടിച്ച് ചാവില്ലേ? സൗത്ത് ബീച്ച് സ്വദേശി സാജുവിന്റെ വാക്കുകളിൽ രോഷം നിറഞ്ഞുനിന്നു.

സൗത്ത് ബീച്ചിൽനിന്ന് മടങ്ങാൻ തുടങ്ങുമ്പോഴാണ് ഒരാൾ നിർലജ്ജം കടലോരത്ത് മലവിസർജനം നടത്തുന്നത് കണ്ടത്.

വെള്ളയിൽ പുലിമുട്ടിന് അരികിലെത്തിയപ്പോൾ അതാ പരവതാനി വിരിച്ചപോലെ മാലിന്യം ചിതറിക്കിടക്കുന്നു. പുതിയാപ്പയിലെത്തുമ്പോഴേക്കും തുറമുഖത്തിന് ഒരു വശത്ത്, തീരദേശ പോലീസ് സ്റ്റേഷന് ഏതാനും മീറ്ററുകൾ കടലോരത്തേക്ക് മാറി മാലിന്യത്തിന്റെ ഒരുവലിയ നിരതന്നെ ദൃശ്യമായി. ഇതിലും ഭീകരമായിരുന്നു ഇവിടത്തെ അവസ്ഥയെന്ന് നാട്ടുകാർ പറഞ്ഞു.

പുതിയാപ്പയിൽ യന്ത്രവത്കൃതയാനങ്ങൾ നിർത്തിയിട്ടതിന് സമീപം ഒരുഭാഗം മാലിന്യം കൊണ്ടിട്ട് ചതുപ്പിന് സമാനമായിട്ടുണ്ട്. കൂട്ടിയിട്ട മാലിന്യത്തിനിടയിൽനിന്ന് ഭക്ഷ്യയോഗ്യമായത് തേടി കാക്കകളും കൊക്കുകളും കൊത്തി വലിക്കുന്നുണ്ടായിരുന്നു. കടലോരം മലിനമാവാതിരിക്കാൻ ആഘോഷപരിപാടികളിൽ നിന്ന് ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളുമെല്ലാം ഒഴിവാക്കാൻ അരയസമാജം തീരുമാനമെടുത്തിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളി നേതാവായ ഷൺമുഖൻ പറഞ്ഞു. കുടുംബശ്രീ വാടകയ്ക്ക് നൽകുന്ന സ്റ്റീൽപ്ലേറ്റുകളിലും ഗ്ലാസുകളിലുമാണിപ്പോൾ തീരദേശങ്ങളിലെ സത്‌കാരങ്ങളിൽ ഭക്ഷണവിതരണം നടക്കുന്നത്. തീരങ്ങളിൽ താമസിക്കുന്നവർ കടലോരം മലിനമാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.