കോഴിക്കോട്: പുവർ ഹോം സൊസൈറ്റിക്കുകീഴിൽ ചേവായൂർ ലെപ്രസി ഹോമിൽ ആം ഓഫ് ജോയ്‌ നിർമിച്ച ‘ആനന്ദവനം’ ഉദ്ഘാടനം ചെയ്തു. പോക്കാസ്രകത്ത് അബ്ദുള്ളയുടെ ഓർമയ്ക്കായാണ് ആനന്ദവനം നിർമിച്ചത്.

ഒന്നേമുക്കാൽ ലക്ഷം രൂപ ചെലവഴിച്ച് 26 ദിവസം കൊണ്ടാണ് കാടുപിടിച്ച മൂന്ന് സെൻറ്് സ്ഥലത്ത് പാർക്കിന്റെ പണി പൂർത്തിയാക്കിയത്. അന്തേവാസികൾക്ക് ഒത്തുകൂടാനും സംസാരിച്ചിരിക്കാനും സാധിക്കുന്ന വിധത്തിൽ ഏഴ് ബെഞ്ചുകളും കലാപരിപാടികളും മറ്റും നടത്താൻ ഒരു സ്റ്റേജും ഒരുക്കി. പാർക്കിന്റെ അതിരുകൾ കല്ലുകൊണ്ട് ഭംഗിയായി കെട്ടിയിട്ടുണ്ട്.

ഹോം വളപ്പിൽ മസ്ജിദും ക്ഷേത്രവുമുണ്ട്. ഇതിനോട് ചേർന്നാണ് ആനന്ദവനവും. പോക്കാസ്രകത്ത് അബ്ദുള്ളയുടെ ഭാര്യ സറീന അബ്ദുള്ള ആനന്ദവനം അന്തേവാസികൾക്ക് സമിർപ്പിച്ചു. ആം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി അനൂപ് ഗംഗാധരൻ, പുവർ ഹോം സൊസൈറ്റി പ്രസിഡന്റ് ടി.പി.എം. സാഹിർ, കാരാട്ട് വത്സരാജ്, ടി.പി. അശോകൻ എന്നിവർ സംസാരിച്ചു. ഭൗമദിനമായ തിങ്കളാഴ്ച ‘ആനന്ദവന’ത്തിൽ വൃക്ഷത്തൈകളും നട്ടു.