sajan.v.nambiar
പൊള്ളുന്ന മണ്ണും വിണ്ണും...സൂര്യതാപ മുന്നറിപ്പ്
നിലനില്‍ക്കുമ്പോഴും ഉച്ചവെയിലില്‍ ചുട്ടുപഴുത്തു
കിടക്കുന്ന ടാറിട്ട റോഡില്‍ ചെരിപ്പു പോലും
ഉപയോഗിക്കാതെ തലച്ചുമടുമായി പോകുന്ന
വയോധിക. പാളയത്തുനിന്നുള്ള ദൃശ്യം.
ഫോട്ടോ: സാജന്‍. വി.നമ്പ്യാര്‍

: ടൗൺഹാളിനുമുന്നിലെ ഉന്തുവണ്ടിയിൽനിന്ന് വത്തക്ക ചെത്തിയിട്ട വെള്ളം വാങ്ങിക്കുടിച്ചശേഷം തലയിൽക്കെട്ടിയ തോർത്ത്മുണ്ടുകൊണ്ട് അഷ്കർ മുഖമൊന്ന് തുടച്ചു. വെയിലേറ്റ് കരുവാളിച്ച മുഖത്തുനിന്നും വിയർപ്പുകണങ്ങൾ മഴത്തുള്ളി പോലെ ഊർന്നിറങ്ങി കുപ്പായത്ത‌ിന്റെ നനവ് കൂട്ടി. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി കുടിവെള്ളംവഹിച്ച കൈവണ്ടി വലിച്ചതിന്റെ അടയാളം ആ വയോധികന്റെ കൈകളിൽ തെളിഞ്ഞുകണ്ടു. തലയ്ക്കുമുകളിൽ കത്തിജ്വലിക്കുന്ന സൂര്യനെ അവഗണിച്ച് സുഹൃത്ത് മൻസൂറിനൊപ്പം കടകളിലെത്തിക്കാനുള്ള കുടിവെള്ളംനിറച്ച കൈവണ്ടിയുമായി അഷ്കർ നടന്നു നീങ്ങിയപ്പോൾ സമയം നട്ടുച്ചയോടടുത്തിരുന്നു.

പരമ്പരാഗതമായി കൈവണ്ടി വലിച്ചിരുന്ന കുടുംബത്തിന്റെ കുലത്തൊഴിൽ ഇന്നും തുടരുകയാണ് മുണ്ടാടിത്തറ അഷ്കറും പുളിക്കൽ മൻസൂറും. 54 കുടിവെള്ള വണ്ടികളുണ്ടായിരുന്ന നഗരത്തിൽ ഇപ്പോൾ നാലെണ്ണമേയുള്ളൂ. അതിൽ മുതിർന്നവരാണ് ഇരുവരും. വേനലിൽ ചുട്ടുപഴുത്തുകിടക്കുന്ന റോഡിൽ ചെരിപ്പുപോലുമിടാതെയാണ് ഇവർ കൈവണ്ടിയിൽ വലിച്ചെത്തിക്കുന്നത്.

: അഷ്‌കറിനോടും മൻസൂറിനോടും യാത്രപറഞ്ഞ്‌ വീണ്ടും ചൂടിനെ അതിജീവിക്കുന്നവർക്കിടയിലേക്ക്‌.

പാളയത്തെ തിരക്കിലൂടെ നടക്കുന്നതിനിടയിലാണ്‌ കറുത്തുമെല്ലിച്ച ഒരു രൂപം ആ ദേഹത്തേക്കാൾ ഭാരമുള്ള തലച്ചുമടുമായി പതിയെ നീങ്ങുന്നത്‌ കണ്ടത്‌. ജീവിതസായാഹ്നത്തിലും വിശപ്പകറ്റാൻ കത്തുന്ന വെയിൽ കൂസാതെ അധ്വാനിക്കേണ്ട അവസ്ഥയിലാണ്‌ എൺപത്തിനാലുകാരിയായ മുനിയമ്മ. ഈ കൊടും ചൂടത്തെങ്കിലും നിരത്തിലിറങ്ങാതിരുന്നുകൂടേയെന്ന ചോദ്യത്തിന്‌ അവശതയും നിസ്സഹായതയും നിറഞ്ഞ പുഞ്ചിരിമാത്രമായിരുന്നു മറുപടി.

പിന്നീട്‌ കണ്ടത്‌ നട്ടുച്ചനേരത്ത്‌ ടാഗോർഹാളിനുമുൻവശത്ത്‌ ഗുഡ്‌സ്‌ ഓട്ടോനിർത്തി പാചകവാതക സിലിൻഡറുകൾ പുറത്തേക്കെടുക്കുന്ന പറമ്പത്ത്‌ സ്വദേശി നവാസിനെയാണ്‌. രാവിലെ എട്ടിനും വൈകീട്ട്‌ അഞ്ചിനുമിടയിലുള്ള നെട്ടോട്ടത്തിനിടെ സമയനിയന്ത്രണത്തിന്റെ പേരുപറഞ്ഞ്‌ വിശ്രമിക്കാൻ തുനിഞ്ഞാൽ അടുപ്പിലെ കലത്തിൽ അരിവേവില്ലെന്ന്‌ ചിരിയോടെ മറുമൊഴി.

തുടർന്ന്‌ സൗത്ത്‌ ബീച്ച്‌ റോഡിലെ പാണ്ടികശാലകളിലേക്ക്‌. ‘പരമാനന്ദ്‌ ഗുലാബ്‌ ചന്ദ്‌’ കൊപ്രശാലയ്ക്കുമുന്നിൽ റോഡരികിലിരുന്ന്‌ പൊതിച്ച തേങ്ങ കുട്ടകളിലേക്ക്‌ തരംതിരിച്ച്‌ വെക്കുകയാണ്‌ വെസ്റ്റ്‌ഹിൽ സ്വദേശികളായ നാരായണനും ലോഹിതാക്ഷനും പാലാഴിക്കാരൻ ഭഗവൻദാസും. പൊരിവെയിലത്തെങ്കിലും പണിക്ക്‌ ഇടവേളനൽകിക്കൂടേയെന്ന ചോദ്യത്തിന്‌, ‘പണിക്ക്‌ ഇടവേള വന്നാൽ ഭക്ഷണത്തിനും ഇടവേള കൂടു’മെന്നായിരുന്നു ഉത്തരം. ഫോട്ടോയെടുക്കുന്നത്‌ കണ്ടപ്പോൾ കണ്ണുകളിലെ തളർച്ച മറച്ചുവെച്ച്‌ അവർ ആവേശത്തോടെ തേങ്ങ കുട്ടകളിലേക്ക്‌ എറിഞ്ഞുനിറച്ചു.

അല്പമകലെ കടപ്പുറത്ത്‌ ഐസ്‌ ഉരതിയും ഉപ്പിലിട്ടതുമെല്ലാമായി ഉന്തുവണ്ടിക്കരികിൽ ഏതാനും രൂപങ്ങൾ വിയർത്തൊലിച്ച്‌ നിൽപ്പുണ്ടായിരുന്നു.

തുടർന്ന്‌ കോതിയിലേക്കുള്ള യാത്രയിലാണ്‌ ബംഗാൾ സ്വദേശി റമീജലിനെ കണ്ടത്‌. കോതി പ്രദേശവാസിയായ അഷ്‌റഫിനൊപ്പം നട്ടുച്ചയ്ക്ക്‌ റോഡരികിലെ ഇരുനിലക്കെട്ടിടത്തിന്റെ വാർപ്പിനായി മെറ്റലുകൾ ചട്ടിയിലേക്ക്‌ നിറയ്ക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ. ഈ സമയത്ത്‌ ഇവിടെ നിർമാണപ്രവൃത്തികൾ വിലക്കിയതാണെന്ന്‌ അറിയിച്ചപ്പോൾ ഇതിനെക്കുറിച്ചൊന്നും തനിക്കറിയില്ലെന്ന്‌ പറഞ്ഞ്‌ റമിജൽ കൈമലർത്തി.

പന്നിയങ്കരയിൽവെച്ചാണ്‌ പുറത്ത്‌ ബാഗുതൂക്കി വേച്ചുവേച്ച്‌ നീങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടത്‌. കൊയിലാണ്ടി സ്വദേശിനിയാണ്‌. പേരുവെളിപ്പെടുത്താനുള്ള വൈമനസ്യം അവർ മറയില്ലാതെ പ്രകടിപ്പിച്ചു. വീടുവീടാന്തരം കയറിയിറങ്ങി നഗരത്തിൽ ഡയറക്ട്‌ മാർക്കറ്റിങ്‌ കമ്പനിയുടെ ഉത്‌പന്നങ്ങൾ വിൽക്കുകയാണ്‌ ഉച്ചയ്ക്ക്‌ ഒരു മണിക്കും ഈ നാട്ടിൻപുറത്തുകാരി.

മീഞ്ചന്തയിലെ ഒരു ഓൺലൈൻ ഷോപ്പിങ്‌ കമ്പനിക്കുമുന്നിൽ സാധനങ്ങൾ വിതരണം ചെയ്യാനുള്ള വാഹനങ്ങളുടെ നിരകണ്ടു. 19 രൂപയാണ്‌ ഓരോ ഡെലിവറിക്കും കമ്മിഷൻ ലഭിക്കുന്നത്‌.

തിരികെ നഗരത്തിലേക്കുള്ള മടക്കയാത്രയിലാണ്‌ മാനാഞ്ചിറയിലെ ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ മുന്നിലെത്തിയത്‌. ഓഫീസ്‌, തപാൽ ജീവനക്കാരുടെ ഇടയിൽനിന്ന്‌ പുറത്തേക്കുവന്ന ആർ.ഡി. ഏജന്റ്‌ പി.കെ. ശാരദയ്ക്ക്‌ പറയാനുണ്ടായിരുന്നത്‌ സമയം നോക്കാതെ ജോലിചെയ്യേണ്ട സാഹചര്യമായിരുന്നു. ‘‘നൂറുകണക്കിന്‌ ഇടപാടുകാരുടെ വീടുകളിൽപ്പോയി ഓരോ മാസവും കളക്‌ഷൻ തുക ശേഖരിക്കണം. ഉച്ചസമയത്ത്‌ വീട്ടിലിരുന്നാൽ കളക്‌ഷൻ മുടങ്ങും. അതുവഴി ആ മാസത്തെ വേതനവും’’.

ഓഫീസിലേക്കുള്ള മടക്കയാത്രയിൽ രണ്ടാംഗേറ്റിനുസമീപത്തെ ഹോട്ടലിനുമുന്നിൽവെച്ച്‌ സുമേഷിനെ കണ്ടു. ഹോട്ടലിൽനിന്ന്‌ ബിരിയാണി പാർസൽവാങ്ങി ബൈക്കിനുപിന്നിലെ ബാഗിൽ നിറയ്ക്കുകയായിരുന്നു അദ്ദേഹം. ഓർഡർചെയ്ത ഭക്ഷണം ഉപഭോക്താവിന്‌ സമയത്ത്‌ എത്തിക്കേണ്ടതിന്റെ തിരക്കിൽ ചോദ്യങ്ങൾക്ക്‌ കാതുകൊടുക്കാനാവാതെ ഓൺലൈൻ ഡെലിവറി കമ്പനിയുടെ പേര്‌ ആലേഖനംചെയ്ത ബാഗ്‌ തോളിലേറ്റി സുമേഷ്‌ വെയിലത്തേക്കിറങ്ങി.