കോഴിക്കോട് : കലൈമാമണി റോജ കണ്ണന്റെ ഭരതനാട്യം അവതരണത്തോടെ നാലുനാൾ നീണ്ട നടനശില്പശാലയ്ക്ക് സമാപനം. ചാലപ്പുറം നൃത്യാലയയിൽ വിദ്യാർഥികൾക്ക് നല്കിയ ക്ലാസ്സുകൾക്കും സോദോഹരണ പ്രഭാഷണത്തിനും ശേഷമായിരുന്നു നൃത്താവതരണം. അസോസിയേഷൻ ഓഫ് ഭരതനാട്യം ആർട്ടിസ്റ്റ്‌സ് ഓഫ് ഇന്ത്യ(അഭയ്)യുടെ സെന്ററായും നൃത്യാലയ തുടർന്ന് പ്രവർത്തിക്കും.

സമാപനയോഗത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. എല്ലാ നൃത്തരൂപങ്ങളും സംഗീതത്തിന്റെ സരൂപമായ ശാരീരിക ആവിഷ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കലൈമാമണി റോജ കണ്ണൻ, എം.ടി. വാസുദേവൻ നായർ, കലാമണ്ഡലം സരസ്വതി, കലാക്ഷേത്ര രാകേഷ്, ശ്രീകാന്ത്, അശ്വതി എന്നിവർ പങ്കെടുത്തു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സമാപനയോഗത്തിൽ സർട്ടിഫിക്കറ്റുകൾ നല്കി. വിവിധ ദിവസങ്ങളിലായി കലാമണ്ഡലം വൈശാഖ് കഥകളിയിലും കലാമണ്ഡലം ജിഷ്ണു പ്രതാപ് കൂടിയാട്ടത്തിലും കലാമണ്ഡലം ആർ. നന്ദകുമാർ തുള്ളലിലും പരിശീലനം നല്കി.