ഇത്രമേൽ ഇഷ്ടംകൂടാൻ ഈ ബുള്ളറ്റിൽ എന്താണുള്ളതെന്നു ചോദിച്ചാൽ യുവാക്കൾ പറയും അതിന്റെ ഇരമ്പിച്ച ശബ്ദവും എടുപ്പുംതന്നെ. ബുള്ളറ്റ് ഇഷ്ടപ്പെടാത്ത ചെറുപ്പക്കാർ ഉണ്ടാവില്ല. ലുക്ക് തന്നെയാണ് എൻഫീൽഡിനെ എന്നും റോയലാക്കുന്നതെന്നും ആരാധകർ പറയുന്നു.

ബുള്ളറ്റ് സവാരി ഹരമാക്കിയ ഒരുകൂട്ടം ആളുകളുണ്ട് കോഴിക്കോട് മീഞ്ചന്തയിൽ. ഒന്നരവർഷംമുമ്പ് കോഴിക്കോട്ടെ രണ്ടുചെറുപ്പക്കാർ ചേർന്നുതുടങ്ങിയ കൂട്ടായ്മയാണിത്. മെക്കാനിക്കായ വി. ഹരീഷ്‌, കെ. സക്കറിയ എന്ന രണ്ട് ‘ബുള്ളറ്റ് ഭ്രാന്തന്മാരാണ്’ അമരക്കാർ. ബുള്ളറ്റ് റൈഡേഴ്സ് ക്ലബ്ബ് എന്നപേരിലുള്ള ഈ കൂട്ടായ്മയിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അംഗങ്ങളുണ്ട്.

ഇടുക്കി, ഗോവ, മൈസൂർ തുടങ്ങി ഒട്ടേറെ സ്ഥലങ്ങൾ ഇവർ പോയിക്കഴിഞ്ഞു.

ട്രിപ്പ് കോ-ഓർഡിനേറ്റ് ചെയ്യുന്ന ആൾതന്നെയാണ് ട്രിപ്പിന്റെ ലീഡറും. കെ. അജിലാണ് റൈഡേഴ്സ് പോയന്റിന്റെ ലീഡർ.

അവസാനംപോയ യാത്ര ഊട്ടിയിലേക്കാണ്. തണുത്ത കാലാവസ്ഥ യാത്രയുടെ ഹരംകൂട്ടിയെന്ന് ഇവർപറഞ്ഞു.

വെറും യാത്രകൾമാത്രമല്ല

ബുള്ളറ്റ് റൈഡേഴ്സ് ക്ളബ്ബിൽ വെറും യാത്രകൾ മാത്രമല്ല നടത്തുന്നത്. നാട്ടിൽ നടക്കുന്ന പല പ്രതിഷേധങ്ങളുടെയും ഭാഗമാവാറുമുണ്ടിവർ. സ്ത്രീസുരക്ഷയ്ക്കായും ഓൺലൈൻ സ്വാതന്ത്ര്യത്തിനുവേണ്ടിയും ബുള്ളറ്റ്‌ റാലികൾ സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 15-നും എല്ലാവർഷവും ബുള്ളറ്റ്‌ റാലി ഉണ്ടാകാറുണ്ടെന്ന് ഹരീഷ് പറഞ്ഞു .

കൂടാതെ, ക്ളബ്ബിലുള്ളവർ രക്തം ദാനംചെയ്യാറുണ്ട്.

സുരക്ഷിതയാത്രകൾ

ഇവരുടെ യാത്രകളുടെ പ്രത്യേകത സുരക്ഷയ്ക്കുവേണ്ടിയുള്ള ക്രമീകരണങ്ങൾതന്നെയാണ്. ഇരുപതോ ഇരുപത്തിയഞ്ചോ പേരടങ്ങിയ സംഘമായാണ് ഇവർപോകുന്നത്. ഒരാൾ ബുള്ളറ്റുമായി മുന്നിലും ഒരാൾ പിന്നിലും ബാക്കിയുള്ളവർ ഇവരുടെ നടുക്കും ആയിട്ടാണ് യാത്ര. ഒരാൾപോലും മുന്നിൽപോകുന്ന ബുള്ളറ്റിനെ വെട്ടിച്ചുപോകുകയോ വളരെ പിറകിലായി പോകുകയോ ചെയ്യരുതെന്ന് നിയമമുണ്ട്. സുരക്ഷതന്നെയാണ് ഇതിന്റെ പ്രധാന കാരണം.

ബുള്ളറ്റിന്റെ ടയർ പഞ്ചറായാലും എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിച്ചാലും നന്നാക്കാനുള്ള സംവിധാനങ്ങളെല്ലാം ഇവരുടെ കൈയിലുണ്ടാവും.

ഒരേയൊരു ലേഡി റൈഡർ

കോഴിക്കോട് ബുള്ളറ്റ് റൈഡേഴ്സ് ക്ലബ്ബിലെ ശരണ്യ നാലുകൊല്ലമായി ബുള്ളറ്റ് യാത്ര തുടങ്ങിയിട്ട്. കുട്ടിക്കാലംതൊട്ടേ യാത്രയെ സ്നേഹിച്ചിരുന്ന ശരണ്യയ്ക്ക് കല്യാണത്തിനുശേഷമാണ് തന്റെ യാത്രയോടുള്ള ഇഷ്ടം സഫലമാക്കാൻ കഴിഞ്ഞത്. ഭർത്താവ് സനുവിന്റെ ബുള്ളറ്റ് പ്രേമമാണ് ഇങ്ങനെയൊരു അവസരമൊരുക്കിയത് .

ആദ്യ ട്രിപ്പ് മൈസൂരിലേക്കായിരുന്നു; കല്യാണംകഴിഞ്ഞ് അടുത്തമാസംതന്നെ.

കാശ് എത്രകൊടുത്തും എത്രകാലം കാത്തിരുന്നും ഇഷ്ടമോഡൽ സ്വന്തമാക്കുന്നവരാണ് ബുള്ളറ്റിന്റെ വിജയശക്തി. തനിക്ക് ഏറെ പ്രിയപ്പെട്ടത് തണ്ടർബേഡാണെന്ന് ശരണ്യ പറയുന്നു .

എത്രദൂരംപോയാലും നടുവേദനയും ക്ഷീണവും ഒന്നും അനുഭവപ്പെടില്ല. അതുകൊണ്ടുതന്നെ യാത്രയ്ക്ക് മടുപ്പും ഉണ്ടാകില്ല .

ലഡാക്കിലേക്ക് ഒരു ബുള്ളറ്റ് റൈഡാണ് തന്റെ സ്വപ്നയാത്രയെന്ന് ശരണ്യ പറഞ്ഞു. കോഴിക്കോട് മിംസ്‌ ഹോസ്പിറ്റലിലെ അക്കൗണ്ടന്റാണ് ശരണ്യ.

ബുള്ളറ്റിന്റെ പ്രത്യേകതകൾ

ബുള്ളറ്റിനെ ഇഷ്ടപ്പെടാൻ പലർക്കും പലകാരണങ്ങളാണ്. ലുക്കുമുതൽ ശബ്ദംവരെ അതിലുൾപ്പെടും .

ദീർഘദൂര റൈഡ് പോകാൻ സുഖം ബുള്ളറ്റിൽ ആന്നെന്നാണ് റൈഡേഴ്സ് പറയുന്നത്. ബൈക്കെടുത്ത് ഒരുദൂരയാത്ര എല്ലാവരുടെയും സ്വപ്നമാണ്. ആൺകുട്ടികൾക്കുമാത്രമല്ല, ബുള്ളറ്റ് പ്രേമമുള്ളത്. പെൺകുട്ടികൾക്കും ആ കുടുകുടു ശബ്ദത്തിനോട് വല്ലാത്ത ആകർഷണമാണ്.

റൈഡർ മാനിയ

റോയൽ എൻഫീൽഡ് നടത്തുന്ന ‘ഇന്റർനാഷണൽ പ്രോഗ്രാം റൈഡർ മാനിയ’യിൽ എല്ലാവർഷവും കാലിക്കറ്റ് ബുള്ളറ്റ് റൈഡേഴ്സ് ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുക്കാറുണ്ട്.

ഗോവയിലേക്ക് ഒരാഴ്ചത്തെ യാത്രയാണ് റൈഡർ മാനിയയിൽ പോകുന്നത്. 60,000 റോയൽ എൻഫീൽഡ് ബൈക്കുകൾ ഈ പരിപാടിയിൽ ഉണ്ടാകും. ഡി.ജെ. പ്രോഗ്രാം, മഡ്‌റേസ്, ബുള്ളറ്റിൽ ഫുട്ബോൾ കളിക്കുക തുടങ്ങിയ വിനോദപരിപാടികളും യാത്രയ്ക്കൊപ്പം റൈഡർ മാനിയ സംഘടിപ്പിക്കും. മൂന്നുദിവസത്തെ യാത്ര കൂടാതെയാണ് ഗോവയിൽ മൂന്നുദിവസത്തിലധികം നിൽക്കുന്ന ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.