: കഥകളി കുട്ടിക്കളിയല്ല മേധാ മാധവി എന്ന എട്ടാംക്ലാസുകാരിക്ക്. ഒട്ടേറെ വേദികളിൽ പ്രഹ്ലാദനായി അരങ്ങിലെത്തിയിട്ടുണ്ട് ഈ മിടുക്കി. കോഴിക്കോട് പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വിദ്യാർഥിനിക്ക് കേരളീയ കലകളോട് വല്ലാത്ത അഭിനിവേശമാണ്. യുവജനോത്സവ വേദിയിൽ തിളങ്ങാൻവേണ്ടി കഥകളി പഠിച്ചതല്ല. ഇതുവരെ കഥകളിയുമായി യുവജനോത്സവ വേദിയിൽ എത്തിയിട്ടുമില്ല. കഥകളിയോട് നന്നേ ചെറുപ്പത്തിലേ താത്‌പര്യം തുടങ്ങി. ടി.വി.യിൽ കഥകളി കാണുമ്പോൾ സാകൂതം നോക്കിനിൽക്കും. ഇതൊരു കുട്ടിക്കൗതുകം മാത്രമല്ലെന്നു കണ്ടപ്പോൾ രക്ഷിതാക്കൾ കലാമണ്ഡലം നാരായണൻകുട്ടി ആശാന്റെ അടുക്കൽ കഥകളി അഭ്യസിക്കാൻ അയച്ചു. പാലക്കാട് വെള്ളിനേഴി രൗദ്രശ്രീ ഗുരുകുലത്തിൽ എല്ലാ അവധിദിവസങ്ങളിലും പഠനം.

പുറപ്പാട് കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. മൂന്നുമാസമായി പ്രഹ്ലാദചരിതം അവതരിപ്പിക്കുന്നു. ക്ഷേത്രങ്ങളിൽ അവതരണം നടത്തി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മുന്നിൽ പുറപ്പാട് കളിച്ചു കാണിച്ചിട്ടുണ്ട്. അടവുകൾ നന്നായി ചെയ്യുന്നുണ്ട്. പഠിച്ചാൽ കുട്ടിക്ക് കഥകളിയിൽ നല്ല ഭാവിയുണ്ട് -ഗുരുവിന്റെ അനുഗ്രഹവചസ്സുകൾ. പ്രഹ്‌ളാദ ചരിതത്തിനു പിന്നാലെ ഇപ്പോൾ കാലകേയ വധവും മേധ പഠിക്കുന്നുണ്ട്. കലാമണ്ഡലം ഗോപിയാശാനോട് ആരാധനയുള്ള കുട്ടിക്ക് മുദ്രകൾ നന്നായിവഴങ്ങും.

കലാമണ്ഡലം ഗീതാനന്ദൻ ആശാന്റെ ശിക്ഷണത്തിൽ ഓട്ടൻതുള്ളൽ പഠിച്ചിട്ടുണ്ട്. ഓട്ടൻ തുള്ളലിൽ യുവജനോത്സവത്തിൽ ഒന്നാംസ്ഥാനവും ശാസ്ത്രീയസംഗീതത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും പഠിക്കുന്നുണ്ട്. വലുതാവുമ്പോൾ കലാകാരിയാവണമെന്നാണോ ആഗ്രഹമെന്നു ചോദിച്ചാൽ നിഷ്‌കളങ്കതയോടെ ചിരിക്കും. ഡോക്ടറാവണമെന്നും ആഗ്രഹമുണ്ടെന്ന് മറുപടി.

കവിതാരചനയിൽ അതീവ തത്‌പരയാണ്. ഡി.സി.എൽ. ജില്ലാതല കവിതാരചനാമത്സരത്തിൽ ഒന്നാംസ്ഥാനവും വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട്.

അച്ഛൻ കോഴിക്കോട് പാതിരിശ്ശേരി ഇല്ലത്ത് മിഥുൻ നാരായണൻ അഴകൊടി ദേവീക്ഷേത്രം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയാണ്. അമ്മ അപർണ മോഹിനിയാട്ടവും ഭരതനാട്യവും അവതരിപ്പിക്കും. കുഞ്ഞനിയത്തി ശ്രീധാ ദേവകി.