ഫറോക്ക്: പൂർണമായും കാഴ്ച നഷ്ടപ്പെട്ടതിനാൽ ആയിശസമീഹയ്ക്ക് പ്രളയം എന്താണെന്നറിയില്ല. എന്നാൽ, പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വിലാപം ഈ കുഞ്ഞിന് കേൾക്കാം. സമ്മാനമായി കിട്ടിയ 1000 രൂപ പ്രളയ ദുരിതാശ്വാസത്തിന് നൽകിക്കൊണ്ടാണ് ഈ കുട്ടി മാതൃകയായത്.
കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ അഞ്ചാംതരം വിദ്യാർഥിയാണ് ആയിശ സമീഹ. അസബാഹ് ഫൗണ്ടേഷൻ നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സമ്മാനമായി ലഭിച്ച ആയിരംരൂപ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൊടുക്കണമെന്ന ആഗ്രഹം സമീഹ പിതാവ് അബൂബക്കർ സിദ്ധിഖിനോട് പറഞ്ഞു. മകളുടെ ആഗ്രഹം പിതാവ് ഏറെ സന്തോഷത്തോടെ അംഗീകരിച്ചു. ഉടൻതന്നെ പിതാവ് സമീഹയോടോപ്പം പ്രളയ ദുരിതാശ്വാസം നടത്തുന്ന സഫാരി ടീമിന്റെ ക്യാമ്പിലെത്തി തുക അവർക്ക് കൈമാറി. അറിയപ്പെടുന്ന ഗായിക കൂടിയാണ് രാമനാട്ടുകര സ്വദേശിയായ ആയിശാസമീഹ.