English Name: Eurasian Wryneck

Scientific Name: Jynx torquilla

Malayalam Name: കഴുത്തുപിരിയൻ കിളി

ഫോട്ടോ: അഭിലാഷ്‌ രവീന്ദ്രൻ

ഹിമാലയൻ താഴ്‌വരകളിലും ചൈന‚ റഷ്യ‚ ഫിൻലൻഡ്‌‚ നോർവെ‚ സ്പെയിൻ തുടങ്ങിയിടങ്ങളിലും പ്രജനനകാലം ചെലവഴിക്കുന്ന ദേശാടകനാണ്‌ കഴുത്തുപിരിയൻ കിളി. കേരളത്തിൽ കുറഞ്ഞതവണ മാത്രം വന്നെത്തിയ ഈ ദേശാടകനെ മിക്കപ്പോഴും കണ്ടെത്താറ്‌ ഒക്ടോബർ - നവംബർ മാസങ്ങളിലാണ്‌. ജില്ലയിൽ മെഡിക്കൽ കോളേജിന്‌ സമീപമുള്ള സാന്ത്വനവനം പരിസരമാണ്‌ പക്ഷിയെ കണ്ടെത്തിയ ഒരിടം. ഇതും ഒരു നവംബർ മാസത്തിലായിരുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒട്ടുമിക്ക ദേശാടനകാലത്തും ഇവയെ കാണാറുണ്ടെങ്കിലും കർണാടകത്തിനിപ്പുറം വിരളമായേ ഇവയെ കണ്ടെത്താറുള്ളൂ.

ഇത്തരം പക്ഷികൾക്ക്‌ കഴുത്ത്‌ 180 ഡിഗ്രിയോളം വരെ തിരിയ്ക്കാൻ കഴിയും. പലപ്പോഴും പിൻഭാഗത്തുനിന്നും വല്ല ശബ്ദവും കേട്ടാൽ ഇവ ഇരുന്നയിരുപ്പിൽ തന്നെ തിരിഞ്ഞുനോക്കാറാണ്‌ പതിവ്‌. ഇതുതന്നെയാണ്‌ ഇവയ്ക്ക്‌ കഴുത്തുപിരിയൻ കിളി എന്ന പേരുവരാൻ കാരണവും. ആദ്യ കാഴ്ചയിൽത്തന്നെ തിരിച്ചറിയാൻ കഴിയത്തക്കതാണ്‌ ഇവയുടെ ആകൃതിയും നിറവുമെല്ലാം.

മേൽഭാഗം ചാരനിറത്തിൽ ബ്രൗൺ നിറത്തോടുകൂടിയ പാടുകളും കുത്തുകളും നിറഞ്ഞതാണ്‌. കണ്ണിന്‌ കുറുകെയായി ഇരുണ്ട ഒരു പാടുണ്ട്‌. മൂർദ്ധാവിൽനിന്ന്‌ മേൽമുതുകുവരെയും ഇതുപോലൊരു പാട്‌ കാണാം. വാൽ നീളമേറിയതും ബ്രൗൺ നിറത്തിലുള്ള വരകളുള്ളതുമാണ്‌. കഴുത്തിൽ മങ്ങിയ മഞ്ഞനിറത്തിൽ ഇരുണ്ട നിറത്തിലുള്ള വരകളുണ്ട്‌. അടിഭാഗത്തെ മങ്ങിയ വെള്ളനിറത്തിലും ഇരുണ്ട നിറത്തിലുള്ള കുത്തുകളും വരകളും കാണാം.

മരക്കൊത്തികളുടെ വിഭാഗത്തിൽപ്പെടുന്നവയാണിവ എങ്കിലും പലപ്പോഴും നിലത്ത്‌ ഇരതേടുന്നതായാണ്‌ കാണാറ്‌. അത്‌ കൂടുതലും ഉറുമ്പുകളും പ്രാണികളെയുമായിരിക്കും. കാൽ വിരലുകൾ മരം കൊത്തികളെപ്പോലെ നീളമേറിയതാണ്‌. എന്നാൽ വാൽഭാഗം മരംകൊത്തികളുടേത്‌ പോലെ മരത്തിൽ താങ്ങിനിർത്തി മരം കേറാൻ സഹായിക്കത്തക്കതല്ല.

Cap1

ഈ പക്ഷിയുടെ കൂടുതൽ ചിത്രങ്ങൾക്കും ശബ്ദത്തിനും ക്യു.ആർ. കോഡ്‌ സ്കാൻ ചെയ്യൂ