ചെറുവണ്ണൂർ: ബേപ്പൂർ മണ്ഡലത്തിന് അനുവദിച്ച വാട്ടർ അതോറിറ്റി സെക്‌ഷൻ ഓഫീസ് കുണ്ടായിത്തോടിൽ പ്രവർത്തനമാരംഭിച്ചു. വി.കെ.സി. മമ്മദ്‌കോയ എം.എൽ.എ. കെട്ടിടം തുറന്നുകൊടുത്തു. സംസ്ഥാന ജല അതോറിറ്റി ബോർഡ് അംഗം ടി.വി. ബാലൻ സംബന്ധിച്ചു. കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഉദ്ഘാടനപരിപാടി ഒഴിവാക്കി.

ദേശീയപാതയോരത്ത് കുണ്ടായിത്തോട് ഗീതാഞ്ജലി പ്രസ്സിന് പിൻവശം വാട്ടർ അതോറിറ്റിയുടെ സ്ഥലത്തിന് സമീപം വാടക കെട്ടിടത്തിലാണ് ഓഫീസ് ആരംഭിച്ചത്. നിലവിൽ സംസ്ഥാന തലത്തിൽത്തന്നെ ഏറ്റവുംകൂടുതൽ പുതിയ കുടിവെള്ള കണക്‌ഷൻ അനുവദിച്ചത് ബേപ്പൂർ മണ്ഡലത്തിലാണ്. ജപ്പാൻ കുടിവെള്ളപദ്ധതി ബേപ്പൂർ മണ്ഡലം സമ്പൂർണ ശുദ്ധജല പദ്ധതിയുടെ അന്തിമഘട്ടത്തിലാണ്. കോർപ്പറേഷൻ വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജൻ, ജല അതോറിറ്റി ഉത്തരമേഖല ചീഫ് എൻജിനിയർ ബി. ഷാജഹാൻ. എക്സിക്യൂട്ടീവ് എൻജിനിയർ പി. ജമാൽ പങ്കെടുത്തു.