കക്കോടി: ജലസമൃദ്ധിയിൽനിന്ന് നാശത്തിലേക്കുപോകുകയാണ് പൂനൂർപ്പുഴ. നാടിന്റെ ജീവനാഡിയായി ഒഴുകുന്ന പുഴയെ സംരക്ഷിക്കേണ്ടത് നാടിന്റെ പ്രധാന ആവശ്യവുമാവുകയാണ്. ഒട്ടേെറ കുടിവെള്ളപദ്ധതികളുള്ള പൂനൂർപ്പുഴ പ്രധാന കുടിവെള്ളസ്രോതസ്സാണ്. കാർഷികമേഖലയ്ക്ക് ഉണർവേകുന്നതിലും കിണറുകളിലെയും മറ്റ് ജലാശയങ്ങളിലെയും ജലനിരപ്പ് നിലനിർത്തുന്നതിലും പുഴ പ്രധാന പങ്കുവഹിക്കുന്നു. ജില്ലയിലെ നീളംകൂടിയ പുഴകളിലൊന്നായ പൂനൂർപ്പുഴയുടെ കക്കോടി ഭാഗത്ത്‌ വിവിധസ്ഥലത്തായി അരികുഭിത്തി ഇടിയുന്നതും പുഴയിലേക്ക് മരങ്ങൾ വീണുകിടക്കുന്നതും പുഴയുടെ ഒഴുക്കിന് തടസ്സമാവുകയാണ്.

പുഴ കരകവിഞ്ഞുണ്ടായ പ്രളയത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കുകാരണം വശങ്ങളാലെ മണ്ണിടിച്ചിലിന്റെ തോത് വർധിച്ചു. കണ്ടൽമരങ്ങളുടെ വേരുകൾക്ക് ക്ഷയംസംഭവിച്ച് ഉണങ്ങി പുഴയിലേക്ക് പതിക്കുകയാണ്. നിബിഡമായ കണ്ടലുകളുള്ളതിനാലാണ് പ്രളയത്തിൽപ്പോലും പുഴയുടെ വശങ്ങൾക്ക് സംരക്ഷണംകിട്ടിയത്. മുമ്പൊക്കെ നല്ല അടിയൊഴുക്കുള്ള പുഴയുടെ ഒഴുക്കിന്റെ വേഗം കുറയുന്ന സാഹചര്യമാണ്. പാർശ്വഭിത്തികെട്ടി സംരക്ഷിക്കാത്തതിനാൽ വശങ്ങളിലെ മണ്ണ് ക്രമേണ പുഴയിലേക്ക് പതിക്കുന്നുമുണ്ട്‌. മണ്ണിടിച്ചിലിനെത്തുടർന്ന് പുഴയുടെ വ്യാപ്തി കൂടുകയും പുഴയുടെ അടിത്തട്ടിൽ ചെളി നിറഞ്ഞ്‌ ഒഴുക്ക്‌ തടസ്സപ്പെടുകയുംചെയ്യുന്നു.

വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ ജനകീയപങ്കാളിത്തത്തോടെ പുഴ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്കായി എ. പ്രദീപ്കുമാർ എം.എൽ.എ. ചെയർമാനും ജലസേചനവകുപ്പ് ഉദ്യോഗസ്ഥൻ കൺവീനറുമായ ജനകീയകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രളയം ബാധിച്ച പ്രദേശങ്ങളായ കക്കോടി പഞ്ചായത്തിലെ ഏഴുവാർഡിലും കോർപ്പറേഷൻ പരിധിയിലും നാട്ടുകാരുടെയും െറസിഡന്റ്സ് അസോസിയേഷനുകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെ പുഴ ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൂനൂർപ്പുഴയുടെ കക്കോടി, കണ്ണാടിക്കൽ റോഡ് പ്രദേശം കളക്ടർ എസ്. സാംബശിവറാവു കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു.

പുഴയിലേക്ക്് വീണുകിടക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാഭരണകൂടത്തിന്റെ സഹകരണമുണ്ടാകുമെന്ന് പ്രദേശവാസികളോട് പറഞ്ഞിരുന്നു. പൂനൂർപ്പുഴയോരത്ത് വരുന്ന വാഹന സർവീസ് സ്റ്റേഷനെതിരേ പരിസ്ഥിതി പ്രവർത്തകൻ ടി. ശോഭീന്ദ്രൻ ചെയർമാനായുള്ള പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ പുഴസംരക്ഷിക്കുന്നതിനായി നടക്കുന്ന ജനകീയസമരവും കക്കോടിപ്പാലത്തിൽനിന്ന്‌ പൂനൂർ പുഴയിലേക്കും സമീപത്തേക്കും മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനായി വി-തേർട്ടീൻ കലാസാംസ്കാരികവേദി പാലത്തിന്റെ ഇരുവശത്തും സംരക്ഷണവലകളിട്ടതും സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചതും പുഴസംരക്ഷണത്തിന് ജനകീയമുഖം നൽകുന്നുണ്ട്.