നഗരത്തിൽ കഴിഞ്ഞ പതിനെട്ട് വർഷത്തിനുള്ളിൽ നടന്ന 100 കവർച്ചാ ക്കേസുകളിലെ 105 പ്രതികളെ തിരിച്ചറിഞ്ഞു. ഓട്ടോമേറ്റഡ് ഫിംഗർ പ്രിന്റ് ഐഡന്റിഫിക്കേഷൻ സംവിധാനം വഴിയാണ് (അഫിസ്) ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. കോഴിക്കോട് സിറ്റി ഫിംഗർ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥരുടെ ശ്രമഫലമായിട്ടാണ് ഇത്രയും കേസുകൾ തെളിയിച്ചത്.

2003-ൽ പെരുമണ്ണയിലെ പൊൻപാടം ജൂവലറിയിലെ 100 പവൻ കവർന്ന കേസിലെ അന്യസംസ്ഥാനക്കാരായ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതാണ് ഇതിൽ ഏറ്റവും വലിയ നേട്ടം.

സംസ്ഥാനത്തെ കവർച്ചാക്കേസുകളിൽ ഏറ്റവും കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞത് കോഴിക്കോട് സിറ്റി പോലീസ് മേധാവി എ.വി. ജോർജിന്റെ കീഴിലുള്ള ഫിംഗർ പ്രിന്റ് ബ്യൂറോയിലാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അഫിസ് മുഖേന കഴിഞ്ഞവർഷം 96 കേസുകളും 2020 മാർച്ച് 19- വരെയായി 200 കേസുകളുമാണ് തെളിയിക്കാൻ കഴിഞ്ഞത്. ഇതിൽ 100 കേസുകൾ കോഴിക്കോട് നഗരത്തിൽ നിന്നുള്ളതാണെന്നും ബെഹ്റ പറഞ്ഞു.

പതിനേഴ് വർഷം മുമ്പാണ് പെരുമണ്ണ വെള്ളായിക്കോട് റോഡിലെ പൊൻപാടം ജൂവലറിയിൽനിന്ന് 100 പവൻ മോഷ്ടിച്ചത്. 2003 ജൂൺ 27- നാണ് ഇവിടെ കവർച്ച നടന്നത്. ജൂവലറിയുടെ ഷട്ടറിന്റെ പൂട്ട്തകർത്ത് അകത്ത് കടന്ന കവർച്ചക്കാർ ആഭരണങ്ങൾ സൂക്ഷിച്ച സെയ്ഫ് അടുത്തപറമ്പിൽ കൊണ്ടുപോയി കുത്തിത്തുറന്നായിരുന്നു മോഷണം നടത്തിയത്. സമീപത്തുള്ള കൊല്ലന്റെ ആലയിലെ പണി യായുധങ്ങൾ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. കൊടുവള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ജൂവലറി. ഏകദേശം 4,40,000 രൂപയുടെ സ്വർണം കവർന്നെന്നാണ് നല്ലളം പോലീസിൽ ഉടമനൽകിയ പരാതി.

എലത്തൂരിൽ ഒരു വീട്ടിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി ആറിന് രണ്ടുപവൻ കവർന്നകേസ്, നല്ലളത്ത് 2006- ൽ ഒരു കടയിൽനിന്ന് ചെമ്പുകമ്പികൾ കവർന്നകേസ്, 2002-ൽ എലത്തൂരിൽ വീടിന്റെ പിൻവാതിൽ തകർത്ത് 18 പവൻ മോഷ്ടിച്ചകേസ്, ഇതേവർഷം കസബ സ്റ്റേഷൻ പരിധിയിൽ നാലുപവൻ കവർന്ന കേസ്, 2010- ൽ എലത്തൂരിൽ നാലുപവൻ സ്വർണം മോഷ്ടിച്ചകേസ് തുടങ്ങിയവ തെളിയിക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. 2019 ജനുവരിയിൽ 18 കേസുകളുണ്ടായി. ഫെബ്രുവരിയിൽ 50 കവർച്ചാ ക്കേസുകളുണ്ടായി. ഇവയിൽ 63 പ്രതികളുണ്ട്. മാർച്ചിൽ 19 കേസുകളിലായി 23 പ്രതികളുണ്ട്. ഇതിലെല്ലാം പ്രതികളെ തിരിച്ചറിഞ്ഞു. ഇവരിൽ കൂടുതലും മറ്റ് ജില്ലകളിൽനിന്ന്‌ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള മോഷ്ടാക്കളാണ്. സ്ഥിരം കുറ്റവാളികളാണ് ഈ കേസുകളിലെ പ്രതികളെല്ലാം.

വെള്ളയിൽ സ്റ്റേഷൻപരിധിയിൽനിന്ന് കുരുമുളക് മോഷ്ടിച്ച കേസിലും ചേവായൂർ സ്റ്റേഷൻ പരിധിയിൽ ജനൽതുറന്ന് കട്ടിലിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്നരപ്പവന്റെ രണ്ട് പാദസരങ്ങൾ കവർന്നകേസിലും മോഷ്ടാവിനെ തിരിച്ചറിഞ്ഞു. എലത്തൂരിൽ ഒമ്പത് കളവുകേസുകളിലായി ഒമ്പത് പേരെ തിരിച്ചറിഞ്ഞു. നല്ലളത്ത് 11 കേസുകളിലായി പത്ത് പേരെയും കസബയിൽ 12 മോഷണങ്ങളിൽ 12 പേരെയും മെഡിക്കൽ കോളേജ് സ്റ്റേഷനിൽ 2006- ൽ 18 പവൻ കവർന്നകേസിലും നടക്കാവിൽ 2001- ൽ 12 പവൻ കവർന്ന കേസിലും പ്രതികളെയും മനസ്സിലായിട്ടുണ്ട്. 2003- ൽ ടൗൺ പോലീസ്‌സ്റ്റേഷൻ പരിധിയിൽ 27 പവൻ കവർന്നതും പന്നിയങ്കരയിൽ 2005- ൽ 15 പവൻ കവർന്നതും 2006- ൽ പന്ത്രണ്ടര പവൻ കവർന്നതും മാറാട് 2004- ൽ 30 പവൻ കവർന്നവരെയുമെല്ലാം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളെ മുഴുവൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിറ്റി പോലീസ്.

ഇത്രയധികം കുറ്റവാളികളെ തിരിച്ചറിയുന്നത് ആദ്യം-സിറ്റി പോലീസ് മേധാവി എ.വി. ജോർജ് കവർച്ചക്കാർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് മേധാവി എ.വി.ജോർജ് പറഞ്ഞു. ഇതിനായി മറ്റ് ജില്ലകളിലേയും അയൽസംസ്ഥാനങ്ങളിലേയും പോലീസിന്റെ സഹായം തേടാൻ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ഫിംഗർ പ്രിന്റ് ബ്യൂറോയിലുള്ള സഹപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈയൊരു മികച്ചനേട്ടം കൈവരിക്കാനായത്‌. ഇതിന് പിന്നിൽ പ്രവർത്തിച്ച ഫിംഗർ പ്രിന്റ് ബ്യൂറോ ടെസ്റ്റർ ഇൻസ്പെക്ടർ സി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഫിംഗർ പ്രിന്റ് വിദഗ്‌ധരായ വി.പി. കരീം, എസ്.വി. വത്സരാജ്, എ.വി. ശ്രീജയ തുടങ്ങിയവർക്ക് റിവാർഡ് നൽകും.

എന്താണ് അഫിസ്

വിരലടയാളം ഉപയോഗിച്ച് കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്ന സോഫ്റ്റ്‌വേർ സംവിധാനമാണ് അഫിസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം. കേരള പോലീസ് ജപ്പാൻ സോഫ്റ്റ്‌വേർ കമ്പനിയായ നിപ്പോണിന്റെ സഹായത്തോടെയാണ് അഫിസിന് രൂപം നൽകിയത്. കഴിഞ്ഞ ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിവരികയാണ്. കുറ്റവാളികളെ കണ്ടെത്തുന്നതിൽ ഏറെ മുന്നേറ്റമുണ്ടാക്കാൻ അഫിസിന് കഴിഞ്ഞെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. വിരലടയാളം ശേഖരിച്ചും വിശകലനം ചെയ്തുമാണ് കുറ്റവാളികളെ തിരിച്ചറിയുന്നത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്.ബി.ഐ.)ആണ് ലോകത്ത് ആദ്യമായി ഈ സോഫ്റ്റ്‌വേർ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്തിയത്. ഇതിന്റെ വകഭേദങ്ങളായ സോഫ്റ്റ്‌വേറുകൾ വഴി വിവിധ രാജ്യങ്ങളിൽ കുറ്റാന്വേഷണ ഏജൻസികൾ ഉപയോഗിച്ചുവരുന്നു. വിവിധ ജില്ലകളിലെ ഫിംഗർ പ്രിന്റ് ബ്യൂറോകളിൽ സൂക്ഷിച്ചിട്ടുള്ള കുറ്റവാളികളുടെ വിരലടയാളങ്ങൾ ഒരേ സമയം സംസ്ഥാനവ്യാപകമായി പരിശോധിക്കാനുള്ള ഏകീകൃതസംവിധാനം മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല. ആദ്യകാലങ്ങളിൽ ഫിംഗർ പ്രിന്റ് വിദഗ്‌ധർ ലെൻസുകൾ ഉപയോഗിച്ച് കുറ്റവാളികളുടെ വിരലടയാളങ്ങൾ തിരിച്ചറിയുന്ന രീതിയാണുണ്ടായിരുന്നത്. ഇത് ഏറെ ശ്രമകരവും കൂടുതൽ സമയമെടുക്കുകയും ചെയ്യുന്ന പ്രക്രിയയായിരുന്നു. സംസ്ഥാനത്ത് മൊത്തം 20 ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോകളാണുള്ളത്.