കുന്ദമംഗലം: കലുങ്ക് പൊളിക്കാതെ റോഡ് ഉയർത്തുന്നതിൽ വ്യാപക പ്രതിഷേധം. കാരന്തൂർ ഓവുങ്ങരയിലാണ് കലുങ്ക് മാറ്റിപ്പണിയാതെ റോഡ് ഒരു മീറ്ററോളം ഉയർത്തുന്നത്. താഴ്ന്ന ഭാഗമായതിനാൽ കഴിഞ്ഞ മഴക്കാലത്ത് ഇവിടെ റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്നു. ദേശീയപാതക്ക്‌ കുറുകയുള്ള കലുങ്കിന് അടിയിലൂടെയാണ് റോഡിലെ താഴ്ന്ന ഭാഗത്തുള്ള തോട്ടിലെ വെള്ളം ഒഴുകുന്നത്. ഈ കലുങ്കിനാകട്ടെ വർഷങ്ങളുടെ പഴക്കവുമുണ്ട്. കലുങ്കിന് ഉൾക്കൊള്ളാവുന്നതിലും അധികമായി വെള്ളമെത്തിയാൽ റോഡിലേക്ക് കയറും. ഇത് ഒഴിവാക്കാനാണ് ഇവിടെ ഓവുചാൽ പുനർ നിർമിച്ച് റോഡ് ഉയർത്തുന്നത്. എന്നാൽ നിലവിലെ കലുങ്കിന് മുകളിൽ മണ്ണിട്ട് റോഡ് ഉയർത്താനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇങ്ങനെ ചെയ്താൽ അധികമായി എത്തുന്ന വെള്ളം പരിസരത്തെ വീടുകളിലേക്കാണ് കയറുക. ഇത് സമീപത്തെ വീട്ടുകാർക്ക് ദുരിതമാവും. ഇത് ഒഴിവാക്കാനാണ് റോഡ് ഉയർത്തുന്നതിനൊപ്പം കലുങ്കും പൊളിച്ച് ഉയരം കൂട്ടണമെന്ന് ആവശ്യപ്പെടുന്നത്. വിഷയം പരിഹരിക്കാനായി അധികൃതർക്ക് നിവേദനം നൽകിയിരിക്കയാണ് നാട്ടുകാർ. പ്രദേശത്ത് കർമസമിതിയും രൂപവത്‌കരിച്ചിട്ടുണ്ട്.