: രാജ്യം കൈയടിച്ച് അഭിനന്ദിക്കുമ്പോഴും അവർ തിരക്ക് വിട്ടൊഴിയാത്ത ജോലിയിലായിരുന്നു. രോഗലക്ഷണമുള്ളവരുടെ നടുവിലിരുന്ന് സ്വന്തം ആരോഗ്യംപോലും വകവെക്കാതെ മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ വിശ്രമമില്ലാത്ത പരിശ്രമത്തിലായിരുന്നു. രോഗലക്ഷണമുള്ളവരുടെ സ്രവങ്ങൾ ശേഖരിച്ച് ലാബിലേക്ക് അയക്കുക, നിരീക്ഷണത്തിലുള്ളവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന്‌ നോക്കുക... അങ്ങനെ തീരാത്ത ജോലികൾ. പ്രധാനമന്ത്രി ആഹ്വാനംചെയ്ത ജനതാകർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് ആളുകൾ വീടുകളിൽത്തന്നെയായിരുന്നു. വിജനമായ റോഡിലൂടെ അപ്പോഴും ആരോഗ്യപ്രവർത്തകരുമായി ആംബുലൻസുകൾ നിരന്തരം ഓടുകയായിരുന്നു; വിമാനത്താവളത്തിലും റെയിൽവേസ്റ്റേഷനുകളിലും ആരെങ്കിലും രോഗലക്ഷണവുമായി എത്തിയിട്ടുണ്ടെങ്കിൽ അവരെ ആശുപത്രികളിലെത്തിക്കാൻ. മഹാമാരിക്കിടയിലും ഇത്തരത്തിൽ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരാണ് ജീവിതം സമൂഹത്തിനായി അർപ്പിച്ച് ജോലിചെയ്യുന്നത്.

സമൂഹനന്മയ്ക്ക് ഉണർന്നിരിക്കുന്നവർ

ജില്ലയിലെ പല ആശുപത്രിയും ദിവസങ്ങളായി വിജനമായിരുന്നു. എന്നാലും മെഡിക്കൽ കോളേജിൽ ധാരാളം ആളുകൾ എത്തുന്നുണ്ടായിരുന്നു. പലതവണ സ്വരം കടുപ്പിച്ച് പറഞ്ഞിട്ടും ആശുപത്രിയിലെ തിരക്കുകുറയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ, പതിവിനുവിപരീതമായി ഞായറാഴ്ച തിരക്ക് വളരെ കുറവായിരുന്നെന്ന് അധികൃതർ പറഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ സ്വന്തം വാഹനമൊഴിവാക്കി ആംബുലൻസിലായിരുന്നു ആശുപത്രിയിലേക്ക് എത്തിയത്. ആളുകളുടെ ഭയം ഒഴിവാക്കാനാണ് പലരും വാഹനങ്ങൾ ഉപേക്ഷിച്ച് ആംബുലൻസിൽ യാത്ര തിരഞ്ഞെടുത്തത്. മിക്കവരും ഇടയ്ക്കിടെ മൊബൈൽഫോണുകൾവഴി കിട്ടുന്ന വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. രാജ്യത്ത് മരണനിരക്ക് ഉയർന്നതോടെ പലരുടെയും മുഖത്ത് ആശങ്ക നിഴലിച്ചെങ്കിലും ആളുകൾക്ക് ആത്മവിശ്വാസം പകരാൻ അവർ മറന്നില്ല.

ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടുന്ന സംഘത്തിലെ മിക്കവരും ഏഴുദിവസത്തിനിടയ്ക്ക് ആകെ ഉറങ്ങിയത് ഏഴും എട്ടും മണിക്കൂർമാത്രമാണ്. ഹോട്ടലുകളുംമറ്റും ഇല്ലാത്തതിനാൽ അധികപേരും ഭക്ഷണവുമായാണ് എത്തിയത്. മറ്റുചിലർ കാന്റീനിനെ ആശ്രയിച്ചു. വ്യക്തിഗത സുരക്ഷാഉപകരണങ്ങൾ(പി.പി.ഇ.) ധരിച്ചുകഴിഞ്ഞാൽ പിന്നെ അഞ്ചുമണിക്കൂർ കഴിഞ്ഞുമാത്രമാണ് ഒരു തുള്ളിവെള്ളംപോലും കുടിക്കാൻ കഴിയുകയുള്ളൂ. വേനൽക്കാലമായതിനാൽ ഉഷ്ണം പറഞ്ഞറിയിക്കാൻ പറ്റില്ലെന്ന് ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമർ ഫാറൂഖ് പറഞ്ഞു.

ബീച്ച്, മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി കൊറോണ രോഗികളെ പരിചരിക്കാൻമാത്രം പ്രത്യേകസംഘത്തിനെ നിയോഗിച്ചിട്ടുണ്ട്.

ഓരോചുവടും കൊറോണയെ തളയ്ക്കാൻ

ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കൊറോണനിയന്ത്രണസെല്ലുകളിൽ ഇന്നും നിരന്തരം ഫോൺകോളുകൾ വന്നു. പല കോളിലും സംശയങ്ങളും പരാതികളും ആശങ്കയും. മറ്റുചിലതിൽ ആംബുലൻസ് സേവനം ആവശ്യപ്പെട്ടും. വിവരങ്ങൾ ശേഖരിച്ച് സേവനസന്നദ്ധരായി നിൽക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് കൈമാറും. ഇതോടെ രോഗികളുമായി ആംബുലൻസുകൾ കുതിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ വിരലിലെണ്ണാവുന്ന ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഇവരിൽ രോഗലക്ഷണമുള്ളവരെയും മറ്റുസംസ്ഥാനങ്ങളിൽനിന്നെത്തിയ ആളുകളെയും കണ്ടെത്തി ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലേക്കെത്തിച്ചു. നാടിനെ സഹായിക്കാൻപറ്റുന്ന അവസരം ഇതൊക്കെയല്ലേയെന്ന് ആംബുലൻസ് ഡ്രൈവറായ ടി.കെ. അഷ്‌റഫ് പറഞ്ഞു.

ആശുപത്രിയിലെ മുക്കും മൂലയും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നു ശുചീകരണതൊഴിലാളികൾ. ഓരോ കിടക്കയും മേശയും സാധനങ്ങളും മറ്റും പ്രത്യേകമായെടുത്ത് ശുചീകരിച്ചു. ഒരു മുഖാവരണവും കൈയുറയുംമാത്രം ധരിച്ചാണ് പലരും ജോലിയിലേർപ്പെടുന്നത്. മെഡിക്കൽ ഷോപ്പുകളും ഞായറാഴ്ച തുറന്നുപ്രവർത്തിച്ചു.