കോഴിക്കോട്: മെഡിക്കൽ കോളേജ് റീജണൽ വൈറസ് റിസർച്ച് ആൻഡ്‌ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി (വി.ആർ.ഡി.എൽ.) പ്രവർത്തിക്കുന്നത് ഏറെ പരിമിതികളിൽ. കൊറോണ (കോവിഡ് 19) സാംപിളുകളുടെ (മൂക്കിലെയും തൊണ്ടയിലെയും സ്രവം) എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഒരു റിയൽ ടൈം പി.സി.ആർ. മെഷീനിലാണ് 30-നും 40-നും ഇടയിൽ വരുന്ന സാംപിളുകൾ പരിശോധിക്കുന്നത്. ഒരേസമയം 45 സാംപിളുകൾ വരെ പരിശോധിക്കാമെങ്കിലും ഒരു യന്ത്രത്തെമാത്രം ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പലതാണെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു.

സാങ്കേതികത്തകരാർ എന്തെങ്കിലും സംഭവിച്ചാൽ നടത്തിയ പരീക്ഷണങ്ങൾ വീണ്ടും ആദ്യംമുതൽ ചെയ്യേണ്ടിവരും. ഇത് ഫലം ലഭിക്കാനുള്ള സമയവും ജീവനക്കാരുടെ അധ്വാനവും പതിന്മടങ്ങ് വർധിപ്പിക്കുന്നു. 15 ലക്ഷം വിലവരുന്ന ഒരു റിയൽ ടൈം പി.സി.ആർ. യന്ത്രംകൂടി അത്യാവശ്യമായി അനുവദിക്കണമെന്ന് ഐ.സി.എം.ആറിനെയും സംസ്ഥാന ആരോഗ്യവകുപ്പിനെയും അറിയിച്ചിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ ലാബ് ആരംഭിച്ചത്. ലാബിന് സ്ഥലപരിമിതിയുമുണ്ട്. ബയോ സേഫ്റ്റി ലെവൽ 2 ലാബിന് മൈക്രോബയോളജി ജ്യേതിസ് ലാബിന് സമീപം സ്ഥലവും ഫണ്ടും തയ്യാറാണെങ്കിലും ടെൻഡർ നടപടിയൊന്നുമായിട്ടില്ല.

പിപ്പറ്റെ സാൻഡ് പിപ്പെറ്റെ ടിപ്‌സ്, പി.പി.ഇ. കിറ്റ്, ഹാൻഡ് റബ്, എൻ 95 മുഖാവരണം തുടങ്ങിയവയും ആവശ്യത്തിന് ലഭ്യമാക്കണം. ഓരോ സാംപിളുകൾ പരിശോധനയ്ക്കെടുക്കുമ്പോൾ വേണ്ട മുൻകരുതലുകൾ ഏറെ പ്രാധാന്യമുള്ളതാണ്. പരിശോധന പൂർത്തീകരിക്കാൻ നാലുമുതൽ അഞ്ചു മണിക്കൂർ വരെ സമയം വേണം. പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് പരിശോധന നടത്തുന്നത്.

ഒരു സീനിയർ സയന്റിസ്റ്റ്, രണ്ട് ജൂനിയർ സയന്റിസ്റ്റ്, നാല് ടെക്‌നീഷ്യന്മാരടക്കം ഏഴുപേരാണ് ലാബിൽ രാത്രി ഒമ്പത് മണിവരെ ജോലി ചെയ്യുന്നത്. ഒരു മെഷീൻകൂടി ലഭിച്ചാൽ ലാബ് 24 മണിക്കൂറും പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്ന് ലാബ് ജീവനക്കാർ പറഞ്ഞു. കൂടാതെ എം.ആർ.യു. (പാത്തോളജി) ലാബിലെ പരിശീലനം ലഭിച്ച സയന്റിസ്റ്റുമാരുടെയും ടെക്‌നീഷ്യന്മാരുടെയും സേവനം ഇവിടെ ഉപയോഗപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

അതേസമയം കോവിഡ് 19 പരിശോധനാഫലങ്ങൾ ഇവിടെനിന്ന് പുറത്തുവിടാൻ പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.