ബേപ്പൂർ: ബേപ്പൂർ ഉൾപ്പെടെയുള്ള മേഖലകളിൽ മാലിന്യം ശേഖരിക്കാതെ കുമിഞ്ഞുകൂടുന്നു. ഇപ്പോൾ ചുമതലയുള്ള ഏജൻസിയെ മാറ്റി ഹരിതകർമസേന മാലിന്യശേഖരണം തുടങ്ങുമെന്നാണ്‌ കോർപ്പറേഷൻ പറയുന്നതെങ്കിലും ഒന്നുംനടക്കുന്നില്ല.

നോർത്ത്‌ ബേപ്പൂർ ആസ്ഥാനമായുള്ള ഇക്കോഗാർഡ്‌സ്‌ ഫൗണ്ടേഷൻ ട്രസ്റ്റിനായിരുന്നു 15,000 വീടുകളിൽനിന്ന്‌ മാലിന്യം ശേഖരിക്കാനുള്ള ചുമതല. രണ്ടുവർഷമായി അവരാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. എന്നാൽ, ഹരിതകർമസേനയാണ്‌ മാലിന്യം ശേഖരിക്കുകയെന്നാണ്‌ കോർപ്പറേഷനിൽനിന്ന്‌ ലഭിക്കുന്ന മറുപടി.

രേഖാമൂലമുള്ള അനുമതിക്ക്‌ കോർപ്പറേഷൻ അധികൃതരെ ഇക്കോ ഗാർഡ്‌സ്‌ പ്രവർത്തകർ സമീപിച്ചപ്പോൾ അങ്ങനെ അനുമതിതന്നാൽ പിന്നീട്‌ നിയമപ്രശ്നമുണ്ടാകുമെന്നും ഹരിതകർമസേനയ്ക്കാണ്‌ മാലിന്യം നീക്കംചെയ്യുന്ന ജോലിയെന്നുമായിരുന്നു വിശദീകരണം.

ഹരിതകർമസേനയുടെ പ്രവർത്തനം തുടങ്ങാത്തതിനാൽ ഇപ്പോൾ പലയിടത്തും കുടുംബശ്രീ പ്രവർത്തകരാണ്‌ മാലിന്യം ശേഖരിക്കുന്നത്‌. അവർക്കാകട്ടെ എല്ലായിടത്തുമെത്താൻ പറ്റുന്നുമില്ല.

പന്നിയങ്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസിഡന്റ്‌സ്‌ അസോസിയേഷനുകളുടെ ഏകോപനസമിതി, മേയറെ മാലിന്യം നീക്കംചെയ്യപ്പെടാതെ കിടക്കുന്ന അവസ്ഥ ബോധ്യപ്പെടുത്തിയപ്പോൾ ഹരിതകർമസേന പ്രവർത്തനം തുടങ്ങുന്നതുവരെ ഇക്കോഗാർഡ്‌സ്‌ ഫൗണ്ടേഷൻതന്നെ ജോലി തുടരട്ടേയെന്ന്‌ വാക്കാൽ സമ്മതിച്ചതായി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഇക്കോഗാർഡ്‌സ്‌ ഫൗണ്ടേഷൻ കംപ്യൂട്ടർ പ്രൊഫഷണലുകളായ കെ. സബിത്‌പോൾ ഇമ്മാനുവേൽ, വി. ജിംഷാദ്‌ എന്നിവരുടെ ശ്രമഫലമായാണ്‌ സ്ഥാപിതമായത്‌. ഐ.ടി. രംഗത്ത്‌ വലിയ ശമ്പളം പറ്റിയിരുന്ന ഇരുവരും മാലിന്യനിർമാർജനത്തിനായി ജോലി ഉപേക്ഷിച്ച്‌ ഈ രംഗത്തെത്തുകയായിരുന്നു. ശാസ്ത്രീയമായ രീതിയിലാണ്‌ തങ്ങൾ എല്ലാ മാലിന്യവും നശിപ്പിച്ചിരുന്നതും റീസൈക്കിൾ ചെയ്തതുമെന്ന്‌ സ്ഥാപനത്തിന്റെ ചെയർമാൻ കെ. സബിത്‌പോൾ ഇമ്മാനുവേൽ പറഞ്ഞു.

മാലിന്യം ശേഖരിക്കാനായി ഫൗണ്ടേഷന്‌ 12 വണ്ടികളും 42 ജീവനക്കാരുമുണ്ടായിരുന്നു. ഇക്കോഗാർഡ്‌സ്‌ വണ്ടി ഈയടുത്ത്‌ അധികൃതർ തടഞ്ഞു. സ്ഥാപനത്തിന്‌ പിഴയിട്ടു. മാലിന്യം തിരിച്ചുകൊണ്ടുപോകാൻ നിർദേശിക്കുകയുംചെയ്തു. ഇതേത്തുടർന്ന്‌ ഇക്കോഗാർഡ്‌സ്‌ ഫൗണ്ടേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കയാണ്‌. കോർപ്പറേഷൻ വാക്കാൽ അനുവാദം നൽകിയ വീടുകളിൽനിന്നുമാത്രമേ ഇപ്പോൾ ഇക്കോഗാർഡ്‌സ്‌ മാലിന്യം ശേഖരിക്കുന്നുള്ളൂ.

മലിനീകരണനിയന്ത്രണബോർഡിന്റെ ലൈസൻസോടെ തുടങ്ങിയ ഇക്കോഗാർഡ്‌സ്‌ ഫൗണ്ടേഷനിലെ നാൽപ്പതിൽപ്പരം ജീവനക്കാർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. 12 വണ്ടികളുടെ പ്രവർത്തനം നിശ്ചലമാവുകയും ചെയ്തു. വീടുകളിലെ മാലിന്യശേഖരണത്തിനാവട്ടെ ഒരു വ്യക്തത ഉണ്ടാക്കാൻ അധികൃതർക്ക്‌ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

എന്തായാലും മാലിന്യം വീടുകളിൽ കുന്നുകൂടുന്ന അവസ്ഥയ്ക്ക്‌ ശാശ്വതപരിഹാരമുണ്ടാക്കണമെന്നേ നാട്ടുകാർ പറയുന്നുള്ളൂ.