: കൊറോണവ്യാപനം തടയാൻ ഒറ്റക്കെട്ടായ പ്രതിരോധമാണ് പ്രധാനമെന്നും നിപയുടെ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഘട്ടംഘട്ടമായ ഇടപെടലുകളാണ് കോർപ്പറേഷനിലെ എല്ലാ വാർഡുകളിലും നടത്തുന്നത്. സമൂഹത്തിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ഇടപെടൽ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം.

കൗൺസിലർ ചെയർമാനും ജെ.പി.എച്ച്.എൻ. കൺവീനറുമായി റാപിഡ് റെസ്പോൺസ് (ആർ.ആർ.ടി.) ടീം സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, കുടുംബശ്രീ, ആശാ പ്രവർത്തകർ എന്നിവരുൾപ്പെട്ടതാണ് ടീം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും കാര്യങ്ങൾ പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേകം നിരീക്ഷിക്കണമെന്നും തീരുമാനിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു.

വാർഡുതല ആർ.ആർ.ടി. പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മേയറുടെ അധ്യക്ഷതയിൽ കോർപ്പറേഷൻ തല ആർ.ആർ.ടി. 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പാളയം, മൊഫ്യൂസൽ സ്റ്റാൻഡ് എന്നിവിടങ്ങളിൽ രണ്ട് സ്ക്വാഡ് വീതവും കെ.എസ്.ആർ.ടി.സി., റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ മൂന്ന് ഷിഫ്റ്റുകളിലായി ആരോഗ്യ വിഭാഗം ജീവനക്കാരെയും മെഡിക്കൽ കോളേജിലെ വിദ്യാർഥികളെയും സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി 25 സ്ക്വാഡുകൾ വീതവും സജ്ജീകരിച്ചിട്ടുണ്ട്.

ബ്രേക്ക് ദി ചെയിൻ പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ സ്റ്റാൻഡിൽ നാലിടത്തും പാളയം, കെ.എസ്.ആർ.ടി.സി., മൂന്ന് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിൽ കൈകഴുകാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ജനത്തിരക്കുള്ള ഇടങ്ങളിലും സംവിധാനമുണ്ട്.

പ്രതിരോധത്തിന്റെ ഭാഗമായി കോർപ്പറേഷൻ കുടുംബശ്രീ യൂണിറ്റിൽനിന്ന് പ്രതിദിനം 5000 മുഖാവരണം ഉണ്ടാക്കുന്നുണ്ട്.

റീജണൽ ഡ്രഗ് കൺട്രോൾ ഓഫീസുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ ഓഫീസുകളിലും ക്ലിനിക്കുകളിലും സാനിറ്റൈസർ ലഭ്യമാക്കും. 500 ലിറ്റർ സാനിറ്റൈസറാണ് ഉണ്ടാക്കുന്നത്.

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ജനങ്ങൾക്ക് അറിയിക്കാം. ഫോൺ: 8281550744.

ബാറുകൾ അടച്ചിടണമെന്ന് കൗൺസിലർമാർ

നഗരപരിധിയിലെ ബാറുകൾ അടച്ചിടാനും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാനും നടപടിയെടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ബിവറേജസുകളിൽ ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.

മറ്റ് ആവശ്യങ്ങൾ ഇങ്ങനെ

തൊഴിൽ മേഖലകളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ദിവസക്കൂലി കൊണ്ട് ജീവിക്കുന്നവരാണ് ഇതുകാരണം കഷ്ടത്തിലായിട്ടുള്ളത്. സൗജന്യറേഷൻ ഉറപ്പാക്കാൻ കഴിയണം. സൂപ്പർ മാർക്കറ്റുകളിൽ നടക്കുന്ന ആഴ്ച ച്ചന്തയ്ക്ക് തിരക്കേറെയാണ്. ആളുകൾ അടുത്തിടപെടാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കണം.

കോർപ്പറേഷൻ ഓഫീസിലുൾപ്പെടെ നികുതിയാവശ്യങ്ങൾക്കും മറ്റും എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കണം. വിദേശത്തുനിന്ന് വരുന്ന പലരും വിവരം മറച്ചുവെച്ച് നടക്കുന്നുണ്ട്. അതൊഴിവാക്കാൻ നടപടിയെടുക്കണം. എന്നാൽ ശത്രുക്കളായി കാണരുത്.

വയോജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ നേരത്തേ വീടുകളിൽ പോയി പരിശോധിച്ചിരുന്ന മൊബൈൽ ഡിസ്പെൻസറി സംവിധാനം വീണ്ടും തുടങ്ങണം.

മാങ്കുനിത്തോട് പോലെയുള്ള പല നീർച്ചാലുകളും രോഗം പരത്തുന്ന രീതിയിൽ മലിനമാണ്. മാലിന്യം കൃത്യമായി സംസ്കരിക്കാത്തത് പ്രശ്നമാണ്.

ചില അൺ എയ്ഡഡ് സ്കൂളുകളിൽ യൂണിഫോം ഒഴിവാക്കി ക്ലാസ് നടത്തുന്നുണ്ട്. അതിനെതിരേ നടപടിയെടുക്കണം.

ബൈപ്പാസിൽ ലോറികൾ നിർത്തിയിട്ട് പല നാടുകളിൽനിന്ന് വന്നവർ അവിടെത്തന്നെ തുടരുന്ന സ്ഥിതിയുണ്ട്. അത് മാറ്റണം.

പി.എം. സുരേഷ് ബാബു, സി. അബ്ദുറഹിമാൻ, നമ്പിടി നാരായണൻ, എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ, എം.സി. കുഞ്ഞാമുട്ടി, വിദ്യാ ബാലകൃഷ്ണൻ, കെ.കെ. റഫീഖ്, എം.സി. അനിൽകുമാർ, സി.കെ. സീനത്ത്, എൻ. സതീഷ് കുമാർ, കെ. നിർമല, എം.എം. പത്മാവതി, കെ. നജ്മ, എൻ.പി. പത്മനാഭൻ, കെ.സി. ശോഭിത, കെ.ടി. ബീരാൻ കോയ, ടി.സി. ബിജുരാജ്, ആർ.വി. ആയിഷാബി തുടങ്ങിയവർ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.

വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വീഡിയോ കോൺഫറൻസിലൂടെ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തു. അസാധാരണമായ സാഹചര്യമാണെന്നും അതുകൊണ്ട് അസാധാരണമായ പ്രതിരോധം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ തടങ്കലിലല്ല. ഹൗസ് ക്വാറന്റൈന് പകരം കെയർ സെന്റർ എന്നാണ് നിരീക്ഷണത്തെ പറയേണ്ടത്. അവർക്ക് സാധാരണജീവിതം ഉറപ്പാക്കണം. മരുന്ന് - ഭക്ഷണ ലഭ്യത ഉറപ്പാക്കണം. കെയർ സെൻററിൽനിന്ന് ചാടിപ്പോകാൻ അനുവദിക്കരുത്. എന്നാൽ, ബലപ്രയോഗം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ട്‌ ചില പള്ളികളിൽ നമസ്കാരമുൾപ്പെടെ നിർത്തിവെച്ചു. ഇത്തരത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കണം. അതുപോലെ ആസ്പത്രി സൗകര്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.