കക്കോടി: അപകടഭീഷണിയായി മാറിയ തെരുവത്ത്താഴം - പൊട്ടംമുറി റോഡിലെ അഴുക്കുചാൽ നവീകരണം തുടങ്ങി. 2018-ലെ വെള്ളപ്പൊക്ക സമയത്ത് സമീപത്തെ സ്കൂളിനടുത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കളക്ടറുടെ നിർദേശപ്രകാരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആഴത്തിലുള്ള ചാല് കീറിയിരുന്നു. ആസൂത്രണമില്ലാതെ അപകടകരമായ രീതിയിൽ ചാല് കീറിയതിനെത്തുടർന്ന് നാട്ടുകാരിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. വീടുകളിലേക്കുള്ള വഴിയും തടസ്സപ്പെട്ടിരുന്നു. കുഴികൾനിറഞ്ഞ് റോഡും ശോച്യാവസ്ഥയിലായി. നിരന്തര പരാതിയെത്തുടർന്ന് ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് നവീകരണം തുടങ്ങുന്നത്. റോഡ് വീതികൂട്ടി അഴുക്കുചാൽ നിർമിക്കുന്നതിന് ജില്ലാപഞ്ചായത്ത് 30 ലക്ഷംരൂപയാണ് അനുവദിച്ചത്. അഴുക്കുചാലിന് സ്ലാബിടുന്നതോടെ റോഡിനും വീതി കൂടും. അഴുക്കുചാലിലൂടെ കൾവേർട്ടിലേക്ക് വെള്ളമെത്തിച്ച് ഒഴുക്കി വിടാനാണ് ഉദ്ദേശിക്കുന്നത്. റോഡ് വീതികൂട്ടുന്നതിനായി സ്ഥലം നൽകുന്നതിന് സമീപത്തെവീട്ടുകാർ സന്നദ്ധത അറിയിച്ചതായി വാർഡ് അംഗം ശ്രീലതാ ബാബുപറഞ്ഞു. കുറഞ്ഞ ഭാഗത്തുകൂടി വീട്ടുകാർ സ്ഥലം നൽകേണ്ടതുണ്ട്. പൊട്ടംമുറി റോഡിനോട് ബന്ധിപ്പിക്കുന്ന രീതിയിൽ മുഴുവൻഭാഗവും അഴുക്കുചാൽ പണിയുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതായി വാർഡ് മെമ്പർ പറഞ്ഞു.