: സമരംനടത്തുന്ന കരാറുകാരുമായി വാട്ടർ അതോറിറ്റി അധികൃതർ നടത്തിയ ചർച്ചയിലും തീരുമാനമായില്ല. നിലവിലുള്ള സാഹചര്യം പരിഗണിച്ച് പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണി ചെയ്യണമെന്ന് കരാറുകാരോട് അഭ്യർഥിച്ചെങ്കിലും അതിന് പറ്റില്ലെന്ന് അവർ വ്യക്തമാക്കി.
കേരള ഗവ.കോൺട്രാക്ടേഴ്‌സ് ഫെഡറേഷന്റെയും അസോസിയേഷന്റെയും(വാട്ടർ അതോറിറ്റി) നേതൃത്വത്തിലാണ് സമരം. സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ഉത്തരമേഖലയിൽ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെയും വയനാട്ടിലെയും ഭാരവാഹികളുടെയും യോഗമാണ് അധികൃതർ വിളിച്ചത്.
എം.എൽ.എ.ഫണ്ട്, പ്ലാൻഫണ്ട്, പ്രളയം എന്നിങ്ങനെ വിവിധരീതികളിൽ നടത്തിയ പണിക്ക് 1000 കോടിക്ക് മുകളിലാണ് കരാറുകാർക്ക് നൽകാനുള്ളത്. സർക്കാരിന്റെ ഭാഗത്തുനിന്ന് സംസ്ഥാനതലത്തിൽ ഒരുതീരുമാനമാകാതെ സമരംനിർത്താനാവില്ലെന്ന് ജില്ലാസെക്രട്ടറി എൻ. റിയാസ് പറഞ്ഞു.
നഗരത്തിന്റെ എല്ലാഭാഗങ്ങളിലും കുടിവെള്ളം പ്രശ്‌നം രൂക്ഷമാണെന്നിരിക്കെ കരാറുകാർ പണി ഏറ്റെടുക്കണമെന്ന് ചീഫ് എൻജിനീയർ ഷാജഹാൻ നിർദേശിച്ചു. എന്നാൽ കരാറുകാർ ഇതിന് തയ്യാറായിട്ടില്ല. മേയർ തോട്ടത്തിൽ രവീന്ദ്രനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ എന്തെങ്കിലും നടപടിയെടുക്കാനാവുമോയെന്നാണ് ശ്രമിക്കുന്നതെന്ന് മേയർ വ്യക്തമാക്കി.