ഷവോമിയുടെ രണ്ട് സ്മാർട്ട്‌ഫോണുകൾകൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 പ്രൊ എന്നീ ഫോണുകളാണ് വിപണിയിലേക്കെത്തുന്നത്. രണ്ട് ഫോണുകളും ക്വാഡ്കോർ ക്യാമറയുള്ളതാണ് എന്ന പ്രത്യേകതയുണ്ട്. ഒപ്പം ഇരു ഫോണുകളിലും ഹോൾ പഞ്ച് ഡിസ്‌പ്ലെയുമുണ്ട്.
രണ്ട് നാനോ സിംകാർഡുകൾ ഉപയോഗിക്കാനാവുന്നതാണ് നോട്ട് 9 പ്രൊ മാക്സ്. ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും പ്രവർത്തിക്കുക. 6.67 ഇഞ്ച് ഫുൾ എച്ച്.ഡി. പ്ലസ് ഐ.പി.എസ്. ഡിസ്‌പ്ലെയുണ്ട്. ട്രിപ്പിൾ കോർണിങ് ഗൊറില്ല ഗ്ലാസ് 5-ന്റെ സംരക്ഷണം ഫോണിന്റെ മുൻ-പിൻ ഭാഗങ്ങളിലും പിൻക്യാമറയ്ക്കുമുണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രോസസറാണുള്ളത്. എട്ട് ജി.ബി.യാണ് റാം. ക്വാഡ് കോർ ക്യാമറാ സെറ്റപ്പാണ് പിൻഭാഗത്തുള്ളത്. 64 എം.പി. ക്യാമറയാണ് പ്രധാനപ്പെട്ടത്. അൾട്രാ വൈഡാംഗിൾ ലെൻസുള്ള എട്ട് മെഗാപിക്സലിന്റെ രണ്ടാം സെൻസർ, അഞ്ച് മെഗാപിക്സലിന്റെ മാക്രോ ഷൂട്ടർ, രണ്ട് മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ എന്നിവയാണുള്ളത്. സെൽഫിക്കായി 32 എം.പി.യുടെ ക്യാമറയുമുണ്ട്.
റെഡ്മി നോട്ട് 9 പ്രോ മാക്സ് 64 ജി.ബി. 128 ജി.ബി. ഓൺബോർഡ് സ്റ്റോറേജുകളിലാകും ലഭ്യമാവുക. 512 ജി.ബി.വരെയുള്ള മാക്രോ എസ്.ഡി. കാർഡുകൾ ഉപയോഗിക്കാനാകും. 4 ജി വോൾട്ടെ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്/ എ-ജി.പി.എസ്., ഇൻഫ്രാ റെഡ്, നാവിക്, യു.എസ്.ബി-ടൈപ്പ് സി, 3.5 എം.എം. ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. ഫോണിന്റെ വശത്താണ് ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നത്. 5020 എം.എ.എച്ച്. ബാറ്ററിയുണ്ട്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നതാണ് ഫോൺ. രൂപകൽപ്പനയിലും സ്പെസിഫിക്കേഷനിലും നോട്ട് 9 െപ്രാ മാക്സുമായി സാമ്യമുള്ളതാണ് നോട്ട് 9 പ്രൊ. അതേസമയം ശ്രദ്ധേയമായതരത്തിലുള്ള ചില മാറ്റങ്ങളുമുണ്ട്. ആൻഡ്രോയ്ഡ് 10 തന്നെയാണ് ഈ ഫോണിന്റെയും ഒ.എസ്. രണ്ട് സിംകാർഡുകൾ ഉപയോഗിക്കാനാകും. 6.67 ഇഞ്ച് തന്നെയാണ് സ്‌ക്രീൻ വലിപ്പം. കോർണിങ് ഗ്ലാസ് സംരക്ഷണം ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് ഇതിലുമുള്ളത്. ആറ് ജി.ബി.യാണ് റാം. പിൻഭാഗത്ത് നാല് ക്യാമറകളുണ്ട്. പ്രധാന ക്യാമറ 48 മെഗാപിക്സലിന്റെ സാംസങ് ഐസോസെൽ ജി.എം. 2 ലെൻസുള്ളതാണ്. രണ്ടാം ക്യാമറ എട്ട് മെഗാപിക്സലിന്റെ 120 ഡിഗ്രി അൾട്രാ വൈഡാംഗിൾ ലെൻസുള്ളതാണ്. മൂന്നാമത്തെ സെൻസർ അഞ്ച് മെഗാപിക്സലിന്റേതാണ്. നാലാം ക്യാമറയാകട്ടെ രണ്ട് എം.പി.യുടെ ഡെപ്ത് സെൻസറാണ്. മുൻവശത്ത് 16 എം.പി.യുടെ സെൻസറും ഉപയോഗിച്ചിട്ടുണ്ട്.