: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബസുകളിലും തീവണ്ടികളിലും അണുനശീകരണം നടത്തി. സിറ്റി ജനമൈത്രി പോലീസ്, അസോസിയേഷൻ ഓഫ് ക്ലിനിക്കൽ മൈക്രോ ബയോളജിസ്റ്റ് ആൻഡ് ബയോ കെമിസ്റ്റ്, മെഡിക്കൽ മൈക്രോ ബയോളജി, ബയോ കെമിസ്ട്രി സ്റ്റുഡന്റ്സ് അസോസിയേഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസുകൾ അണുവിമുക്തമാക്കി.
 ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായാണ് ശുചീകരണം. കോഴിക്കോട്ട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകളിലാണ് അണുനശീകരണം നടത്തിയത്. ട്രാഫിക് നോർത്ത് അസിസ്റ്റന്റ് കമ്മിഷണർ പി.വി. രാജു, സൗത്ത് അസിസ്റ്റൻറ് കമ്മിഷണർ ബിജുരാജ്, കസബ എസ്.ഐ. മാരായ വി. സിജിത്ത്, ഷമീർ തുടങ്ങിയവർ  നേതൃത്വം നൽകി.
കോഴിക്കോട് റെയിൽവേസ്റ്റഷനിൽ നിന്ന്‌ യാത്ര തിരിക്കുന്ന ട്രെയിനുകളാണ്‌ ജെറ്റ് മെഷീൻ ഉപയോഗിച്ച് അണുനശീകരണം നടത്തിയത്‌.
തൃശ്ശൂർ ,കണ്ണൂർ, ഷൊർണൂർ പാസഞ്ചറുകളും ജനശതാബ്ദിയുമാണ് വൃത്തിയാക്കിയത്.  യാത്രക്കാർ പ്രധാനമായും ഉപയോഗിക്കുന്ന വിൻഡോ ബാർ, പ്ലാറ്റ് ഫോം, ഡോർ ഹാൻഡിൽ, ബാത്ത് റൂം ഫ്ലഷ്, സീറ്റുകൾ തുടങ്ങിയ ഭാഗങ്ങളൊക്കെ അണുവിമുക്തമാക്കി. റെയിൽവേയുടെ കാരേജ് ആൻഡ് വാഗൻവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ എല്ലാദിവസവും അണുനശീകരണം നടത്തും.