തന്നാരേ..തന്നാരേ.. സംഗീതജ്ഞൻ എം. ജയചന്ദ്രൻ ഈണമിട്ടപ്പോൾ നാലാം ക്ലാസ് ഡി- യിലെ കെ.പി. രേണുമോൾക്ക് സംശയിക്കാനില്ലായിരുന്നു. ചാടിയെഴുന്നേറ്റ് കുട്ടി പാടി : കൊണ്ടോരാം...കൊണ്ടോരാം.... ഒടിയനിലെ പാട്ടുപാടിയ കൊച്ചുരേണുവിന് പത്തിൽ നൂറുമാർക്കെന്ന്്് പാട്ടുകാരൻ. കല്യാണക്കച്ചേരി പാടാമെടീ.. എന്നതായി അടുത്തപാട്ട്. പിന്നെ, തുടരെ താളമിട്ട്്് ഇഷ്ടഗായകൻ. പാടാൻ കുരുന്നുകളും.
ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ ഇന്റർനെറ്റ് റേഡിയോ ഉദ്ഘാടനച്ചടങ്ങാണ് രംഗം. സാർ പാടണമെന്ന് ജയചന്ദ്രനോട് കുട്ടികൾ. എന്റെ പാട്ടുകൾ പാടുന്നത് എനിക്ക് ഇഷ്ടമല്ലെന്നായി ജയചന്ദ്രൻ. എന്നാൽ സാറിന്റെ അച്ഛന് ഇഷ്ടമായ പാട്ട് പാടണമെന്ന് കുട്ടിക്കൂട്ടം. ഞാനും അച്ഛനും പാട്ടിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അക്കാര്യം വരുമ്പോൾ രണ്ടുപേരും അവാർഡ് സിനിമ പോലെയായിരുന്നെന്നും സംഗീതസംവിധായകൻ.
അവസാനം കോംപ്രമൈസ്. നമുക്കൊരു മ്യൂസിക്കൽ ക്വിസ് ആവാം. കൊച്ചുകുട്ടികൾ നന്നായി മുന്നേറിയപ്പോൾ പത്താം ക്ളാസുകാരി പൂജ എഴുന്നേറ്റ് മുന്നോട്ടുവന്നു. കല്ലായി കടവത്തെ... ബാക്കി പാടാൻ പാട്ടുകാരനെ നിർബന്ധിച്ചു. പാട്ടുമുഴുവൻ കുട്ടിയെക്കൊണ്ട് തന്നെ പാടിച്ച് താളത്തിൽ കൈയടിച്ച് ജയചന്ദ്രനും അധ്യാപകരും സ്കൂൾ മുറ്റം നിറയെ കുട്ടികളും. അറിവും വിനയവുംകൊണ്ട് ജീവിതം മോടിപിടിപ്പിക്കണമെന്നും അധ്യാപകൻ പഠനമാർഗനിർദേശംമാത്രം നല്കുമ്പോൾ ഗുരു വ്യക്തിനിർമാണം നടത്തുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞു.
ഞങ്ങളുടെ കൊച്ചുറേഡിയോ സ്റ്റേഷനിലും വരണമെന്ന് കുട്ടികൾക്ക് നിർബന്ധം. ‘ടൈറ്റ് ഷെഡ്യൂളി’ന് നിർബന്ധിത അവധി. കുട്ടികളുടെ ആർ.ജെ. ഗൗതം രാജീവിനും എസ്. സാത്വികയ്ക്കും തുരുതുരെ ചോദ്യംചോദിക്കാൻ അവസരം. അഞ്ചാംക്ലാസിൽ പാടിത്തുടങ്ങിയതും എൻജിനിയറായ ജയചന്ദ്രൻ പാട്ടുകാരനായതും എപ്പോഴും പഠിക്കാൻമാത്രം പറയുന്ന അച്ഛനമ്മമാരെ എങ്ങനെ ഒന്നൊതുക്കാമെന്നതുമൊക്കെ അവർ ചോദിച്ചറിഞ്ഞു. ജയചന്ദ്രൻ, ഗിരീഷ് പുത്തഞ്ചേരിയുടെ ‘ഒരു രാത്രി കൂടി വിടവാങ്ങവേ... ‘ നാലുവരി പാടിക്കഴിഞ്ഞപ്പോൾ അടുത്തുനിന്ന പ്ലസ് ടു ക്ലാസിലെ നിഷ സുധീറിനോട് പാടാമോയെന്ന് ചോദിച്ചു. കേട്ടമാത്രയിൽ കുട്ടി നന്നായി പാടി. ഒരു പാട്ടുമുഴുവൻ. കൊച്ചു റേഡിയോ ജോക്കികളുടെ അവസാന ചോദ്യം- ഞങ്ങളുടെ ഭവൻസ് സ്കൂളിന് എത്രമാർക്ക് നല്കും ? എ യോ എവണ്ണോ ? ഉടനെ എ- എക്സ്ട്രീം എന്നു മറുപടി. എല്ലാവരും ഫുൾ ഹാപ്പി.
താൻ പഠിക്കുമ്പോൾ ഇതൊന്നുമില്ലായിരുന്നു. കുഞ്ഞുങ്ങളുടെ ക്രിയാത്മക വളർച്ചയ്ക്ക് ഇത് അനുഗ്രഹമാണ്. റേഡിയോ കൂട്ടായ്മയുടെ മാധ്യമമാണ്. ‘മാമാങ്ക’ത്തിന്റെ പാട്ടുകാരൻ ക്ലബ്ബ് എഫ്.എം. 104.8 ലെ പ്രതിനിധികളോട് പറഞ്ഞു. മമ്മൂട്ടിയും യേശുദാസും ഒരുമിക്കുന്ന സിനിമയുടെ പാട്ടാണ് അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഉദ്ഘാടന യോഗത്തിൽ പ്രിൻസിപ്പൽ താരാ കൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ സുജാതാ രാജഗോപാൽ, പി.ടി.എ. പ്രസിഡന്റ് ഡോ. കെ. ചിത്ര, സെക്രട്ടറി ശ്രീറാം, അസി. ഹെഡ് ബോയ് കെ.പി. യയാതി എന്നിവർ സംസാരിച്ചു.