: കനകനിറം പരത്തി മേടമാസത്തിന്റെ വരവറിയിച്ച് കണിക്കൊന്ന പൂത്തുനിൽക്കുകയാണ് എല്ലായിടത്തും. വയലുകളിൽ വിളവെടുപ്പിന്റെ കാലം. ഒറ്റയുംതെറ്റയുമായി പടക്കങ്ങളും പൊട്ടിത്തുടങ്ങി. വിഷു പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.

കൈപൊള്ളാതെ പടക്കം കത്തിക്കാം

ഇത്തവണ വിഷുവിന് പൊട്ടിക്കുമ്പോൾ അപകടംപറ്റാത്ത പടക്കങ്ങളുമുണ്ട്. നിലച്ചക്രം, കമ്പിത്തിരി, കയർ, പൂക്കുറ്റി തുടങ്ങിയവ കത്തിക്കുമ്പോൾ പൊള്ളൽ ഏൽക്കാത്ത തരത്തിലുള്ള കൂൾ ഫയറുകളാണ് ട്രെൻഡ്.

200 രൂപ മുതലാണ് വില. കൂടാതെ ഫയർ ഗൺ എന്ന പുതിയതരം കമ്പിത്തിരികളുമുണ്ട് വിപണിയിലെ പുത്തൻതാരമായി. തോക്കിന്റെ ആകൃതിയിലുള്ള കമ്പിത്തിരിക്ക് 240 രൂപ മുതലാണ് വില. പുതിയതായി വിപണിയിലെത്തിയ അരമീറ്റർ നീളത്തിലുള്ള ഭീമൻപൂക്കുറ്റിക്കും ആവശ്യക്കാരേറെയുണ്ട്. ഒന്നിന് 500 രൂപയാണ് വിലയെങ്കിലും സംഭവം കിടിലനെന്ന് വാങ്ങുന്നവർ പറയുന്നു. ഒരു ഇലക്‌ട്രിക് പോസ്റ്റിന്റെ ഉയരത്തിൽ നാലു മിനിറ്റോളം പൂക്കുറ്റി കത്തും. കൂടാതെ വിവിധ വർണംപൊലിക്കുന്ന പൂക്കുറ്റികളും വിപണിയിലുണ്ട്. പൂരത്തിന് സമാനമായി മാനത്ത് 60 നിറങ്ങൾ വിതറുന്ന മൾട്ടികളറും എത്തികഴിഞ്ഞു. മുൻവർഷങ്ങളിൽ പച്ച, ചുവപ്പ്, മഞ്ഞ തുടങ്ങിയ നിറങ്ങളായിരുന്നു. ഇത്തവണ സിൽവർ, വയലറ്റ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളുണ്ടാവും. പുകയും കാതടപ്പിക്കുന്ന ശബ്ദവും കുറയ്ക്കുന്ന രീതിയിലുള്ള പടക്കങ്ങളാണ് കൂടുതലുമുള്ളത്. കമ്പിത്തിരി, പൂക്കുറ്റി, മത്താപ്പ്, നിലച്ചക്രം, മാലപ്പടക്കം, കയർ തുടങ്ങിയവ ഉൾകൊള്ളിച്ച് കിറ്റും വിപണിയിലുണ്ട്. 1200 മുതൽ 1500 രൂപവരെയാണ് വില. മാലപ്പടക്കത്തിൽ ട്രെൻഡ് ഒടിയനും പുലിമുരുകനുമാണ്. പതിനായിരം ഇതളുകളുള്ള മാലപ്പടക്കത്തിന്റെ വില മൂവായിരത്തിന് മുകളിലാണ്

കണികാണാൻ ഒരുങ്ങിക്കോളൂ എല്ലാം റെഡി

മഞ്ഞച്ചേല ചുറ്റിയ കണ്ണനെ കണികാണണം. അതിനുവേണ്ടി കണിയൊരുക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹങ്ങളും ആറന്മുള്ള കണ്ണാടിയുമെല്ലാം വിപണിയിലെത്തിക്കഴിഞ്ഞു. ഡെൽഹി, ആഗ്ര, അലിഗഢ്‌, പുണെ, ലഖ്‌നൗ, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്‌പുർ, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ളവയാണവ. ബ്ലാക്ക് മെറ്റൽ, മാർബിൾ, സ്റ്റോൺ, ഫൈബർ, വൈറ്റ്മെറ്റൽ, വുഡ്, ക്രിസ്റ്റൽ എന്നിവയിൽ തീർത്ത വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 100 രൂപ മുതൽ 30,000 രൂപ വരെയാണ് വില.

മാനാഞ്ചിറ ലൈബ്രറി കെട്ടിടത്തിൽ കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ശ്രീകൃഷ്ണവിഗ്രഹങ്ങളുടെ പ്രദർശനമുണ്ട്. വിലയിൽ 10 ശതമാനം കിഴിവുണ്ട്. കൃഷ്ണവിഗ്രഹങ്ങളുമായി തെരുവുകച്ചവടക്കാരുമുണ്ട്. 40 രൂപ മുതൽ മുകളിലേക്കാണ് ശ്രീകൃഷ്ണവിഗ്രഹങ്ങളുടെ വില.

വിഷുക്കണിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ആറന്മുള കണ്ണാടി. 2200 രൂപ മുതൽ 16,000 രൂപവരെയുള്ള കണ്ണാടികൾ വിപണിയിലുണ്ട്. പൾപ്പ്, ഫൈബർ, മരം, പിച്ചള എന്നിവയിലുള്ള വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ. സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ കൈരളി ഷോറൂമിൽ വിഷു വിപണനമേളയും ആറന്മുള കണ്ണാടികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. മാസങ്ങൾക്കുമുമ്പുതന്നെ കണിക്കൊന്നകൾ പൂത്തുതുടങ്ങിയിരുന്നു. പലയിടങ്ങളിലും കൊന്നപ്പൂ കൊഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. വിഷുവിന് കണിയൊരുക്കാൻ ഇനി കൊന്നപ്പൂവ് ഇല്ലെങ്കിലും പേടിക്കേണ്ട. കാരണം വിപണികളിൽ പ്ലാസ്റ്റിക് കൊന്നപ്പൂക്കളും റെഡിയാണ്!

സദ്യയുണ്ണാം

ഇത്തവണ ജൈവപച്ചക്കറികൾ കൂട്ടി സദ്യയുണ്ണാം. കാക്കൂർ, മാവൂർ, വേങ്ങേരി, പെരുമണ്ണ, കുറ്റിക്കാട്ടൂർ എന്നിവിടങ്ങളിൽ കർഷകകൂട്ടായ്മങ്ങളുടെയും റെസിഡന്റസ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ കൃഷിയിറക്കിയിരുന്നു. വാഴക്കുല, വെണ്ട, വഴുതനങ്ങ, പയർ, ചുരങ്ങ, മത്തൻ, പടവലം, പച്ചമുളക്, ചീര തുടങ്ങി വിഷുവിന് വിഭവങ്ങളൊരുക്കാനുള്ള പച്ചക്കറികളെല്ലാം ഇവർ കൃഷിചെയ്തിട്ടുണ്ട്. വേങ്ങേരി നഗര കാർഷിക മൊത്തവിപണനകേന്ദ്രത്തിൽ നാലര ടൺ നാടൻ പച്ചക്കറിയാണ് ലേലത്തിനായി എത്തിച്ചത്. കണിവെള്ളരി കൃഷിയുടെ വിളവെടുപ്പും മിക്കസ്ഥലങ്ങളിലും പൂർത്തിയായി. നാടൻ കൃഷിരീതിയിൽ വർഷങ്ങളായി കൃഷിയിറക്കുന്നവരാണ് ഒട്ടേറെപ്പേരും. 30 മുതൽ 45 രൂപയാണ് കണിവെള്ളരിയുടെ വില. കടുത്തചൂട് വലച്ചെങ്കിലും തെറ്റില്ലാത്തരീതിയിൽ വിളവെടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കർഷകർ. വേങ്ങേരി, എലത്തൂർ, കുരുവട്ടൂർ എന്നിവിടങ്ങളിൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി ചന്തകളുമുണ്ട്.

വിഷുക്കോടിയെടുക്കാനും തിരക്ക്

ഓണക്കോടിയാണ് പതിവെങ്കിലും വിഷുവിനും പുത്തൻവസ്ത്രങ്ങൾ എടുക്കുന്നവരാണ് മലബാറുകാർ. വലിയ ഓഫറുകളുമായാണ് തുണിക്കടകൾ വിഷുക്കച്ചവടം പൊടിപൊടിക്കുന്നത്. നഗരത്തിൽ ഖാദി-കൈത്തറി മേളകളും വസ്ത്രമേളകളുമുണ്ട്. മിഠായിത്തെരു ഖാദി എംപോറിയത്തിലും ജില്ലാ കൈത്തറി വികസനസമിതിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിലും കൈത്തറിമേളകളുണ്ട്. സാരികൾ, കുർത്തകൾ, ഷർട്ടുകൾ, അലങ്കാരവസ്തുകൾ എന്നിവയെല്ലാമാണ് പ്രധാനമായുള്ളത്. റിബേറ്റോടെയാണ് വിൽപ്പന. കോട്ടൺ സാരികൾ, സെറ്റ് മുണ്ടുകൾ, ദോത്തികൾ, കൈലികൾ, മേശവിരികൾ എന്നിവയും മേളയിലുണ്ട്.

വസ്ത്രവിൽപ്പനയുമായി മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള തെരുവുകച്ചവടക്കാരും സജീവമാണ്.