മാധവൻ എന്ന എഴുപതുകാരന്റെ മനസ്സും കഠിനാധ്വാനവുമാണ് എരഞ്ഞിപ്പാലം ജങ്ഷനിൽ ചിരിതൂകിനിൽക്കുന്ന പൂക്കൾ. പത്തുമാസത്തോളമായി അദ്ദേഹം അവ ഒരു ദിനചര്യപോലെ പരിപാലിക്കുകയാണ്. ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ മാധവൻ നേരെ എരഞ്ഞിപ്പാലം ജങ്ഷനിലെത്തും. പിന്നെ  മണിക്കൂറുകളോളം അവിടെ തന്നെയാണ്. പൂക്കൾ നനച്ചും മണ്ണിട്ടുകൊടുത്തും സ്വന്തംവീട്ടിലെ പൂന്തോട്ടം പോലെയാണ് പിരിപാലനം. എരഞ്ഞിപ്പാലം കാവുങ്ങൽതാഴം കൃപ നിവാസിൽ മാധവൻ  ആരും നിർദേശിച്ചിട്ടല്ല ദേശീയപാതയിൽ വസന്തം വിരിയിക്കാൻ ഇറങ്ങിത്തിരിച്ചത്. സ്വന്തംനാട് മനോഹരമായി സൂക്ഷിക്കുന്നത് സംതൃപ്തിനൽകുന്നുണ്ടെന്നാണ് ഇതേക്കുറിച്ച് മാധവന് പറയാനുള്ളത്. തേപ്പുപണിക്കാരനാണ് മാധവൻ. ജോലിചെയ്തുകിട്ടുന്ന വരുമാനത്തിന്റെ ഏറിയപങ്കും ഇദ്ദേഹം ഇവിടെ ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്  എരഞ്ഞിപ്പാലം  ജങ്ഷന്റെ ഇരുവശത്തുമായി ദേശീയപാതയുടെ ഡിവൈഡറിൽ ഈ പൂങ്കാവനം സൗരഭ്യംപരത്തി നിൽക്കുന്നത്. ഏതാണ്ട് 200 മീറ്റർ നീളത്തിലാണ് തോട്ടമൊരുക്കിയിരിക്കുന്നത്. സദാസമയവും വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയുടെ നടുവിൽ ചെത്തിയും മുല്ലയും വാടാർമല്ലിയും കാശിത്തുമ്പയും പനിനീരുമെല്ലാം പൂവിട്ടുനിൽക്കുന്നു. നാലുമണിപ്പൂ, പത്തുമണിപ്പൂ എന്നിവയും പനികൂർക്ക, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളും നന്നായി വളരുന്നു.

വിവിധ വർണങ്ങളിലുള്ള ഇലച്ചെടികളും ഹരിതകാന്തി പകരുന്ന കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ദേശീയപാത വീതികൂട്ടിയതിനുശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്ന ഡിവൈഡറിൽ വീട്ടിൽനിന്ന് കുറച്ചുചെടി കൊണ്ടുവന്നു നട്ടായിരുന്നു തുടക്കം. പിന്നെ പല നഴ്‌സറികളിൽനിന്നായി ചെടികൾ വിലകൊടുത്തുവാങ്ങി കൊണ്ടുവന്നു നട്ടു. പണിക്കുപോകുന്ന വീടുകളിൽനിന്ന് ചെടികൾ ചോദിച്ചുവാങ്ങാറുണ്ട്. കത്തുന്ന വേനലിൽ ഇവ വാടാതെ സംരക്ഷിക്കുകയെന്നത് വെല്ലുവിളിയായിരുന്നു. ആ സമയത്ത് വെള്ളവും വളവും നൽകി ചെടികളെ പരിചരിക്കാൻ നാലും അഞ്ചും മണിക്കൂർവരെ ചെലവഴിച്ചിട്ടുണ്ടെന്ന് മാധവൻ പറഞ്ഞു.

വൈകുന്നേരം ചെടികൾക്കരികിലെത്തിയാൽ രാത്രി പത്തുവരെയൊക്കെ അവയെ പരിചരിക്കാറുണ്ട്. ചാക്കിന് 250 രൂപ നിരക്കിൽ ചാണകം വാങ്ങിയാണ് ചെടികൾക്കിടുന്നത്. ചായപ്പൊടിച്ചണ്ടിയും മറ്റു ജൈവവളങ്ങളും ഒപ്പം പ്രയോഗിക്കുന്നുണ്ട്. തിരക്കേറിയ റോഡ് മുറിച്ചുകടന്ന് വെള്ളംകൊണ്ടുവന്ന് നനയ്ക്കാൻ വേനൽക്കാലത്ത് ഏറെ പ്രയാസപ്പെട്ടു. മാറാട് കോടതിക്കുമുന്നിലെ പൊതുടാപ്പ്, ജനസേവ മെഡിക്കൽ ഷോപ്പ് എന്നിവിടങ്ങളിൽനിന്നാണ് വെള്ളമെടുക്കുന്നത്. മലബാർ ഹോസ്പിറ്റലിനു മുൻവശത്തെ ചെടികൾ നനയ്ക്കാൻ മറ്റൊരു കടക്കാരുടെ സഹായമുണ്ട്. 

മാധവന്റെ ഭാര്യ വർഷങ്ങൾക്കുമുമ്പേ വേർപിരിഞ്ഞതാണ്. ഏകമകൾ വിവാഹിതയാണ്. എരഞ്ഞിപ്പാലം പാസ്പോർട്ട് ഓഫീസിനടുത്ത് സഹോദരിയുടെ വീട്ടിലാണ് മാധവനിപ്പോൾ താമസം.

പ്രോത്സാഹനമായി പോലീസും വ്യാപാരികളും 

ഒരുരാത്രിയിൽ മാധവൻ ചെടികളെ പരിചരിച്ചുകൊണ്ടിരിക്കെ പോലീസ് ജീപ്പ് അരികിൽവന്നു നിർത്തി. അതിൽ നിന്നിറങ്ങിവന്ന നടക്കാവ് സി.ഐ., മാധവനോട് എന്താണ് ഇവിടെ ചെയ്യുന്നതെന്ന് ചോദിച്ചു. മാധവൻ തനിച്ച് തോട്ടമൊരുക്കുകയാണെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം തന്നോടൊപ്പം നിർത്തി ഫോട്ടോയെടുത്തു. രാത്രിയിൽ ചെടികളെ പരിചരിക്കുമ്പോൾ ധരിക്കാൻ റിഫ്ളക്ടറുള്ള കോട്ടും അദ്ദേഹം നൽകി. 

മറ്റൊരവസരത്തിൽ എരഞ്ഞിപ്പാലത്തെ വ്യാപാരികൾ 3000 രൂപ നൽകി. കാപ്പികുടിക്കാൻ എന്നുപറഞ്ഞാണ് നൽകിയതെങ്കിലും അദ്ദേഹം  അതും ചെടികൾക്കുവേണ്ടി ചെലവഴിച്ചു.

എന്നിട്ടും ആളുകൾ  ചെടികൾ  പിഴുതെടുക്കുന്നു

കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ചെടികൾ ചിലർ വേരോടെ പിഴുതുകൊണ്ടുപോകുന്നത് മാധവനെ വേദനിപ്പിക്കുന്നു. ഒരിക്കൽ നന്നായി പൂവിട്ടുനിൽക്കുന്ന ചെടി മാധവൻ നോക്കിനിൽക്കെ ഒരു യുവതി പിഴുതെടുത്തു. അതേക്കുറിച്ച് ചോദിച്ചപ്പോൾ നിങ്ങൾ നട്ടതൊന്നുമല്ലല്ലോ എന്നായിരുന്നു ആ യുവതിയുടെ പ്രതികരണം. അദ്ദേഹം പിന്നെ ഒന്നും മിണ്ടിയില്ല.