കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 164-ാം ജയന്തി ആഘോഷങ്ങൾക്ക് തുടക്കം. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ ചതയാഘോഷ ജ്യോതി തെളിയിച്ചു. ‘ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനങ്ങളും’ വിഷയത്തിൽ ചിത്രപ്രദർശനം നടന്നു. രാവിലെ 11-ന് ക്ഷേത്ര ഭജനസമിതി ഭജന നടത്തി. ക്ഷേത്രയോഗം വനിതാ വിഭാഗത്തിന്റെയും ഭക്തരുടെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരം ശുചീകരിച്ചു. 
വൈകീട്ട് ശ്രീപാർഥസാരഥി മണ്ഡപത്തിൽ നടന്ന വനിതാ സമ്മേളനത്തിൽ എ.ജി. ഗീത മുഖ്യപ്രഭാഷണം നടത്തി. വനിതാ കൺവീനർ രമാപ്രഭാകരൻ അധ്യക്ഷതവഹിച്ചു. രാജി തറമ്മൽ, സുലോചനാ രവീന്ദ്രൻ, ഉഷ കൊല്ലമ്പലത്ത് എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച  രാവിലെ 11.30-ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്റെ അധ്യക്ഷതയിൽ ചതയദിന സമ്മേളനം നടക്കും. സാഹിത്യകാരൻ യു.കെ. കുമാരൻ മുഖ്യാതിഥിയാകും. കുന്നത്ത് ബാലകൃഷ്ണന്റെ ഒാർമയ്ക്കായി 164 വിദ്യാർഥികൾക്ക് വസ്ത്രവിതരണമുണ്ടാകും. മഹാഗണപതി ഹവനം, ഗുരുപൂജ, ഗുരുവിഹാരത്തിൽ സമൂഹ പ്രാർഥന,  ഗുരുവന്ദനം, സമൂഹസദ്യ എന്നിവയുണ്ടാകും.