നിലമ്പൂരിൽനിന്ന്  പെരിന്തൽമണ്ണയിലേക്കുള്ള യാത്രയ്ക്കിടയിൽ പെട്ടെന്നാണ് റോഡരികിലെ ബോർഡിൽ പൂന്താനത്തിന്റെ പേര് കണ്ടത്. പിന്നെ നിർത്താതിരിക്കാനാവില്ല. കാരണം. സുഖദുഃഖങ്ങളെ കുറിച്ചും വിജയപരാജയങ്ങളെക്കുറിച്ചുമെല്ലാം ശുദ്ധ മലയാളത്തിൽ ലോകത്തെ താത്ത്വികമായി പഠിപ്പിച്ച കവിവര്യനാണദ്ദേഹം. പൂന്താനം പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രത്തിന്റെ ബോർഡാണ് കണ്ടത്. വയലിന്‌ നടുവിൽ, കരിമ്പനകളുടെ പശ്ചാത്തലത്തിൽ, ക്ഷേത്രഭംഗി നിറഞ്ഞുനിൽക്കുന്നു. മൊത്തത്തിലൊരു കാവ്യഭംഗിയുണ്ടതിന്.
 പൂന്താനത്തിന്റെ ഇല്ലവും തൊട്ടടുത്താണ്. വയലിന്‌ നടുവിലൂടെ വാഴത്തോപ്പുകൾ കടന്ന് ഇല്ലത്തെത്തി. പഴമയുടെ ശക്തിയും ശുദ്ധിയും പേറുന്ന സാഹിത്യ മന്ദിരം. അക്ഷരസ്നേഹികൾക്ക് തീർഥാടന കേന്ദ്രം. അകത്ത് തിരുമാന്ധാംകുന്ന് ദേവിയുടെ പ്രതിഷ്ഠയ്ക്ക്‌ മുമ്പിൽ പൂജനടക്കുന്നു. ഹരിനാമമുഖരിതമാണ് അന്തരീക്ഷം. പിന്നെ പൂന്താനത്തിന്റെ ചിത്രവും അദ്ദേഹം എഴുതാൻ ഉപയോഗിച്ച മേശയുമെല്ലാം കാണാം. ജ്ഞാനപ്പാനയിലെ ജ്ഞാനമുത്തുകൾ ചുമരിനലങ്കാരമായി ശോഭിക്കുന്നു.  സമ്പത്‌ സമൃദ്ധമായ കാർഷികകാലത്തിന്റെ ഓർമകളുമായൊരു പത്തായപ്പുരയുമുണ്ട്. വർഷം തോറും നടത്താറുള്ള സാഹിത്യോത്സവത്തിന്റെ ഒരുക്കത്തിലായിരുന്നു അവിടം. 
ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലാണ് ഇല്ലവും ക്ഷേത്രവും. പുറത്ത് പൂമുഖപ്പുര ആന പൊളിച്ചുകളഞ്ഞത് പുതുക്കി പണിതിട്ടുണ്ട്. പൂന്താനം ഉടലോടെ സ്വർഗത്തിൽ പോയെന്നാണ് വിശ്വാസം. 
സ്വർഗാരോഹണ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി വെച്ചിരിക്കുന്നു. ഭക്തിയും വിഭക്തിയും തുടങ്ങി പൂന്താനത്തെക്കുറിച്ചുള്ള കഥകൾ നാം കേട്ടതാണ്. ഇല്ലത്തെക്കുറിച്ചുള്ള പുതിയ കഥകളും ഇവിടെനിന്നു കേൾക്കാം. 
ഗുരുവായൂർ ദേവസ്വത്തിലെ പ്രമുഖനായൊരാൾ പൂന്താനത്തെ കളിയാക്കിയെന്നും അതിൽ പ്രതിഷേധിച്ച് ആന പൂമുഖം പൊളിച്ചു കളഞ്ഞു. ആന അടങ്ങാതായപ്പോൾ പ്രശ്നവിചാരം നടത്തി. കളിയാക്കിയ സംഭവം തെളിഞ്ഞതോടെ പ്രായശ്ചിത്തം ചെയ്താണ് പൂമുഖം പുതുക്കിപ്പണിതത്. ഈ സാഹിത്യ തറവാട്ടിൽ കഥകൾ അവസാനിക്കു
ന്നില്ല. 

 

എങ്ങനെ എത്തിച്ചേരാം
കോഴിക്കോട്ടുനിന്ന് ഡ്രൈവ് ചെയ്തുപോവാൻ 70 കിലോമീറ്ററാണ് ദൂരം. രാമനാട്ടുകര, മൊറയൂർ പാണ്ടിക്കാട് വഴി പോവാം. തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ നിലമ്പൂർ-ഷൊർണ്ണൂർ റൂട്ടിലെ അങ്ങാടിപ്പുറമാണ്. 10 കിലോമീറ്റർ ദൂരം. ഫോൺനമ്പർ- 04933270169