‘‘ഒരു ഗതിയും ഇല്ലാണ്ടായാൽ ഞാൻ ഓച്ചിറ ഒത്തവരമ്പിൽ പോയി ജീവിച്ചോളാം, എന്നാലും നിന്റെടുത്ത് വരില്ല’’, -നാട്ടിൻപുറങ്ങളിൽ പ്രത്യേകിച്ചും ഓണാട്ടുകരയിൽ കേൾക്കുന്ന പല്ലവികളിലൊന്നായിരുന്നു ഇത്. അഗതികൾ നിരന്നുനിൽക്കുന്ന ക്ഷേത്രവഴിയിലൂടെ നടക്കുമ്പോൾ, ഉച്ചക്കഞ്ഞിയും പയറും വാങ്ങാനായുള്ള അവരുടെ നീണ്ട ക്യൂ കാണുമ്പോൾ ഈ സംഭാഷണം ഓർത്തുപോവും. 
 ഓച്ചിറക്കാളകളെ അണിയിച്ചൊരുക്കി ഭക്തർക്ക് അനുഗ്രഹം നൽകി ജീവിതം കണ്ടെത്തുന്നവർ, വേപ്പിലകൾ കൂട്ടിക്കെട്ടി ഉഴിഞ്ഞ് ദോഷംനീക്കി പോക്കറ്റ് നിറയ്ക്കുന്നവർ. കൈനോക്കിയും കിളിജോത്സ്യം പറഞ്ഞും ഉപജീവനം തേടുന്നവർ, സോപ്പ് ചീപ്പ് കണ്ണാടി കച്ചവടങ്ങൾ വേറെയും... അങ്ങനെ ജീവിതത്തിന്റെ ഒരു പടനിലം തന്നെയാണ് മുന്നിൽ
അമ്പലമില്ലാതെ ആൽത്തറ വാഴുന്ന പരബ്രഹ്മമൂർത്തി ഭക്തർക്ക് അച്ഛനാണ്. ആര് ഉപേക്ഷിച്ചാലും സ്വീകരിക്കുന്ന അച്ഛൻ. മനുഷ്യരെല്ലാം സമൻമാരാണെന്ന സങ്കൽപ്പം തണലേകി തലയുയർത്തി കിഴക്കും പടിഞ്ഞാറുമായി നിൽക്കുന്ന രണ്ട് ആൽമരങ്ങളിലാണ് ഇവിടത്തെ ശക്തി ചൈതന്യങ്ങൾ കുടികൊള്ളുന്നതെന്നാണ് വിശ്വാസം. ഈ സന്നിധിയിൽ നേരവും കാലവും നോക്കാതെ എപ്പോ വേണമെങ്കിലും നിങ്ങൾക്ക് പ്രാർഥിക്കാം. 
സങ്കടങ്ങൾ ഇറക്കിവെക്കാം... പ്രതിഷ്ഠയില്ല, പൂജയില്ല, പൂജാരിയില്ല. നടയടയ്ക്കലോ നിർമാല്യം തൊഴലോ ഇല്ല. പ്രസാദക്കുഴിയിലെ ചെളിയും വിളക്കിലെ കരിയുമാണ് പ്രസാദം. 
പരബ്രഹ്മത്തെ പ്രതിനിധീകരിക്കുന്ന ഓം, വെള്ളംകെട്ടിക്കിടക്കുന്ന പ്രദേശം ചിറ എന്നിവ ചേർന്നുണ്ടായ ഓംചിറയാണ് പിന്നീട് ഓച്ചിറയായതെന്ന് പറയുന്നു. ഓച്ചിറ തീർഥക്കുളത്തിലെ ജലം കാശീഗംഗയ്ക്ക് തുല്യമെന്നാണ് വിശ്വാസം. കാശിയാത്ര നടത്തണമെന്നാഗ്രഹിക്കുന്നവർ അതിന് കഴിയാത്തപക്ഷം വൃശ്ചികം ഒന്നുമുതൽ 12 ദിവസം  ഓച്ചിറഭജനവും നാമസങ്കീർത്തനവുമായി ഇവിടെ കഴിഞ്ഞാൽ മതിയെന്നും വിശ്വസിക്കപ്പെടുന്നു. 
ചിങ്ങമാസത്തിലാണ് ഒരു ഉത്സവം. 28-ാം ഓണം. ഓണാട്ടുകരയുടെ സിരാകേന്ദ്രമായിരുന്നതുകൊണ്ടുതന്നെ ഇത് വളരെ പ്രധാനമാണ്. വൃശ്ചികോത്സവവും പ്രധാനമാണ്. വൃശ്ചികം ഒന്നുമുതൽ 12 വരെയാണിത്. അതുകൊണ്ട് പന്ത്രണ്ട് വിളക്ക് എന്നും പറയാറുണ്ട്. 1500-ഓളം കുടിലുകൾകെട്ടി ആൾക്കാർ ഭജനയിരിക്കുന്ന ഈ വേള ഓച്ചിറ പടനിലം മനുഷ്യസമുദ്രമാവും. 
കായംകുളം രാജാവിന്റെ പരമ്പരാഗത യുദ്ധക്കളങ്ങളിലൊന്നാണ് ഓച്ചിറ. രാജഭരണവും യുദ്ധവും കാലഹരണപ്പെട്ടെങ്കിലും ചരിത്രസ്മരണകൾ നിലനിർത്തി ഓച്ചിറയിൽ യുദ്ധം തുടരുന്നു. ഓച്ചിറക്കളിയെന്ന പേരിൽ ഉത്സവത്തിന്റെ ഭാഗമായാണിതിപ്പോൾ നടത്തുന്നത്. അരയ്ക്കൊപ്പം വെള്ളത്തിൽനിന്ന് അങ്കംവെട്ടുന്ന ഈ കാഴ്ച കാണാൻ പടനിലത്തിനുചുറ്റും പുരുഷാരവും നിറയുന്നു.
പരബ്രഹ്മമൂർത്തിയുടെ വാഹനമാണ് കാള. അതുകൊണ്ടുതന്നെ കാളയ്ക്ക് ഓച്ചിറയിൽ വളരെ പ്രാധാന്യം കിട്ടുന്നുണ്ട്. നടയ്ക്കിരുത്തുന്ന കാളകളെ ഇവിടെ വളർത്തുന്നു. ഭക്തർക്കും താമസിക്കാൻ സത്രമുണ്ട്. ചാർജ് വളരെ കുറവാണ്. ഉത്സവകാലത്ത് അതത് കമ്മിറ്റി തീരുമാനിക്കും പ്രകാരമുള്ള തുകയായിരിക്കും.  

എങ്ങനെ എത്തിച്ചേരാം
കോഴിക്കോട്ടുനിന്ന് ഓച്ചിറയ്ക്ക് 277 കിലോമീറ്ററാണ് ദൂരം. ഓച്ചിറയിൽ പാസഞ്ചർ ട്രെയിനുകൾക്കുമാത്രമേ സ്റ്റോപ്പുള്ളൂ.  എക്സ്പ്രസ് ട്രെയിനുകളിൽ കായംകുളത്ത് ഇറങ്ങി ബസിനു പോവണം. ഏഴു കിലോമീറ്റർ ദൂരം. ഓച്ചിറ പോവുമ്പോൾ താത്പര്യമുള്ളവർക്ക് അമൃതാനന്ദമയി മഠവും സന്ദർശിക്കാം. ഓച്ചിറയിൽനിന്ന് ആറുകിലോമീറ്റർ ദൂരമേയുള്ളൂ അമൃതാനന്ദമയി മഠത്തിലേക്ക്. 
 കായംകുളത്തിനും ഓച്ചിറയ്ക്കും ഇടയിലുള്ള കൃഷ്ണപുരത്തെ മ്യൂസിയവും കാണാൻ മറക്കരുത്. കേരളചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒട്ടേറെ കാര്യങ്ങൾ ഇവിടെ കണ്ടറിയാനുണ്ട്. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ഓർമയ്ക്കായി നിർമിച്ച കാർട്ടൂൺ മ്യൂസിയവും കൃഷ്ണപുരത്താണ്. യാത്രയിൽ ഉപയോഗപ്പെടുന്ന ചില നമ്പറുകൾകൂടി ഇതാ. ഓച്ചിറ ക്ഷേത്രം: 0476 2690721 അമൃതപുരി: 0476 2897578, 2896399.