ആർത്തിരമ്പുന്ന കടൽ. കടലിനോട് ഓരം ചേർന്ന് കിടക്കുന്ന കുന്നിൽ തലയുയർത്തി നിൽക്കുന്ന പാറപ്പള്ളി. വെള്ളാരൻ കല്ലുകളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന മനോഹരമായ കടലോരം. കൊയിലാണ്ടി കൊല്ലം പാറപ്പള്ളി കടലോരത്തെക്കുറിച്ചാണ് പറഞ്ഞത്. ലാസ്യമായ പ്രകൃതിഭംഗിയും അതിലേറെ ചരിത്ര പ്രാധാന്യവുമുള്ള ഈ കടലോരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര-തീർഥാടന കേന്ദ്രമാണ്. അവധിദിനങ്ങളിലും മറ്റും നൂറു കണക്കിനാളുകൾ ഇവിടെയെത്താറുണ്ട്. 
 ഒട്ടെറെ ഐതിഹ്യങ്ങൾ ഇവിടെ കെട്ടു പിണഞ്ഞു കിടക്കുന്നു. മയ്യിത്ത് കുന്ന്, കൗലമല എന്ന പേരിലും പാറപ്പള്ളി ഇസ്‌ലാംമത വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നുണ്ട്. പാറപ്പള്ളിയുടെ ചരിത്രം പന്തലായനി കോളം കടപ്പുറത്തിന്റെയും തൊട്ടടുത്ത കൊല്ലം ടൗണിന്റെയും കൂടി ചരിത്രമാണ്. പുരാതന കാലത്ത് പ്രസിദ്ധമായ കച്ചവട കേന്ദ്രമെന്നറിയപ്പെട്ട പന്തലായനിയും കോളം കടപ്പുറവും വിദേശ ചരിത്രരേഖകളിൽപ്പോലും ഇടം പിടിച്ചിട്ടുണ്ട്. പ്രാചീനകാലം മുതൽ പത്തേമാരികൾ വാണിജ്യാവശ്യാർഥം ഇവിടെ വന്നിരുന്നു. 
 പന്തലായനി കൊല്ലം ഉൾപ്പെട്ട കോളം കടപ്പുറത്തിന്റെ പ്രകൃതി ഭംഗിയാണ് ഇവിടുത്തേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ഉള്ളോട്ട് വളഞ്ഞ് ശാന്തമായ കോളം കടപ്പുറം സഞ്ചാരികൾക്ക് ഏറെ പ്രിയമാണ്. 
 കൊല്ലം പാറപ്പള്ളിയിൽ  ദൂരസ്ഥലങ്ങളിൽ നിന്ന് പോലും വിശ്വാസികൾ എത്താറുണ്ട്. 18 ഏക്കർ വിസ്താരമുള്ള കുന്നിന് മുകളിലാണ് പള്ളി. കുന്നിന് മുകളിലെ 14 മഖ്ബറകൾ(കല്ലറകൾ) സഹാബാത്തുകളുടെതാണെന്നാണ്(നബിയുടെ അനുചരൻമാർ) വിശ്വാസം.
  മഖ്ബറകളിൽ ഒന്ന് ഒരു കെട്ടിടത്തിനുള്ളിലാണ്. ഇത് ഇസ്‌ലാം മത പ്രചാരണത്തിന് ഇവിടെ എത്തിച്ചേർന്ന മതപണ്ഡിതനും പ്രബോധകനുമായ തമീമുൽ അൻസാരിയുടെതാണെന്ന് വിശ്വസിക്കപ്പെടുന്നു.

എങ്ങനെയെത്താം
കൊയിലാണ്ടി കൊല്ലം അങ്ങാടിയിൽനിന്ന് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ  പാറപ്പള്ളി കടലോരത്തെത്താം. കൊല്ലത്ത് നിന്ന് ഓട്ടോറിക്ഷ വിളിക്കാം. 
കൊയിലാണ്ടിയിൽ നിന്ന് മിനി ബസ് സർവീസുമുണ്ട്.