സമുദ്രനിരപ്പിൽ മിന്നൽ വേഗത്തിൽ പറക്കുന്ന ‘ആള’ (Tern) പക്ഷി, കാഴ്ചക്കാർ നോക്കി നിൽക്കെ ഒരു മീനിനെ കൊക്കിലാക്കും.
കാഴ്ച സഹിക്കാനാവാതെ ആളയിൽ നിന്ന്‌ മീൻ തട്ടിയെടുക്കാൻ തവിടൻ ‘സ്കൂവ’ പക്ഷി (Brown Skuva) പാഞ്ഞെത്തും. ‘ആള’ നിരാശയോടെ പറക്കുമ്പോൾ മീനുമായി ‘സ്കൂവ’ അകന്നുപോകും.
 ഈ പോരാട്ടം അറബിക്കടലിൽ പക്ഷിനിരീക്ഷകരെ ആകർഷിക്കുന്നതാണ്‌. കടൽപ്പക്ഷികളെ നിരീക്ഷിച്ച്‌  പട്ടിക തയ്യാറാക്കാൻ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മ, തീരക്കടലിൽ പലപ്പോഴും ബോട്ടിൽ നീണ്ട യാത്രകൾ നടത്താറുണ്ട്‌.
 കടൽ ശാന്തമാണെങ്കിൽ നിരീക്ഷണം സുഗമമാണ്‌. തിരമാലകൾ അമ്മാനമാടുന്ന മത്സ്യബന്ധന ബോട്ടിൽ എല്ലാവരും ക്യാമറയുമായി കാത്തുനിൽക്കും. പക്ഷേ, കാറ്റൊന്ന് ആഞ്ഞുവീശിയാൽ, അല്ലെങ്കിൽ ചാറ്റൽമഴ പെയ്താൽമതി കടൽ ഇളകിമറിയും. വൻ കപ്പലുകൾ പോകുന്ന പാതയിൽ നിന്ന്‌ ബോട്ടിനെ ഒഴിച്ചുനിർത്താൻ, ബോട്ടിന്റെ സ്രാങ്കും അതീവശ്രദ്ധ ചെലുത്തും. തിരമാലകളെ കീറിമുറിച്ചുകൊണ്ടുള്ള സാഹസികയാത്ര കൂടിയാണിത്‌.
കൊച്ചിയിലും കോഴിക്കോട്ടും കോട്ടയത്തുമുള്ള നാച്വറൽ ഹിസ്റ്ററി സൊസൈറ്റികളുടെ ‘കടൽപ്പക്ഷി സർവേ’ ഇതിനകം ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. കോട്ടയം സൊസൈറ്റി കഴിഞ്ഞ ഒക്ടോബർ 22-ന്‌ ആലപ്പുഴ-പുന്നപ്ര തീരക്കടലിൽ നടത്തിയ സർവേയിൽ കേരള തീരത്ത്‌ ആദ്യമായി ‘ചെഞ്ചുണ്ടൻ’ പക്ഷിയെ (Red billed Tropic bird) കണ്ടെത്തി. അതിവേഗത്തിൽ പായുന്ന പക്ഷിയായതിനാൽ ഇതിനെ ‘പായൽ കാക്ക’ എന്നും വിളിക്കും. ശരീരത്തിന്‌ തൂവെള്ള നിറവും കടുത്ത വരകൾ ഇടയ്ക്കും കാണുന്ന പക്ഷിയുടെ ചുണ്ട്‌ ചുവപ്പാണ്‌. അറബിക്കടലിൽ ലക്ഷദ്വീപ്‌ ഭാഗത്തും ഇന്ത്യൻ മഹാസമുദ്രത്തിലും യൂറോപ്പിലും ഗൾഫിൽ ചില രാജ്യങ്ങളിലുമായും കാണുന്ന പക്ഷി തിരമാലകൾക്കൊപ്പം ഒഴുകിനടക്കുന്നത്‌, കേരള തരത്ത്‌ ആദ്യമായിട്ടാണ്‌ സർവേയിൽ കണ്ടെത്തിയതെന്ന്‌ പക്ഷിഗവേഷകനായ ഡോ. ജാഫർ പാലോട്‌ സ്ഥിരീകരിച്ചു.
 ലക്ഷദ്വീപ്‌ ഭാഗത്ത്‌ സാധാരണയായി കാണുന്ന ഈ പക്ഷിയുടെ ക്ലോസപ്പ്‌ ചിത്രങ്ങൾ ഇന്ത്യയിൽ നിന്ന്‌ ആദ്യമായി എടുക്കാൻ കഴിഞ്ഞത്‌ വന്യജീവി ഫോട്ടോഗ്രാഫറായ കെ.ഐ. ബിജോയ്‌ക്കാണ്‌. അദ്ദേഹത്തെ ഭാഗ്യം വീണ്ടും തേടിയെത്തി. പുന്നപ്രയിൽ നിന്ന്‌ ഏതാണ്ട്‌ 30 കിലോമീറ്റർ അകലെയാണ്‌ പക്ഷിയെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞത്‌. 40 ഓളം ഇനം പക്ഷികളെ തിരിച്ചറിഞ്ഞു.
കൊടുങ്കാറ്റിലോ മറ്റ്‌ അന്തരീക്ഷ പ്രതിഭാസങ്ങളിലോ അകപ്പെട്ട്‌ ഈ ചെഞ്ചുണ്ടൻ പക്ഷി കേരള തീരത്ത്‌ ഏതാനും പ്രാവശ്യം വീണ്‌ അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്‌. 1982-ൽ നീണ്ടകരയിൽ കണ്ടെത്തിയ ഈ പക്ഷി, ഒരു മത്സ്യബന്ധന ബോട്ടിന്റെ വലയിൽ കുടുങ്ങിയതായിരുന്നു. 2003-ൽ കോഴിക്കോട്‌ കടപ്പുറത്ത്‌ കണ്ട പക്ഷി, കൊടുങ്കാറ്റിൽ അകപ്പെട്ട്‌ വീണതാണ്‌. പത്തു ദിവസത്തോളം അതിന്‌ ജീവൻ ഉണ്ടായിരുന്നതായി സുവോളജിക്കൽ സർവേയിലെ ശാസ്ത്രജ്ഞനായ ഡോ. ജാഫർ പാലോട്‌ പറഞ്ഞു. 2007-ൽ കണ്ണൂരിലെ പയ്യാമ്പലത്തും ഈ പക്ഷിയെ കണ്ടെത്തിയിട്ടുണ്ട്‌. പക്ഷി പിറ്റേന്ന്‌ ചത്തു.  അതിനെ സുവോളജിക്കൽ സർവേ, അതിന്റെ ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌.
 പുന്നപ്ര ഭാഗത്ത്‌ കണ്ടെത്തിയ പക്ഷി ലക്ഷദ്വീപ്‌ ഭാഗത്തു നിന്ന്‌ പറന്നെത്തിയതാകാമെന്ന്‌ ശാസ്ത്രജ്ഞർ കരുതുന്നു. തിരമാലകൾക്കൊപ്പം അത്‌ നീന്തിത്തുടിച്ച കാഴ്ച ഹൃദയഹാരിയായിരുന്നുവെന്ന്‌ ബിജോയ്‌ പറഞ്ഞു.
2013 മുതൽ ആലപ്പുഴ തീരക്കടൽ ഭാഗങ്ങളിൽ കടൽപ്പക്ഷി സർവേ നടത്തിയിട്ടുണ്ടെന്ന്‌ ‘കോട്ടയം നാച്വറൽ ഹിസ്റ്ററി സൊസൈറ്റി’ പ്രസിഡന്റ്‌ ഡോ. ശ്രീകുമാർ പറഞ്ഞു. പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയ്ക്ക്‌ ഇപ്പോൾ വേണ്ടത്ര പ്രാമുഖ്യം കിട്ടിയിട്ടുണ്ട്‌. ക്യാമറയുമായി എത്തുന്നവർക്കെല്ലാം കടലിൽ തിരമാലകൾക്കൊപ്പം നീങ്ങുന്ന പക്ഷികളെയും ആകാശത്ത്‌ വട്ടമിട്ടു പറക്കുന്ന പക്ഷികളെയും അനായാസമായി തിരിച്ചറിയാൻ കഴിയും. ദൂരെയുള്ള കാഴ്ചകൾ ബൈനോക്കുലറിലൂടെ വീക്ഷിക്കും.
 പക്ഷികളാണെങ്കിൽ ബോട്ട്‌ അങ്ങോട്ടു യാത്രയാകും. ഒളങ്ങളിൽ ആടുന്ന ബോട്ടിൽ നിന്ന്‌ ചിത്രങ്ങൾ എടുക്കുക ചിലപ്പോൾ ദുഷ്കരണമാണെങ്കിലും കാഴ്ചയിൽ എല്ലാവരും സ്വയംമറന്ന്‌ ആഹ്ളാദിക്കുന്ന നിമിഷങ്ങളാണെന്ന്‌ ഡോ. ശ്രീകുമാർ പറയുന്നു.
പക്ഷിനിരീക്ഷകർ എല്ലാം, മികച്ച വായനക്കാരാണ്‌. പക്ഷിയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും ലഘുലേഖകളും കുറിപ്പുകളും തങ്ങളുടെ ലാപ്‌ടോപ്പുകളിൽ എല്ലാവരും സൂക്ഷിക്കുന്നു. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പക്ഷിനിരീക്ഷണ സംഘടനകളുമായും പലരും ബന്ധപ്പെടുന്നു. ഒരു കടൽയാത്ര കഴിഞ്ഞ്‌ എത്തിയാൽ, ഫേസ്‌ബുക്ക്‌ പക്ഷികളുടെ ചിത്രങ്ങൾകൊണ്ട്‌ നിറയുന്നു. ദേശീയ -അന്തർദേശീയ തലത്തിൽ അത്‌ വ്യാപിക്കുകയും  ചെയ്യുന്നു.  കടൽപ്പക്ഷികൾക്കൊപ്പം അസാധാരണമായ ‘കാട്ടുപക്ഷികളെ’ തേടി ഭൂഖണ്ഡങ്ങൾ പിന്നിടുന്ന കൊച്ചി സ്വദേശി ഷാജഹാനും കടൽപ്പക്ഷി സർവേകളിൽ പങ്കെടുക്കുന്നു. ആഫ്രിക്കയിലെയും ഗൾഫിലെയും വിചിത്രാകൃതിയിലുള്ള ‘മൂങ്ങ’കൾ ഷാജഹാന്റെ ശേഖരത്തിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു.
രാവിലെ ഏഴിന്‌ തുടങ്ങുന്ന ബോട്ട്‌യാത്ര വൈകീട്ട്‌ അഞ്ചു വരെയെങ്കിലും നീണ്ടുനിൽക്കും. ഭക്ഷണമെല്ലാം ബോട്ടിൽത്തന്നെ. സർവേകളുമായി സഹകരിക്കാൻ വനം വകുപ്പും മുന്നോട്ടെത്തും. യാത്ര തുടങ്ങി കടൽ ഇളകിമറിയുമ്പോൾ പലർക്കും  അസ്വസ്ഥത ഉണ്ടാകുക പതിവാണ്‌. ഛർദി തുടങ്ങും. ക്ഷീണം തോന്നുമ്പോൾ ബോട്ടിൽ വിടർത്തിയിട്ടിരിക്കുന്ന വലയ്ക്കു മീതെ തലചായ്ക്കാൻ കഴിയും. ക്ഷീണം മാറിയാൽ ക്യാമറയുമായി വീണ്ടും ബോട്ടിന്റെ അരികിൽ നിരന്നുനിൽക്കും.
പക്ഷിയെ കണ്ടെത്തുക പലപ്പോഴും എളുപ്പമല്ല. മൂന്നോ നാലോ മണിക്കൂറുകൾ ബോട്ട്‌ ഓടിച്ചാൽ  മാത്രമേ ചിലപ്പോൾ പക്ഷിയെ കാണാൻ കഴിയൂ. മറ്റു ചില സന്ദർഭങ്ങളിൽ പക്ഷികൾ കൂട്ടമായി എത്തി നിരീക്ഷകരെ കോരിത്തരിപ്പിക്കുകയും ചെയ്യും. മീൻ നിറയുന്ന ബോട്ടുകൾക്ക്‌ പിന്നാലെ വട്ടമിട്ടു പറന്ന്‌ മീനിനെ കൊത്തിവലിക്കാൻ പക്ഷികൾ മത്സരിക്കുന്ന കാഴ്ചയും ഹൃദ്യമാണ്‌.
കടലിൽ ഒഴുകിനടക്കുന്ന പായൽക്കൂട്ടങ്ങൾ, പ്ളാസ്റ്റിക് കഷ്ണങ്ങൾ, മരത്തടികൾ എന്നിവയിൽ അൽപ്പനേരം വിശ്രമിക്കാനും പക്ഷികൾ ചിലപ്പോൾ സമയം കണ്ടെത്തും. ചിറകുവിരിക്കുന്ന പക്ഷികൾ ഫോട്ടോഗ്രാഫർമാർക്ക്‌ ക്ലോസപ്പ്‌ ചിത്രങ്ങൾ എടുക്കാനും അവസരം നൽകാറുണ്ട്‌.
തിരമാലകളുടെ ദൃശ്യാനുഭൂതിക്കൊപ്പം, പക്ഷിനിരീക്ഷകരെ ‘ഡോൾഫിൻ’ കൂട്ടങ്ങളും ആകർഷിക്കുക പതിവാണ്‌. ഇത്തവണത്തെ സർവേയിൽ അവ പലപ്പോഴും അണിനിരന്ന അനുഭവമായിരുന്നുവെന്ന്‌ ബിജോയ്‌ പറഞ്ഞു. നിരവധി ചിത്രങ്ങളും കിട്ടി. പത്ത്‌ ഡോൾഫിനുകൾ വരെയുള്ള കൂട്ടങ്ങൾ തിരമാലകളെ കീറിമുറിച്ച്‌ മുന്നോട്ടുനീങ്ങുന്ന കാഴ്ചയായിരുന്നു.
കടൽപ്പക്ഷികളെക്കുറിച്ചുള്ള ഒരു സർവേക്ക്‌ ലക്ഷദ്വീപ്‌ ഭരണകൂടവും വനംവകുപ്പും തയ്യാറെടുക്കുന്നു. കോഴിക്കോട്‌ കേന്ദ്രമായുള്ള ‘സുവോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ’യും പലപ്പോഴായി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്‌. ഏതാണ്ട്‌ 100 ഇനം കടൽപ്പക്ഷികളെ ലക്ഷദ്വീപിൽ കണ്ടെത്തിയിട്ടുണ്ട്‌. എന്നാൽ, ഗൗരവപ്പെട്ടതും സൂക്ഷ്മവുമായ പഠനങ്ങൾ ഇനിയും നടന്നിട്ടില്ല.
 പത്തുവർഷം മുമ്പ്‌ സീഷെൽസ്‌ ദ്വീപിൽ നിന്ന്‌ കൊടുങ്കാറ്റിൽ അകപ്പെട്ട്‌ കോട്ടയത്ത്‌ നിലംപതിച്ച ‘സൂട്ടി ടേൺ’ (Sooty Tern) എന്ന പക്ഷിയെക്കുറിച്ച്‌ ഡോ. ശ്രീകുമാർ പറഞ്ഞു. കാലിൽ വളയമിട്ട്‌ അടയാളപ്പെടുത്തിയ കടൽപ്പക്ഷിയായിരുന്നു ഇത്‌. പക്ഷികളുടെ ദേശാടനം പഠിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അടയാളം. ഏതാണ്ട്‌ 2500 ഓളം കിലോമീറ്ററുകൾ, പക്ഷി കോട്ടയത്ത്‌ എത്തിയപ്പോൾ പിന്നിട്ടുകഴിഞ്ഞിരുന്നു.
കടൽപ്പക്ഷികൾ, കടലിൽത്തന്നെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നു. മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ നിരീക്ഷിക്കാൻ മാത്രമാണ്‌ കരയിലോ കടലിലെ വിദൂര ദ്വീപുകളിലോ എത്താറുള്ളത്‌. ജനങ്ങളിൽ നിന്ന്‌ അകന്നുള്ള പാറക്കൂട്ടങ്ങളിലോ മലയിടുക്കുകളിലോ ആയിരിക്കും കൂടുകൾ. ഇവയെക്കുറിച്ച്‌ ആധികാരിക പഠനങ്ങൾ നടന്നിട്ടില്ല.
 ‘ചെങ്കാലൻ തിരവെട്ടി’ (Fresh footed Sheerwater)  പലപ്പോഴും കടലിൽ കാണാറുള്ള പക്ഷിയാണ്‌. അതുപോലെ നിരവധി ഇനങ്ങളിലുള്ള ആളകളും സ്കൂവയുമുണ്ട്‌. 2010-ത്തിൽ കണ്ണൂരിൽ നടത്തിയ ഒരു കടൽപ്പക്ഷി സർവേയിൽ തിരവെട്ടിയുടെ 500 പക്ഷികൾ വരുന്ന ഒരു വൻകൂട്ടത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്ന്‌ പക്ഷിഗവേഷകനായ ഡോ. സി. ശശികുമാർ പറയുന്നു.