അസഹ്യമായ ചൂടുകാരണം കല്ലുചെത്തുന്നതിനിടെ മാറിയിരുന്നപ്പോഴാണ് പ്രഭുദാസ് മരങ്ങളെക്കുറിച്ച് ചിന്തിച്ചത്. മരത്തണലിലെ കുളിരും  ഇളംകാറ്റും അനുഭവിച്ചറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ഒരു മരം നട്ടു,  ഒന്നിൽ നിന്ന്‌ പത്തായി, പിന്നെ നൂറായി, ഒരു സപര്യപോലെ തുടർന്നു. ഇപ്പോഴും നട്ടുകൊണ്ടേയിരിക്കുന്നു...
 ഇരുപതിയൊൻപത് വർഷങ്ങൾക്കിപ്പുറം കൊളത്തറ ചുങ്കം സ്വദേശി എ. പ്രഭുദാസ്  നട്ടത് നൂറിലധികം മരങ്ങളാണ്. ജോലിക്കുപോവുമ്പോൾ ഒപ്പം ഒരു മരത്തൈയും ഇദ്ദേഹത്തിന്റെ കൂടെയുണ്ടാവും. വെയിൽവീഴുന്ന ഇടത്ത് അതു നടും. പിന്നീട് സ്വന്തം മക്കളെപ്പോലെ  പരിചരിക്കും. ഇതാണ് രീതി.   കൊളത്തറ, ഫറോക്ക് ഭാഗങ്ങളിലെ റോഡരികിലാണ് കൂടുതലും മരങ്ങൾ നട്ടത്. പെട്ടെന്ന് പടർന്നുപന്തലിക്കുന്നവയാണ് നടുക. അതുകൊണ്ട് അധികംവൈകാതെ അത് പച്ചമരത്തണലായി മാറും. 
കൂലിപ്പണിക്കുപോവുന്ന പ്രഭുദാസ് പറമ്പുകൾ വൃത്തിയാക്കുന്നതിനിടെ മരത്തൈകൾ കണ്ടാൽ ഒന്നുകിൽ കൂടെക്കൂട്ടും. അല്ലെങ്കിൽ അവിടെത്തന്നെ കുഴിച്ചിടും.  ആരുടെയെങ്കിലും പറമ്പുകളിലാണെങ്കിൽ വീട്ടുകാർക്ക് മരസംരക്ഷണത്തെക്കുറിച്ച്  മാർഗനിർദേശങ്ങളും നൽകും. പീന്നിട് അതുവഴി പോവുമ്പോൾ തന്റെ പ്രിയമരങ്ങളുടെ വിശേഷമറിയാനും താത്പര്യം കാണിക്കാറുണ്ട്.
കൊളത്തറ-ഒളവണ്ണ പുതിയ റോഡിന്റെ പണി ആരംഭിച്ചപ്പോൾ ഇരുവശങ്ങളിലും പത്തുമരങ്ങളാണിദ്ദേഹം നട്ടത്. മരം നടുമ്പോൾ പ്രഭുദാസിനെ കളിയാക്കിയവർക്കടക്കം ഇന്ന് തണലുനൽകി അവ പടർന്നു പന്തലിച്ചുനിൽക്കുകയാണ്. 
ആരെങ്കിലുമൊക്കെ സംരക്ഷിച്ച മരങ്ങളാണ് വർഷങ്ങൾക്കുശേഷം നമുക്ക് തണലേകുന്നത്. അതുകൊണ്ടുതന്നെ താൻനട്ട മരങ്ങൾ ആർക്കെങ്കിലുമൊക്കെ തണലാവുന്നതിലുള്ള സന്തോഷം മാത്രമേ പ്രഭുദാസിനുള്ളൂ. 
കുഞ്ഞുനാളിലേ പ്രകൃതിയെയും പരിസ്ഥിതിപ്രവർത്തകരെയും കുറിച്ച് അറിയാൻ താത്‌പര്യമുണ്ടായിരുന്നു. 
വീടിനു സമീപമുള്ള വായനശാലയിൽനിന്ന്  പരിസ്ഥിതിയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുക പതിവായിരുന്നു. പരിസ്ഥിതിപ്രവർത്തകർ ചേർന്നെഴുതിയ ആരണ്യകമെന്ന പുസ്തകമാണ് മരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതെന്ന് പ്രഭുദാസ് പറയുന്നു. 
താൻനട്ട മരങ്ങളുടെ സമീപത്തുകൂടെ പോവുമ്പോൾ പ്രത്യേകസുഖം  അനുഭവപ്പെട്ടും. മരങ്ങളെ സ്നേഹിച്ചാൽ അവ തിരിച്ചുസ്നേഹിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. 
ഇരുവശങ്ങളിലും മരങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്നതിനിടയിലൂടെയുള്ള റോഡുകൾ നിർമിക്കണമെന്നാണ് പ്രഭുദാസിന്റെ സ്വപ്നം. 
എവിടെയെങ്കിലും മരത്തൈകൾ കണ്ടാൽ അതു പറിച്ചെടുത്ത് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. മഴക്കാലത്ത് മരങ്ങൾ നടുന്നതാണ് നല്ലതെന്ന് ഇദ്ദേഹം പറയുന്നു. ഒരു കുഴിയെടുത്താൽ അതിൽ രണ്ടു മരങ്ങളാണ് നടുക. അതുകൊണ്ടുതന്നെ ഒന്നു നശിച്ചാലും മറ്റേത്‌ നിലനിൽക്കും. മരങ്ങൾ നടാൻ അനുയോജ്യമായ സമയം വൈകീട്ടാണ്. 
നട്ടാൽ മാത്രം പോര, അതിനാവശ്യത്തിന് വെള്ളം നനയ്ക്കുകയും വേണം. വേനൽക്കാലത്ത് മരം നടരുത് - പ്രഭുദാസ് പറഞ്ഞു. 
പരിസ്ഥിതിദിനമായാൽ മരം നടാൻ ആളുകൾ ധാരാളമുണ്ട്. എന്നാൽ, അവ പിന്നീട്  സംരക്ഷിക്കാൻകൂടി ആളുകൾ തയ്യാറായാൽ നല്ലതായിരുന്നുവെന്നാണ്‌ ഇദ്ദേഹത്തിന്‌ പറയാനുള്ളത്‌. വനംവകുപ്പിന്റെ പ്രകൃതിമിത്ര പുരസ്കാരം നൽകി  സംസ്ഥാന സർക്കാർ പ്രഭുദാസിനെ ആദരിച്ചു. മറ്റു  നിരവധി ആദരങ്ങളും പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗം പ്രഭുദാസിനെ സിറ്റിസൺ കൺസർവേറ്ററായും നിയമിച്ചു. 
റോഡ് വികസനത്തിന്റെപേരിൽ മരംമുറിക്കുന്നതിനോട് ഇദ്ദേഹത്തിന് യോജിപ്പില്ല.  അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിക്കണം. പക്ഷേ, ഒരു മരം മുറിഞ്ഞുവീഴുമ്പോൾത്തന്നെ വേറൊന്ന് നടണമെന്നാണ് നിലപാട്.  പൂർണപിന്തുണയേകി ഭാര്യ സുനിതയും വിദ്യാർഥികളായ മൂന്നുമക്കളും ഒപ്പമുണ്ട്. 
ഇനിയും പ്രഭുദാസ് മരം നടും... തന്റെ ജീവിതാവസാനംവരെ... 
ആർക്കൊക്കെയോ തണലേകാൻ...