ക്രിസ്തുവിന് ആയിരത്തോളം വർഷങ്ങൾക്കു മുന്പു തന്നെ മനുഷ്യൻ ഐസ് ഉപയോഗിച്ച് ഭക്ഷണം സൂക്ഷിക്കാൻ കഴിയും എന്ന്‌ മനസ്സിലാക്കിയിരുന്നു. പേർഷ്യക്കാരും ഈജിപ്തുകാരും ഗ്രീക്കുകാരും റോമാക്കാരും ഒക്കെ ഇത്തരത്തിൽ ഐസ് ഉപയോഗിച്ചു. പലപ്പോഴും തടാകങ്ങളിൽ നിന്നും നദികളിൽ നിന്നുമൊക്കെ ആയിരുന്നു ഐസ് കണ്ടെത്തിയത്. 
ഐസ് കൊണ്ടുള്ള ഒരു തരം അലമാരയായിരുന്നു ആദ്യകാല ഫ്രിഡ്ജുകൾ. കുഴികളിൽ മഞ്ഞുനിറച്ച് അതിൽ പാത്രങ്ങൾ സൂക്ഷിച്ചുവച്ചും ഇവരിൽ ചിലർ ‘ഫ്രിഡ്ജ്’ ഉണ്ടാക്കി. ഭക്ഷണം കേടുകൂടാതിരിക്കാൻ തണുപ്പിച്ച് സൂക്ഷിക്കുന്ന പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന്‌ സ്പഷ്ടം.ഇനി കാലചക്രം ഒന്ന്‌ ഫാസ്റ്റ് ഫോർവേഡ് ചെയ്യാം. പതിനെട്ടാം നൂറ്റാണ്ട്  ആകുമ്പോഴേക്കും കച്ചവടം ചെയ്യപ്പെടുന്ന ഒരു വസ്തുവായി ഐസ് മാറിയിരുന്നു. അമേരിക്കയിലൊക്കെ സ്വന്തമായി കുളമുള്ളവർ ഐസ് വിറ്റ്‌ കാശുണ്ടാക്കി. വാങ്ങുന്നവർ ധനാഢ്യൻമാർ ആയിരുന്നു എന്നത് എടുത്തു പറയേണ്ടതില്ലല്ലോ. 

ഐസ് വാങ്ങിയാൽ മാത്രം പോരല്ലോ അത് സൂക്ഷിച്ചുവയ്ക്കാൻ ഐസ് ഹൗസും വേണമല്ലോ! സമാന്തരമായി ഐസ് പരീക്ഷണശാലകളിൽ നിർമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടായിരുന്നു. സ്കോട്ട്‌ലൻഡിലെ വില്യം കല്ലൻ എന്ന ഡോക്ടർ ഇത് സാധ്യമാണെന്ന്‌ 1740-കളിൽ തെളിയിച്ചു. 1802-ൽ അമേരിക്കയിലെ തോമസ്‌ മൂർ നിർമിച്ച ഐസ് ഉപയോഗിച്ച് ഭക്ഷണം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്ന ഒരു പെട്ടിക്ക് പേറ്റന്റ്  ലഭിച്ചു. തന്റെ ക്ഷീരോത്‌പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് കേടുകൂടാതെ എത്തിക്കാൻ ആയിരുന്നു മൂർ ഇത് നിർമിച്ചത്. 
 ഒരു തുടക്കം മാത്രമായിരുന്നു ഇത്. നഗരങ്ങളുടെ വളർച്ച കാരണം ഐസിന്റെ ആവശ്യകത വർധിച്ചുകൊണ്ടിരുന്നു. ഉത്‌പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ദൂരം വർധിക്കാൻ ഈ വളർച്ച ഇടയാക്കി എന്നതായിരുന്നു കാരണം.

ഐസ് കച്ചവടം പൊടിപൊടിച്ച വർഷങ്ങൾ ആയിരുന്നു ഇതിനുശേഷം ലോകം കണ്ടത്. തടാകങ്ങളിൽ നിന്ന്‌ മുറിച്ചെടുത്ത ഐസ് തീവണ്ടിയിലും കപ്പലിലും ഒക്കെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ എത്തി. അമേരിക്കയിൽ നിന്ന്‌ ഇങ്ങ് കൽക്കട്ടയിലേക്കും മദിരാശിയിലേക്കും ബോംബെയിലേക്കുമൊക്കെ ഐസ് എത്തി.ഏതൊരു കച്ചവടത്തിലും എന്നപോലെ ഇതിലും ചിലർ പണം കൊയ്തു. ബോസ്റ്റണിലെ ഫ്രെഡറിക്‌ ട്യൂഡർ എന്ന പ്രമുഖൻ ലോകത്തിന്റെ തന്നെ ‘ഐസ് രാജാവ്’ എന്ന്‌ അറിയപ്പെട്ടു. ഐസ് എവിടെയുണ്ടോ, അവിടെ ട്യൂഡറുടെ സാന്നിദ്ധ്യമുണ്ട് എന്ന അവസ്ഥ. ഐസ് എന്നത് ഭക്ഷണം സൂക്ഷിക്കാൻ മാത്രം സഹായിക്കുന്ന ഒരു വസ്തു എന്നതിൽ മാറ്റമുണ്ടായി. ശീതീകരിച്ച പാനീയങ്ങളും കോക്‌ടെയിലുകളും ഒക്കെ ഐസ് കട്ടകൾ വീണ്‌ തണുത്തുതുടങ്ങി. വെള്ളം തണുപ്പിക്കാൻ ഐസ് ഉപയോഗിക്കപ്പെടാൻ തുടങ്ങിയതും  അക്കാലത്തു തന്നെ. പനിക്കും വയറു വേദനയ്ക്കുമൊക്കെയുള്ള ‘മരുന്നായും’ ഐസ് വേഷമിട്ടു. അതിനിടയിൽ 1874-ൽ മദിരാശിയിലും പിന്നീട് കൽക്കട്ടയിലും ഐസ് ഫാക്ടറികൾ തുടങ്ങി. ഈ ഐസിനാകട്ടെ പ്രകൃതിദത്തമായി അമേരിക്കയിൽ നിന്ന്‌ കപ്പൽ വഴി വരുന്ന ഐസിനേക്കാളും വിലക്കുറവുമായിരുന്നു. ഐസിന്റെ അന്നത്തെ വലിയ വിപണിയായ ഇന്ത്യയിലെ ഈ ഫാക്ടറികൾ രാജ്യാന്തര ഐസ് കച്ചവടത്തിന്റെ നടുവൊടിച്ചു. 

ഇതൊക്കെ കൂടാതെ തടാകങ്ങളും നദികളും മലിനീകരണത്തിന്റെ ഇരകളാകാൻ തുടങ്ങി. പ്രകൃതിദത്തമായ ഐസ് സുരക്ഷിതമല്ല എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. ഇതിനു സമാന്തരമായി നമ്മൾ ഇന്നു കാണുന്ന ഫ്രിഡ്ജിനു പിന്നിലെ സാങ്കേതികവിദ്യ വളർന്നുകൊണ്ടേയിരുന്നു. എങ്ങനെയൊക്കെ നോക്കിയാലും ഐസ് കച്ചവടത്തിന്റെ അന്ത്യം അടുത്തിരുന്നു. 
ഐസ് വീട്ടിൽത്തന്നെ നിർമിക്കുന്ന ഒരു ഉപകരണം കണ്ടെത്താൻ പല ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. 1834-ൽ ലണ്ടനിൽ ജേക്കബ് പെർക്കിൻസ് തന്റെ റെഫ്രിജറേഷൻ സിസ്റ്റം നിർമിച്ചു. വിപണിയിൽ ഇത് ശോഭിച്ചില്ല. വാതകം ദ്രവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാൾ വോൺ ലിൻഡെ എന്ന ജർമൻ െപ്രാഫസറുടെ 1876-ലെ പേറ്റന്റ് മറ്റൊരു നാഴികക്കല്ലായിരുന്നു. ലിൻഡെയുടെ അമോണിയ ഉപയോഗിച്ചുള്ള ഫ്രിഡ്ജിന്റെ ജനനം ഈ കണ്ടുപിടിത്തത്തിന്റെ ചുക്കാൻ പിടിച്ചായിരുന്നു. അമേരിക്കക്കാരനായ ഫ്രെഡ് വുൾഫ് 1913-ൽ ആദ്യത്തെ വൈദ്യുതികൊണ്ട്‌ പ്രവർത്തിക്കുന്ന ഗാർഹിക ഉപയോഗത്തിനുള്ള ഫ്രിഡ്ജ് നിർമിച്ചു. ഡോമെൽറെ (Domelre -DOMestic ELectric REfrigerator) എന്ന ഈ ഫ്രിഡ്ജ് വിപണിയിൽ പാളിപ്പോയെങ്കിലും ഐസ് ട്രേ എന്ന ‘പുതിയ’ ആശയം മറ്റുള്ള നിർമാതാക്കൾക്കു ലഭിച്ചു. 1918-ൽ കെൽവിനേറ്റർ, വില്യം ഡ്യുറാന്റിന്റെ ഫ്രിജിഡെയർ കമ്പനി, 1927-ൽ ജനറൽ ഇലക്‌ട്രിക്കിന്റെ മോണിറ്റർ ടോപ്പ് എന്നിവ വിപണിയിൽ എത്തി. മോണിറ്റർ ടോപ്പ് അതുവരെ ലോകം കണ്ടതിൽ വച്ച് ഏറ്റവും പ്രചാരം ലഭിച്ച ബ്രാൻഡ് ആയിരുന്നു.

ആയിരം ഡോളറോളം വിലയുള്ള ഉത്‌പന്നമായിരുന്നു വൈദ്യുതി ഫ്രിഡ്ജുകൾ. സാധാരണക്കാർക്ക് താങ്ങാവുന്നതിനും എത്രയോ അപ്പുറത്ത്. ഫ്രിഡ്ജുകളുടെ സുവർണകാലം ഇനിയും വന്നിട്ടില്ലായിരുന്നു. സ്വീഡൻകാരായ ബാൽതസാർ വോൺ പ്ലാറ്റെനും കാൾ മ്യൂൻറേഴ്സും നിർമിച്ച ഫ്രിഡ്ജ് 1923-ൽ AB Arctic വിപണിയിൽ എത്തിച്ചു. രണ്ടു വർഷങ്ങൾക്ക് ശേഷം ഇലക്‌ട്രോലക്സ് ഈ കമ്പനിയെ സ്വന്തമാക്കി. ഇതിനിടയിൽ പ്ലാറ്റെനും മ്യൂൻറേഴ്സും നിർമിച്ച ഫ്രിഡ്ജിന്റെ ഡിസൈൻ സുരക്ഷിതമല്ല എന്ന്‌ തെളിയിക്കാൻ വേണ്ടി സാക്ഷാൽ ആൽബർട്ട്  ഐൻസ്റ്റീൻ തന്നെ രംഗത്തിറങ്ങി. ലിയോ സിലാർഡുമായി ചേർന്ന് സുരക്ഷിതമായി  പ്രവർത്തിക്കുന്ന ഐൻസ്റ്റീൻ റഫ്രിജറേറ്ററിന്റെ  പേറ്റന്റ്  ആൽബർട്ട്  ഐൻസ്റ്റീൻ എടുത്തു. 
ഫ്രിഡ്ജുകളിൽ ഉപയോഗിച്ച വിഷവാതകം ലീക്ക് ചെയ്ത സംഭവങ്ങൾ ഫ്രിഡ്ജ് വിപണിയുടെ വളർച്ചയ്ക്ക് ക്ഷതമേൽപ്പിക്കാൻ തുടങ്ങിയെങ്കിലും, 1930 ആയപ്പോഴേക്കും പുതുതായി കണ്ടുപിടിക്കപ്പെട്ട ‘ഫ്രിയോൺ’ വാതകം ഫ്രിഡ്ജുകളുടെ വിപണിക്ക് പുതിയ ഉണർവ് നൽകി. 


രണ്ടാം ലോക മഹായുദ്ധകാലം കഴിഞ്ഞപ്പോഴേക്കും ഫ്രിഡ്ജ് ഡിസൈനിൽ കമ്പ്രസർ മുകളിൽ നിന്ന്‌ താഴേക്ക് നീങ്ങി. വരും വർഷങ്ങളിൽ മാറിവന്ന ഭക്ഷണരീതികൾ ഫ്രിഡ്ജിനെ പാശ്ചാത്യ രാജ്യങ്ങളിൽ  വീടുകളിലെ ഒരു ഒഴിച്ചുകൂടാനാവാത്ത ഉപകരണമാക്കി. 1970-കളിൽ വൈദ്യുതി അധികം പാഴാക്കാത്ത ഫ്രിഡ്ജുകളിലേക്ക്  കമ്പനികളുടെയും ശ്രദ്ധതിരിഞ്ഞു. ഇതു കൂടാതെ, ഫ്രിയോൺ വാതകം ഓസോൺ പാളിക്ക് ദോഷം ചെയ്യും എന്നതും ചർച്ചാ വിഷയമായി. ഫ്രിയോണിനോളം (CFC) ഓസോൺ പാളിക്ക് ആപത്ത് വരുത്താത്ത HCFC (Hydrochlorofluorocarbons)-യും പൂർണ സുരക്ഷിതമായ പ്രോപ്പെയ്ൻ (R 290), ഐസോബുട്ടെയ്ൻ  (R 600 a) മുതലായ വാതകങ്ങളൊക്കെ ഉപയോഗിക്കുന്ന ഫ്രിഡ്ജുകൾ പിന്നീടുള്ള വർഷങ്ങളിൽ വിപണിയിൽ എത്തിത്തുടങ്ങി. ഊർജം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള എനർജി സ്റ്റാറുകൾ ഫ്രിഡ്ജ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണെന്ന് നമ്മൾ ഇപ്പോൾ പഠിച്ചുകഴിഞ്ഞു. 
ഇന്നത്തെ സ്മാർട്ട് ഫ്രിഡ്ജുകളുടെ കാര്യം പറഞ്ഞില്ലെങ്കിൽ ഫ്രിഡ്ജ് ചരിത്രം പൂർത്തിയാവില്ല. ജനറൽ ഇലക്‌ട്രിക്കിന്റെ ചില മോഡലുകൾ വൈ ഫൈ വഴി ഇൻറർനെറ്റിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നവയാണ്. ഫ്രിഡ്ജിൽ ഐസ് തീർന്നാലോ, വാതിൽ നേരെ അടഞ്ഞില്ലെങ്കിലോ ഒക്കെ ഫോണിൽ അലർട്ട് വരുന്നതൊക്കെ ഇതിന്റെ ചെറിയ ‘നമ്പർ’. ഒരു കൃത്യസമയത്ത് ഫ്രിഡ്ജിന്റെ സെറ്റിങ്‌സ്‌ മാറ്റാൻ അതിനെ പഠിപ്പിക്കണമോ? ഫ്രിഡ്ജ് ഉപയോഗ സംബന്ധമായ വിവരങ്ങൾ ഒരു ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കണോ? ആമസോൺ അലക്സയെ അറിയില്ലേ? അലക്സ എന്ന കൊച്ച്‌ അസിസ്റ്റന്റിനോട് ‘സംസാരിച്ച്’ ഫ്രിഡ്ജിനെ നിയന്ത്രിക്കാൻ നിങ്ങൾക്ക് ഇപ്പോൾ സാധിക്കും. നിങ്ങൾക്ക് ഫ്രിഡ്ജുമായി ഫോൺ വഴിയും അലക്സ വഴിയും സംസാരിക്കുകയും അതിനെ നിയന്ത്രിക്കുകയും ഒക്കെ ചെയ്യാൻ സാധിക്കും എന്നർത്ഥം. ഇത് ഭാവിയിലെ ഫ്രിഡ്ജ് അല്ല, വിപണിയിൽ ഇപ്പോൾ  ലഭ്യമായവയാണ്. ഇന്റർനെറ്റ് ഓഫ് തിങ്‌സും (Internet of things), ആർട്ടിഫിഷ്യൽ ഇന്റലിജൻസും (Artificial intelligence) ഒക്കെ ഭാവിയിലെ സാങ്കേതിക വിദ്യയല്ല, അവ  നിങ്ങളുടെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു.