മിടുമിടുക്കിയാണ് ഇടുക്കി എന്നാണല്ലോ. മഴയിൽ അവളുടെ മിടുക്ക് ഒന്നുകൂടി കാണാം. പക്ഷേ, യാത്രചെയ്യുമ്പോൾ സൂക്ഷിക്കണം 
ഉരുൾപൊട്ടാം. മലവെള്ളം കുത്തിയൊലിച്ച് വരാം. എന്നാലും സൂക്ഷിച്ചുപോയാൽ കാണാക്കാഴ്ചകൾ പലതും കാണാം. മഴയുടെ കേൾക്കാ താളങ്ങൾ കേൾക്കാം. മഴക്കാലം പലതു കഴിഞ്ഞിട്ടും ഓർമയിൽ നിൽക്കുന്നൊരു മഴയാത്രയായിരുന്നു ഇത്.
 മഴ കോരിച്ചൊരിയുകയായിരുന്നു. പച്ചക്കാടുകൾ അതേറ്റുവാങ്ങുന്നു. പിന്നെ മരംപെയ്യുന്നു. കോടമഞ്ഞിൽ വാഹനങ്ങളുടെ പ്രകാശം മങ്ങിപ്പടരുന്നു. നനഞ്ഞുകുതിർന്നറോഡ്. ചേമ്പിലകൾക്കുമാത്രം ഒരു കൂസലുമില്ല. യാത്രികരായ ഞങ്ങൾക്കും. 
 നാടുകാണാനാണ് പോകുന്നത്. നാടുകാണിയിലേക്ക്.
തൊടുപുഴ - മൂലമറ്റം റോഡിൽ ചുരങ്ങൾതാണ്ടി ഒരു വളവിൽ ആ ബോർഡു കണ്ടു. നാടുകാണി. കാറ്് വലത്തോട്ടുതിരിച്ചു. ഏതാനു വാരകൾ കയറിയാൽ നാടുകാണി പവലിയനായി. കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസത്തിന്റെ കീഴിലാണിത്.  
 പ്രതീക്ഷയോടെയാണ് മുകളിൽ കയറിയത്. മുന്നിൽ ഒരു പാൽക്കടൽ മാത്രം. താഴ്വരയ്ക്ക് എത്ര ആഴമുണ്ട്. കാഴ്ചകൾ എന്താണ്. ഒന്നും കാണാൻവയ്യ, പക്ഷേ, ഈ കാഴ്ചതന്നെ അപാരസുന്ദരം.
 തണുത്തകാറ്റ് അടിച്ചുകയറാൻ തുടങ്ങി. മഴയുടെ തണുപ്പും കോടക്കാറ്റും. കുട കാറ്റിൽ പറന്നു. തണുപ്പ് അസ്ഥിയെതൊടാനെത്തി. മുന്നിൽ ഹിമാലയൻ മലനിരകൾപോലെ കോടമാമലകൾ. കാറ്റവയെ നിമിഷനേരംകൊണ്ട് പറത്തി. മുന്നിൽ തെളിഞ്ഞതൊരു പച്ചമലകളുടെ പടുകൂറ്റൻ കോട്ട. ഇടയ്ക്കിടയ്ക്ക് കണ്ണീരൊലിക്കുന്ന പോലെ വെള്ളച്ചാട്ടങ്ങൾ. താഴെ മൂലമറ്റം പവർഹൗസിന്റെ കെട്ടിടം. പവർഹൗസ് ഭൂമിക്കടിയിലാണ്. 
 അതാ അങ്ങ് ദൂരെ എറണാകുളം വരെ കാണാം. ഇപ്പോൾ അന്തരീക്ഷം തെളിയാത്തതുകൊണ്ടാണ്. വൈകുന്നേരം എറണാകുളം നഗരത്തിന്റെ ദീപവിതാനങ്ങൾ തെളിയും. കോടയില്ലെങ്കിൽ ഇവിടെ നിന്നതു കാണാം. പക്ഷേ, ആറുമണിവരെ മാത്രമേ ഇങ്ങോട്ട് പ്രവേശനമുള്ളു. 
 തൊടുപുഴയിൽനിന്ന് 27 കിലോമീറ്ററാണ് ഇങ്ങോട്ടേക്ക്. മുട്ടം - മൂലമറ്റം വഴിയാണ് വരേണ്ടത്. തൊടുപുഴയെത്താൻ ട്രെയിനിൽ ആലുവ ഇറങ്ങിയാൽ മതി. കോഴിക്കോട്ടുനിന്ന്‌ തൊടുപുഴയ്ക്ക് നേരിട്ടും ബസുണ്ട്.
യാത്രയ്ക്ക് ഉപകാരപ്പെടുന്ന ചില നമ്പറുകൾകൂടി ഇതാ. തൊടുപുഴ താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടങ്കിൽ താമസിക്കാൻ ഹോട്ടൽ സിസിലിയ 0486 2222117, മൗര്യ-2222697, ജെമിനി-2222734, പേൾ റോയൽ-2221701, ഇടുക്കി ടവർ-2224191, വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ജില്ലാ വിനോദസഞ്ചാര വികസന കൗൺസിൽ 04865231516. പിന്നെ ഒരു വഴിക്കുപോവുന്നതല്ലേ പോലീസ് സ്റ്റേഷൻ നമ്പറും ഇരുന്നോട്ടെ: 04862222494.