പക്ഷികളുടെ ചിറകുകളുടെ വർണങ്ങളും സൗന്ദര്യവും എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നു. പക്ഷികളെ കാണുമ്പോൾ ഞാനും ആകാശത്തിൽ പറക്കുന്ന പ്രതീതിയിലാണ്. പറക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ...’ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ ഡേവിഡ്  ടിപ്ലിങ് പറയുന്നു.
ക്ലാസ് റൂമിൽവെച്ചാണ് ആദ്യമായി ഒരു ചെറിയ കുരുവിയുടെ സംഗീതം കേട്ടത്. അധ്യാപകന്റെ കണ്ണ് വെട്ടിച്ച് സംഗീതം ആസ്വദിച്ചു. കുരുവിയുടെ ഭാഷകളിൽ ആകൃഷ്ടനായി. പക്ഷിനിരീക്ഷണം അന്ന് തുടങ്ങി. അത് സാക്ഷാത്കരിച്ചത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ്. നീണ്ട മുപ്പത് വർഷങ്ങൾ അറ്റ്‌ലാന്റിക് പക്ഷികളെ തേടിയുള്ളതായിരുന്നു യാത്ര. ഇന്ന് വീട്ടിൽ വൈവിധ്യമാർന്ന ശേഖരം. തരംതിരിച്ച് മികച്ചവ മാറ്റിവെച്ചപ്പോഴും മൂന്ന് ലക്ഷം ചിത്രങ്ങൾ കവിയും.  ഡേവിഡ് ടിപ്‌ളിങ് തന്റെ അനുഭവങ്ങൾ പങ്കിട്ടു. 
‘അറ്റ്‌ലാന്റിക് പലപ്പോഴും  പ്രക്ഷുബ്ധമാണ്. ഗർജിക്കുന്ന തിരമാലയും. ചില പക്ഷികൾ തിരമാലകളുടെ ഉപരിതലത്തിലൂടെ മിന്നൽവേഗത്തിൽ പറക്കുന്നത്  കാണാം. സൂക്ഷ്മമായി ഞാൻ നോക്കും പക്ഷി എവിടെ? തിരമാലകളിൽ കുടുങ്ങിയോ? ഇല്ല. മറ്റൊരു തലത്തിൽനിന്ന് പക്ഷി ഉയർന്ന് വീണ്ടും മിന്നൽപോലെ പായുന്ന കാഴ്ച ശ്വാസമടക്കി നോക്കി നിൽക്കാറുണ്ട്.’
ബ്രിട്ടനിലെ നോർഫോക്കാണ് അദ്ദേഹത്തിന്റെ  സ്വദേശം. വീടിന് ചുറ്റും പുൽമേടുകളും തിങ്ങിനിറഞ്ഞ വൃക്ഷങ്ങളും ഉണ്ടായിരുന്നു. സമയം കിട്ടിയപ്പോൾ പക്ഷികളെ നിരീക്ഷിക്കാൻ തുടങ്ങി. പക്ഷികളുടെ നൂറോളം കളർ ചിത്രങ്ങളുടെ പുസ്തകം ഒൻപതാം വയസ്സിൽ അച്ഛനും അമ്മയും ചേർന്നു സമ്മാനിച്ചു. പതിമൂന്നാം വയസ്സിൽ ആദ്യമായി ക്യാമറ കിട്ടി, രണ്ട് വർഷം കഴിഞ്ഞപ്പോൾ പക്ഷികളുടെ ചിത്രങ്ങളുടെ ഒരു ആൽബം തയ്യാറാക്കി.
വീടിന്റെ സമീപത്തുള്ള വനഭൂമിയുടെ വൈൽഡ് ലൈഫ് വാർഡൻ റോയി കോൾസ് ആയിരുന്നു. അദ്ദേഹം പ്രോത്സാഹിപ്പിച്ചു.  പച്ചിലച്ചെടികളും പുല്ലുംകൊണ്ട് ചെറിയ കൂടാരം നിർമിച്ച് അതിൽ ഒളിച്ചിരിക്കാൻ പറഞ്ഞു. അങ്ങനെ നിരവധി ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ കഴിഞ്ഞു.
വനപ്രദേശത്ത് പക്ഷിയെ കാത്തു നിൽക്കാം. അല്പം നടക്കാം. വിശ്രമിക്കാം. വീണ്ടും ക്യാമറയെടുത്ത് മെല്ലെ നീങ്ങാം. പക്ഷേ, അറ്റ്‌ലാന്റിക് സമുദ്രത്തിൽ സ്ഥിതി വ്യത്യസ്തമാണ്.  കപ്പൽയാത്രയെക്കാൾ നല്ലത് ചെറിയ ബോട്ടിൽ പോകുന്നതാണ്. ചിലപ്പോൾ പക്ഷിയെ തൊട്ടുമുന്നിൽ  കൈയെത്തും ദൂരത്തിൽ കാണാം. വിരിഞ്ഞ ചിറകുകൾ. വിസ്മയിപ്പിക്കുന്ന ഫ്രെയിമുകൾ അപ്പോൾ പിറക്കും. 1980 മുതൽ തന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി.
കടൽപ്പക്ഷികൾ  മുട്ടയിടാനും കൂടുകൂട്ടാനും മാത്രമാണ് കരയിൽ എത്തുന്നത്.  ജീവിതത്തിന്റെ സിംഹഭാഗവും അവ കടലിൽതന്നെ. തിരമാലകൾക്കൊപ്പം ചലിക്കും. എല്ലാ കപ്പലുകളിലും അവയുടെ സാന്നിധ്യമുണ്ട്. കപ്പലിന്റെ കൊടിമരത്തിൽവരെ പക്ഷികളുണ്ടാകും. ഡെക്കിൽ പതിനായിരങ്ങൾ നിരന്നിരിക്കും. ഉത്സവപ്രതീതി. ഗോതമ്പോ ധാന്യങ്ങളോ കൊണ്ടുപോകുന്ന കപ്പലാണെങ്കിൽ അവയ്ക്ക് തിന്നാനുള്ള അവസരം കിട്ടും. വളരെ ദൂരം ഇങ്ങനെ സഞ്ചരിക്കും.  തിരിച്ച് മറ്റൊരു കപ്പലിൽ കയറി യാത്ര മറ്റൊരു ദിക്കിലേക്കാകും. രാത്രി ആകാശത്തിൽ നിശ്ചലമായിനിന്നുകൊണ്ട് ഉറങ്ങും.
 ജീവിതത്തിൽ അവിസ്മരണീയമായ അവസരങ്ങൾ ഫോട്ടോഗ്രാഫിയിൽ നല്കിയിട്ടുള്ളത് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദക്ഷിണ ജോർജിയ ദ്വീപും അന്റാർട്ടിക്ക ഭൂഖണ്ഡവുമാണ്. യാത്ര ദുഷ്‌കരമാണ്. വർഷത്തിൽ പത്തുമാസവും അതിശൈത്യം. രണ്ട് മാസം വേനൽക്കാലമാണ്. അതും ശൈത്യത്തിൽ  അമർന്ന് പോകും. ക്യാമറയുമായി നീണ്ട നടപ്പുതന്നെ. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ പക്ഷി പെൻഗ്വിനാണ്. പറക്കാൻ കഴിയാത്ത കൗതുകമുണർത്തുന്ന പക്ഷി.  ഏത് അപരിചിതനുപോലും പെൻഗ്വിന്റെ തൊട്ടടുത്ത് ക്യാമറയുമായി എത്താം.  പക്ഷി പറന്ന് അകലില്ല. ആകാംക്ഷയോടെ നോക്കി നിൽക്കും. അതായത് ക്യാമറയ്ക്ക്  പോസ് ചെയ്യുന്ന അനുഭവം.
ചാരനിറത്തിലുള്ള അറ്റ്‌ലാന്റിക് പക്ഷിയാണ് സ്‌കുവ (SKUA). പെൻഗ്വിന്റെ മുട്ടകളെ തക്കംനോക്കി കൊത്തിയെടുക്കുകയാണ് ഇവയുടെ ലക്ഷ്യം. ചിലപ്പോൾ  കുഞ്ഞുങ്ങളെയും റാഞ്ചും. പെൻഗ്വിനുകൾ അപ്പോൾ  കൂട്ടമായിനിന്ന് പക്ഷികളെ നേരിടുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തും.  അന്റാർട്ടിക്കയിൽ അങ്ങിങ്ങായി പാറയും പുല്ലുമുണ്ട്. ചിലയിനം പെൻഗ്വിനുകൾ പുല്ലിലാണ് മുട്ടയിടുക. എന്നാൽ  എംപറർ പെൻഗ്വിൻ മഞ്ഞിൽ ഒറ്റ നിൽപ്പ്. മൂന്ന് മാസം, കാൽപ്പാദങ്ങൾക്കിടയിൽ മുട്ട  ചേർത്തുവെച്ച്  വിരിയിക്കും. ഈ കാലത്ത് പെൺ പെൻഗ്വിന് തീറ്റ നൽകാൻ ആൺ പെൻഗ്വിൻ നിതാന്തജാഗ്രത പുലർത്തും. മുട്ട വിരിഞ്ഞ് കുഞ്ഞ് ചുണ്ട് പുറത്തേക്കിടുന്ന ചിത്രങ്ങൾ ഡേവിഡ് ടിപ്‌ളിങ്ങിന് നിരവധി പുരസ്‌കാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.
ഇതുവരെയായി നൂറോളം ഇനങ്ങളിലുള്ള അറ്റ്‌ലാന്റിക് പക്ഷികളെ  ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും  അറ്റ്‌ലാന്റിക് പക്ഷികളെ തേടിയുള്ള യാത്ര തുടരും. ദൈർഘ്യമേറിയ യാത്ര നടത്തുന്ന മറ്റൊരു പക്ഷിയാണ് ആർടിക് ടേൺ (Arctic Tern). ഉത്തരധ്രുവത്തിൽനിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് പറക്കും.  ഉപഗ്രഹങ്ങൾ വഴിയാണ് അവയുടെ സഞ്ചാരപഥങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. വിസ്മയകരമായ യാത്ര. അറ്റ്‌ലാന്റിക്കിൽ മാത്രമല്ല, ഏഴ് ഭൂഖണ്ഡങ്ങളിലെ 30ഓളം രാജ്യങ്ങളിൽ  ക്യാമറയുമായി പക്ഷികളെ തേടിയിട്ടുള്ള  ഐതിഹാസികനായ ഫോട്ടോഗ്രാഫറാണ് ഡേവിഡ് ടിപ്ലിങ്.