പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നും. എന്നാൽ, ഈ നവകൈലാസയാത്ര ഇങ്ങ് തമിഴ്‌നാട്ടിലാണ്. യാത്ര പുറപ്പെടുംമുമ്പ് ഒരു കഥ കേൾക്കാം. കൈലാസത്തിൽ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവൻ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന്‌ നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു. അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. അഗസ്ത്യമുനി ഒമ്പത്‌ പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം കൈലാസനാഥനെന്നും പാർവതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നവകൈലാസക്ഷേത്രങ്ങൾ. 
 താമ്രപർണി അഥവാ താമരഭരണി നദിക്കൊപ്പമുള്ള യാത്ര. നവഗ്രഹങ്ങൾക്കൊപ്പമുള്ള യാത്ര. അവിശ്വാസിയായ ഒരാൾക്ക് തമിഴ്‌നാടൻ സാംസ്കാരികഭൂമികയിലൂടെ ഒരു യാത്ര. അങ്ങനെ പല മാനങ്ങളുമുണ്ട്‌ ഈ യാത്രയ്ക്ക്.
 ഇനി യാത്ര തുടങ്ങാം. ആദ്യക്ഷേത്രം പാപനാശമാണ്. കേരളത്തിൽനിന്നുള്ളവർക്ക് കൊല്ലം ചെങ്കോട്ടവഴി അങ്ങോട്ടെത്താം. തിരുവനന്തപുരത്തുനിന്ന്‌ ഈ വഴിതന്നെയാണ് കുറഞ്ഞ ദൂരം. പക്ഷേ, നാഗർകോവിൽ വഴിയും വരാം. ഈ യാത്രയ്ക്ക് താമസിക്കാനുള്ള ഇടത്താവളമെന്നനിലയിൽ തിരുനെൽവേലി താമസിച്ച് പുലർച്ചെതന്നെ പാപനാശത്തെത്തി അവിടെ നിന്ന്‌ ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് ഉച്ചയോടെ മുറിയിലെത്തി വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന രീതിയിൽ പ്ലാൻ ചെയ്യുന്നതായിരിക്കും നല്ലത്. 
  ഹാപ്പ-തിരുനെൽവേലി എക്സ്പ്രസിൽ കയറി തിരുനെൽവേലിയിലെത്തുമ്പോൾ രാത്രി പത്തര. റെയിൽവേ സ്റ്റേഷന്റെ പുറത്തെ തെരുവ് ഒരു വലിയ ഭക്ഷണശാലയായി മാറിയിരിക്കുന്നു. ആവിപറക്കുന്ന ഇഡ്ഡലിത്തട്ടും ഓംലറ്റ് പൊരിയുന്ന ഗന്ധവും ഇലകൾ വിരിച്ചിട്ടിരിക്കുന്ന ഡെസ്‌കും ഇരിക്കാൻ സ്റ്റൂളും. ഇരുവശവും ഭക്ഷണത്തിനിരിക്കുന്നവരുടെ തിരക്ക്. ആകാശം മേൽക്കൂരയാക്കിയ ആ വലിയ ഭക്ഷണശാലയിൽ ഇടംപിടിച്ചു. ചൂടാർന്ന ഇഡ്ഡലിയിൽ ചമ്മന്തിയൊഴിച്ചൊന്ന്‌ പിടിച്ചു. മേമ്പൊടിക്കൊരു ഓംലറ്റും. നല്ല സ്വാദ്

പാപനാശം
 പിറ്റേദിവസം രാവിലെ നേരേ പാപനാശത്തേക്ക് വിട്ടു. പൊതികൈമലയുടെ താഴ്വരയിൽ താമരഭരണിയുടെ കളകളാരവകീർത്തനം പ്രഭാതഗീതമായി പടരുമ്പോൾ നടതുറക്കുന്നതും കാത്തിരുന്നു. ഗോപുരമുകളിലെ പറവകൾ ഭക്ഷണംതേടി പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല. കൈയിൽ താലവും പൂക്കളുമായി ഭക്തർ തൊഴാനെത്തിത്തുടങ്ങി. അന്തരീക്ഷത്തിന് മുല്ലപ്പൂമണം. താഴെ പാപവിമോചകയായ താമരഭരണിയിൽ മുങ്ങിത്തുടിക്കുന്നവർ. നദിയോരം മലിനമാക്കിയിട്ടിരിക്കുകയാണ്. ശരീരവും മനസ്സും പരിസരവും ശുദ്ധമാക്കിവേണം ദേവസന്നിധിയിലെത്താൻ എന്ന പ്രഥമപാഠം എല്ലാവരും മറന്നുപോവുന്നോ? 
 പാപവിനാശർ എന്ന കൈലാസനാഥനും ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം. എല്ലാ ഊർജത്തിന്റെയും ഉറവിടമായ സൂര്യനിൽനിന്നുതന്നെ ഈ യാത്രയും തുടങ്ങാം. ഇവിടെ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. 

ചേരൻ മഹാദേവി
സൂര്യൻ കഴിഞ്ഞാൽ ചന്ദ്രനാണ്. എല്ലാ അർഥത്തിലും ഭൗമജീവിതത്തെ നിയന്ത്രിക്കുന്ന മറ്റൊരു ഗ്രഹം. നല്ല ആരോഗ്യവും അഴകും പ്രദാനംചെയ്യുന്ന ശക്തി. പാപനാശത്തിൽനിന്ന്‌ ചേരൻ മഹാദേവിയിലേക്ക് 22 കിലോമീറ്ററാണ് ദൂരം. ഇവിടെ തൊഴുത് ഏഴുമണിക്ക് ഇറങ്ങിയാൽ ഏഴരയോടെ അവിടെയെത്താം. ഗ്രാമങ്ങൾ ഉണർന്നുതുടങ്ങുന്നേയുള്ളൂ. നെൽവയലുകൾ വിളഞ്ഞുനിൽപ്പുണ്ട്. ചിലയിടത്ത് കൊയ്ത്തുകഴിഞ്ഞിരിക്കുന്നു. അന്തരീക്ഷത്തിന് നെല്ലിന്റെ മണം. നെല്ലിൻതണ്ട് മണക്കും വഴികൾ... കടമ്മനിട്ട കാവ്യം മനസ്സിലെത്തുന്നു.
അംബാസമുദ്രംവഴി താമരഭരണി ആറിനുകുറുകെ കല്ലിടക്കുറിച്ചിയും കഴിഞ്ഞ് ചെങ്കോട്ടറോഡിലൂടെ മുന്നോട്ട്. 
ചേരൻ മഹാദേവിയെത്തി. അമ്മൈനാഥരും ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. ചേരൻമഹാദേവി റെയിൽപ്പാലത്തിനരികെ തലയുയർത്തിനിൽക്കുന്ന ക്ഷേത്രഗോപുരം. തൊട്ടരികിൽ വലിയൊരു വാല്മീകവും. അതിനുമുകളിലൊരു സർപ്പപ്രതിഷ്ഠയും. താഴെ താമരഭരണി ഒഴുകുന്നു. എട്ടരയോടെ ഇവിടം വിടാം. 

കോടകനല്ലൂർ
അവിടെനിന്ന്‌ കോടകനല്ലൂരിലേക്ക്. അവിടെ പന്ത്രണ്ടുമണിവരെ നടതുറന്നിരിക്കും. കൈലാസനാഥരും ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വയാണ് ഗ്രഹം. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. തിരുനെൽവേലിയിൽനിന്ന്‌ ചേരൻമഹാദേവി പോവുംവഴി നടക്കല്ലൂർക്ക് തെക്ക് ഒരു കി.മീ. മാറിയാണ് ഈ വിശ്വാസതീരം. ആളൊഴിഞ്ഞുകിടക്കുന്ന ക്ഷേത്രമുറ്റം ആടുകൾ കൈയടക്കിയിരിക്കുന്നു. വിശേഷദിവസം അടുത്തതിനാൽ അലങ്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഒമ്പതരവരെ ഇവിടെ ചെലവഴിച്ച് അടുത്ത് ഗ്രഹത്തിലേക്ക്.

കുന്നത്തൂർ
കോതപരമേശ്വരരും ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിലേക്കാണ് അടുത്ത യാത്ര. രാഹുവാണവിടെ വാഴുന്നത്. വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നും വിശ്വാസം. പതിനൊന്നുമണിക്കവിടെ നട അടയ്ക്കും. ഇവിടെനിന്ന്‌ തിരുനെൽവേലിക്കിനി നാലുകിലോമീറ്ററേയുള്ളൂ. നടയടച്ചുകഴിഞ്ഞാൽ നേരേ തിരുനെൽവേലിയിലെത്തി വിശ്രമിക്കാം.

മുറപ്പനാട്
 നാലരയാവുമ്പോൾ അടുത്ത യാത്രതുടങ്ങാം. തൂത്തുക്കുടി റൂട്ടിലെ മുറപ്പനാട്. താമരഭരണി തീരത്ത് വ്യാഴഗ്രഹസാന്നിധ്യത്തോടെ കൈലാസനാഥനും ശിവകാമിയും വാഴുന്നു. വൈകീട്ട് അഞ്ചുമണിക്കാണ് നടതുറക്കുക. നാഗപ്രതിഷ്ഠകൾ കാവൽനിൽക്കുന്ന ആൽമരത്തറ, പുഴയും വയലുമടക്കം തനി ഗ്രാമീണപശ്ചാത്തലം. ക്ഷേത്രത്തിന്റെ കോണിൽ പ്ലാവ് കായ്ച്ചുനിൽക്കുന്നു. താമരഭരണിയിൽ നീന്തിത്തുടിക്കുന്ന നാട്ടുകാർ. വയലിൽ ദേശാടനക്കിളികൾ വിരുന്നെത്തിയിട്ടുണ്ടായിരുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. 

തെൻതിരുപ്പേരൈ
വൈകീട്ട് ഏഴുമണിക്കുമുമ്പ് തെൻതിരുപ്പേരൈ എത്തണം. തിരുനെൽവേലി തിരുച്ചെന്തൂർ റോഡിൽ ആഴ്വാഴ്തിരുനഗറിനരികിൽ. കൈലാസനാഥനും അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. ശിവജ്ഞാനം ലഭിക്കും.

തിരുവൈകുണ്ഡം
അടുത്തയാത്ര തിരുവൈകുണ്ഠത്തേക്കാണ്. മുറപ്പനാടുനിന്ന്‌ പ്രധാന റോഡിലെത്തി. ചെറിയ വഴികളിലൂടെയാണ് തിരുവൈകുണ്ഠത്തിലേക്ക് പോയത്. വയലേലകൾക്ക് നടുവിൽ പനമരങ്ങൾ അതിരിട്ട റോഡിലൂടെയായിരുന്നു യാത്ര. പെട്ടെന്നാണ് റോഡരികിൽ ഒരു മനോഹരമായ പ്രകൃതീശ്വരക്ഷേത്രം കണ്ടത്. പ്രകൃതീശ്വരിയെന്ന് കാഴ്ചകൊണ്ട് വിളിച്ചതാണ്. ശരിക്കും ഏതുക്ഷേത്രമാണെന്നറിയാൻ മാർഗമൊന്നുമില്ല. ആൽമരങ്ങളാണ് ചുറ്റമ്പലമായുള്ളത്. പ്രതിഷ്ഠകളും ചുവപ്പും വെളുപ്പും കലർന്ന പെയിന്റടിച്ച വിഗ്രഹത്തറയും ഏതാനും വിഗ്രഹങ്ങളും. ആൽമരത്തണലിൽ കരിയിലകളും. ഒരുപക്ഷേ, എങ്ങും കാണാത്ത വ്യത്യസ്തമായൊരു ക്ഷേത്രാന്തരീക്ഷം. തൊട്ടടുത്ത് വെള്ളമെടുത്തുകൊണ്ടിരിക്കുന്ന സ്ത്രീകളോട് ചോദിച്ചപ്പോൾ അരശടയാർ കോവിലാണിതെന്ന്‌ പറഞ്ഞു. ആഴവാർ കൽക്കുളം എന്നാണ് ഊരിന്റെ പേര്. 
 വീണ്ടും മുന്നോട്ട്. നിറയെ കുളങ്ങളും ജലാശയങ്ങളും നിറഞ്ഞ ഭൂമി. ജലാശയങ്ങളിൽ നീരാടുന്ന കിളികൾ ചൂടിനിടയിൽ കുളിരുള്ള കാഴ്ചകളാവുന്നു. ക്ഷേത്രമെത്തി. ഇടുങ്ങിയൊരു ജനപഥത്തിലൂടെ വിശാലമായൊരു വെളിമ്പറമ്പിലാണ് അമ്പലം. തിരുനെൽവേലി-തിരുച്ചെന്തൂർ റോഡരികിൽ. ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. ശാന്തമായൊരു അന്തരീക്ഷം. ക്ഷേത്രമതിലിൽ ഓരോ നക്ഷത്രങ്ങളുടെയും അഭിഷേകവസ്തുക്കൾ ആലേഖനംചെയ്തിട്ടുണ്ട്.

രാജപതി
എട്ടാമിടമാണ് രാജപതി. കൈലാസനാഥരും സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. 
എട്ടുമണിവരെ നടതുറക്കും. ഏറൽ വഴിയിൽ 1.5 കി.മീ. കുറുമ്പൂരിൽനിന്ന്‌ 4.5 കി.മീ. മുറ്റത്ത് കേതുപരിഹാര പാലാവിതീർഥം എന്ന ക്ഷേത്രക്കുളം. കേതു വണങ്ങിയ കോവിൽ എന്നും ക്ഷേത്രത്തിൽ എഴുതിവെച്ചിരിക്കുന്നു.

ചേർന്തമംഗലം
സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര ഏതു യാത്രയുമെന്നപോലെ ഒരു നവോന്മേഷദായകമാണ്; പ്രത്യേകിച്ചും ഒരു വിശ്വാസിക്ക്. 
 നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. ഒരു സന്ന്യാസി പറഞ്ഞുതന്ന നവഗ്രഹ ക്ഷേത്രയാത്രാരഹസ്യം ഏതുയാത്രയുടെ രഹസ്യം കൂടിയാണോ? ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് വണ്ടി ഒമ്പതാമിടത്തെത്തി. തൂത്തുക്കുടി തിരുച്ചെന്തൂർ റോഡിൽ പുന്നക്കായൽ പോകുംവഴി ആത്തൂരിനടുത്ത്. ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്. ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. വലിയൊരു മാവ്‌ പുറത്ത് തണൽവിരിച്ച് നിൽപ്പുണ്ടായിരുന്നു. ഉള്ളിൽ 64 നായനാർമാരുടെ പ്രതിഷ്ഠ. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. കൈലാസനാഥരും സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. താമരഭരണി കടലിൽ ചേരുന്ന പുന്നക്കായൽ തൊട്ടടുത്താണ്. തൂത്തുക്കുടിയിലേക്ക് ഇവിടെനിന്ന് 20 കിലോമീറ്ററേയുള്ളൂ. നേരേ തൂത്തുക്കുടിക്ക് വിട്ടു. ആ തുറമുഖ നഗരത്തിനും എന്തെങ്കിലും വിശേഷങ്ങൾ പറയാനുണ്ടാവുമല്ലോ? ഒരു സഞ്ചാരിയുടെ ഭ്രമണപഥങ്ങൾ അവസാനിക്കുന്നില്ലല്ലോ.
 തിരുവനന്തപുരത്തുനിന്ന്‌ ശ്രീഹരി ട്രാവൽസ് പാക്കേജ് ടൂർ സംഘടിപ്പിക്കാറുണ്ട്. വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ 9447903402
താമസത്തിന് Papanasam: Thamarabharani Lodge & 9486615037, 9677662535 Thirunelveli: Sri Janakiram Hotel& 0462 233 1941 œNew Avenue & 0462 232 3333 œMNH Royal Park& 0462 232040 œHotel Appletree& 0462 251 1111 œ TVK Regency& 0462 250 3399 œSri Bharani Hotels 0462 233 3234 œHotel Imperial& 095669 01111 œHotel Aryas & 0462 233 9001 œThoothukkudi: Hotel Raj & 094893 40000 œGRT Regency& 0461 234 0777 œDSF Grand Plaza& 0461 232 350 œHotel Geetha International & 0461 234 6174œSRM Hotel & 0461 224 444
ക്ഷേത്രത്തിന്റെ നമ്പറുകൾ- Navakailasam Temples Executive officer, Papanasam & 04634-293757, 9894176671 œCheran mahadevi & 04634 26511Kodaganallur & 099659 23124 
Kunnathur-0462 2340955 Murappanad- 098424 04554 Thiruvaikundam-04630 - 256 492 - Thenthirupperai -093658 89291 Rajapathy- 093658 89291, 098422 63681. Serndhamangalam 91 94883 42861.