ഇന്ത്യയിലെ എണ്ണം പറഞ്ഞ കലാ സംവിധായകരിലൊരാളായ സാബു സിറിലാണ് ‘ബാഹുബലി’യുടെ വിസ്മയക്കാഴ്ചകൾക്കു പിന്നിൽ... കലാവിരുതിന്റെ മലയാളസ്പർശം. 

രണ്ടാം ഭാഗത്തിലെത്തുമ്പോൾ ബാഹുബലിയുടെ പ്രത്യേകതകൾ എന്തൊക്കെയാണ് ? 

രണ്ടാം ഭാഗത്തിലാണ് ശരിക്കും സിനിമയുടെ കഥ എന്താണെന്ന് പറയുന്നത്. മാഹിഷ്മതിയുടെ ബാക്ക്‌ഡ്രോപ്പ് ഒന്നു തന്നെയാണ്. രണ്ടാം ഭാഗത്തിനായി വേണ്ട പലതും ഒന്നാം ഭാഗത്തിനിടയിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ്ങിൽത്തന്നെ നമ്മൾ സെറ്റായതു കൊണ്ട് വലിയ ബുദ്ധിമുട്ടുകൾ വേണ്ടിവന്നില്ല. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കുറച്ചുകൂടി എളുപ്പമായിരുന്നു. ഇൻഡോറൊക്കെ നേരത്തെ തന്നെ ഷൂട്ടുചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. ഔട്ട്‌ഡോറിന് ഉപയോഗിക്കേണ്ട സെറ്റുകൾ രണ്ടു വർഷമായി അതേപടി നിലനിർത്തിയിരിക്കുകയായിരുന്നു. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായി പണിയേണ്ടിവന്നത് അനുഷ്ക അവതരിപ്പിക്കുന്ന ‘ദേവസേന’ എന്ന കഥാപാത്രത്തിന്റെ കൊട്ടാരമാണ്. മാർബിൾ കൊണ്ടുണ്ടാക്കിയ കൊട്ടാരത്തിന്റെ സെറ്റിലേക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ കംപ്യൂട്ടർ ഗ്രാഫിക്സിലൂടെ നടത്തുകയായിരുന്നു. 
കൊട്ടാരങ്ങൾക്കും വലിയ നിർമിതികൾക്കുമുള്ള റഫറൻസ് എന്തൊക്കെയായിരുന്നു ?

അങ്ങനെ എടുത്തു പറയത്തക്കത്തായ റഫറൻസുകളൊന്നുമില്ല. സിനിമ എന്ത് ആവശ്യപ്പെടുന്നു എന്നത് അനുസരിച്ചാണ് ഞങ്ങൾ ചിന്തിച്ചത്. അടിസ്ഥാനപരമായി സെറ്റുകളും ബാക്ക്‌ഡ്രോപ്പുകളുമെല്ലാം ഇന്ത്യനായിരിക്കണം. വിദേശത്തേക്ക് നോക്കിയാൽ ഇന്ത്യൻ ടച്ച് നഷ്ടപ്പെടും. നമ്മൾ ഏറ്റവും അധികം ശ്രദ്ധിച്ചൊരു കാര്യം എന്തു ചെയ്യാൻ പാടില്ലെന്നായിരുന്നു. തെറ്റായിട്ടുള്ള എന്തെങ്കിലും കയറിവരുമ്പോഴാണ് എടുത്തു കാണിക്കുന്നത്. ബാഹുബലിയുടെ കൊട്ടാരത്തിൽനിന്ന് വിഭിന്നമായിരിക്കണം ദേവസേനയുടെ കൊട്ടാരമെന്ന ബോധ്യമുണ്ടായിരുന്നതിനാൽ കോൺട്രാസ്റ്റിങ്‌ ആയിട്ടാണ് ഇതു ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ്, നിർമാണത്തിനായി മാർബിളുകളും മറ്റും ഉപയോഗിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതിന്റെ സാങ്കേതികത്വങ്ങൾ ഒരുപാട് വിശദീകരിക്കുന്നതിൽ അർഥമില്ലെന്നാണ് തോന്നുന്നത്. കാരണം, ആളുകൾ സിനിമ കാണുമ്പോൾ അവർക്ക് ഇൻവോൾവ്‌മെന്റുണ്ടാകണം. അതിലാണ് കാര്യം. ആ ഒരു ചുറ്റുപാട് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ജോലി. 
രഥങ്ങൾക്ക് ഉപയോഗിച്ചത് ബുള്ളറ്റ് ബൈക്കാണെന്ന് കേട്ടിരുന്നു ?
രഥങ്ങൾ ഓടിക്കാൻ ഉപയോഗിച്ചത് ബുള്ളറ്റ് ബൈക്കുകൾക്ക് രൂപമാറ്റം വരുത്തിയാണ്. വലിയ രഥങ്ങളാണ് റാണയ്ക്കും മറ്റും ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ ഇത്തരം പൊടിക്കൈകൾ ആവശ്യമായിരുന്നു. 
മറ്റെന്തൊക്കെയാണ് പ്രത്യേകതകൾ ?

ആദ്യഭാഗത്തിൽ ഉപയോഗിച്ച ആനിമെട്രോണിക്സ് വളരെ സജീവമായി രണ്ടാം ഭാഗത്തിലും ഉപയോഗിച്ചിട്ടുണ്ട്. സാങ്കേതിക ഉപയോഗിച്ച് മൃഗങ്ങളെ ഉണ്ടാക്കിയെടുക്കുന്ന രീതിയാണിത്. ആനയെയും കുതിരയെയും മുള്ളൻപന്നിയെയുമൊന്നും ജീവനോടെ പിടിച്ചുനിർത്തി ഷൂട്ട് ചെയ്യാൻ സാധിക്കില്ലല്ലോ. 

ബാഹുബലി രണ്ടിന്റെ പ്രൊഡക്‌ഷൻ ഡിസൈനിന്‌ എത്രമാത്രം പെർഫെക്‌ഷനുണ്ട് ? 

അതു പറയാൻ സാധിക്കില്ലെന്നതാണ് യാഥാർഥ്യം. കാരണം, നമ്മൾ രണ്ടുവർഷം മുൻപ് ഷൂട്ട് ചെയ്ത കാര്യങ്ങളും ഇതിലേക്ക് വരും. തിരിഞ്ഞുനോട്ടം നടത്തുമ്പോഴായിരിക്കും ചില പിഴവുകൾ ശ്രദ്ധയിൽപ്പെടുക. പിന്നെ, സിനിമയുടെ സ്റ്റാൻഡേർഡ് എന്നത് ചെലവാക്കുന്ന പണത്തിന് ആനുപാതികമായിരിക്കും. ഒരു സാധാരണ ഇന്ത്യൻ സിനിമയെക്കാൾ കൂടുതൽ ബജറ്റുള്ളതിനാൽ അതിന്റെ പെർഫെക്‌ഷനും സിനിമയ്ക്കുണ്ടാകും. 
    നമ്മൾ പരമാവധി നിലവാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഒരു തിയേറ്ററിൽ ഇംഗ്ലീഷ് സിനിമ കണ്ടിട്ടാണ് ആളുകൾ മറ്റൊരു തിയേറ്ററിൽ ബാഹുബലിക്കായി കയറുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമായിരിക്കും. അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ വെല്ലുവിളി. 
 കേരളത്തിൽ ഉൾപ്പെടെ ‘4 -കെ റെസല്യൂഷൻ തിയേറ്ററുകളു’ടെ എണ്ണത്തിൽ വർധനയുണ്ടായത് നല്ലതാണ്. കാരണം, കൂടുതൽ ക്വാളിറ്റിയിൽ ആളുകൾക്ക് സിനിമ കാണാൻ സാധിക്കും. ബാഹുബലി ആദ്യഭാഗം റിലീസ് ചെയ്തപ്പോൾ ഒരു തിയേറ്ററിൽ മാത്രമായിരുന്നു ‘4 കെ’ പ്രൊജക്‌ഷനുണ്ടായിരുന്നത്. 
 ബാഹുബലി രണ്ടു ഭാഗങ്ങളുടെ സെറ്റുകൾക്കായി മാത്രം ഏതാണ്ട് 50 കോടി രൂപ ചെലവായിട്ടുണ്ട്. ആദ്യഭാഗത്തിന് 28 കോടി രൂപ ചെലവായി. രണ്ടാം ഭാഗത്തിന്റെ ചെലവുകൾ കണക്കാക്കി വരുന്നതേയുള്ളു.