എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ലോകമാകെ അലയൊലികൾ സൃഷ്ടിക്കുമ്പോൾ മലയാളികൾ ബാഹുബലിയെയും കട്ടപ്പയെയും കേട്ടത് അരുണിന്റെയും പ്രവീണിന്റെയും ശബ്ദത്തിലാണ്. പ്രഭാസ് അവതരിപ്പിച്ച അമരേന്ദ്ര ബാഹുബലി, മഹേന്ദ്ര ബാഹുബലി എന്നീ കഥാപാത്രങ്ങൾക്ക് അരുൺ ശബ്ദം നൽകിയപ്പോൾ കട്ടപ്പയ്ക്കു വേണ്ടി സംസാരിച്ചത് പ്രവീൺ ഹരിശ്രീയാണ്. വർഷങ്ങളായി സിനിമ -സീരിയൽ നാടകരംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിലും കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് തേടി എത്തിയിരിക്കുന്നത് ബാഹുബലിയിലൂടെയാണ്.
പറവൂർ സ്വദേശിയാണ് അരുൺ. ചോറ്റാനിക്കരക്കാരനാണ് പ്രവീൺ. 
ബി. ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രം മാടമ്പിയിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അശ്വിൻ മേനോന് ശബ്ദം നൽകിയാണ് അരുൺ ഡബ്ബിങ് മേഖലയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പ്രാഞ്ചിയേട്ടൻ, കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങിയ സിനിമകളിലും ശബ്ദമായി. പ്രഭാസിന്റെ മുൻസിനിമകൾ മലയാളത്തിൽ എത്തിയപ്പോഴും ശബ്ദം നൽകിയത് അരുൺ തന്നെയാണ്. 
‘ഈച്ച’എന്ന സിനിമയിൽ നാനിക്ക് ശബ്ദം നൽകിയതോടെയാണ് രാജമൗലി സിനിമകളുമായുള്ള സഹകരണം തുടങ്ങുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഇതിന് കാരണമാകുന്നത്. പിന്നീട് ബാഹുബലി ആദ്യഭാഗം എത്തിയപ്പോൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ശബ്ദം നൽകാൻ തിരഞ്ഞെടുത്തത് അരുണിനെ ത്തന്നെയാണ്. 
‘ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് ബാഹുബലിയിലൂടെ ലഭിച്ചിരിക്കുന്നത് വലിയൊരു അംഗീകാരമാണ്. താരതമ്യേന ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവരാണ് ഡബ്ബിങ് ആർട്ടിസ്റ്റുകൾ. ബാഹുബലി എന്ന സിനിമ വിജയിച്ചതുകൊണ്ടാണ് ഇപ്പോൾ നിങ്ങളോട് സംസാരിക്കാൻപോലും സാധിക്കുന്നത്. സാധാരണ ഡബ്ബിങ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഈ സിനിമയ്ക്കായി സ്വീകരിച്ചിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് സിനിമയുടെ തിരക്കഥ മലയാളത്തിലേക്കാക്കിയത്. രാജകീയ ഭാഷയാണ് ഉപയോഗിക്കുന്നതെങ്കിലും ആരും കളിയാക്കുന്ന തരത്തിലല്ല സിനിമ ഡബ്ബ് ചെയ്തിരിക്കുന്നത്’- അരുൺ മാതൃഭൂമിയോട് പറഞ്ഞു. 
കട്ടപ്പയ്ക്കു വേണ്ടി ശബ്ദം കൊടുത്ത പ്രവീൺ ഹരിശ്രീ ഡബ്ബിങ് ആർട്ടിസ്റ്റിനൊപ്പം മിമിക്രി കലാകാരൻകൂടിയാണ്. വർഷങ്ങളായി സീരിയലുകളിലും തമിഴ്-തെലുങ്ക് ചിത്രങ്ങളുടെ മൊഴിപ്പകർപ്പുകളിലും പരസ്യ ചിത്രങ്ങളിലും പ്രവീണിന്റെ ശബ്ദമാണ് കേൾക്കുന്നത്. ബാഹുബലി ആദ്യഭാഗത്തിൽ കട്ടപ്പ സീരിയസായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിന്റെ തുടക്കത്തിൽ കട്ടപ്പ സരസനാണ്. ആ വ്യത്യാസം ശബ്ദത്തിൽ കൊണ്ടു വരേണ്ടിവന്നുവെന്ന് പ്രവീൺ പറയുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് പ്രവീണിനെയും ബാഹുബലിയിൽ എത്തിച്ച് കട്ടപ്പയാക്കിയത്. 
‘സമയം കൂടുതലെടുത്താലും കേട്ടാൽ പ്രൊഫഷണൽ എന്ന് തോന്നുന്നതരത്തിൽ ഡബ്ബ് ചെയ്യണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ഹൈദരാബാദിൽ ഡബ്ബിങ് നടന്നു കൊണ്ടിരിക്കുമ്പോൾ മറ്റ് എല്ലാ കാര്യങ്ങളിൽനിന്നും വിട്ടുനിന്നുകൊണ്ടായിരുന്നു ജോലി ചെയ്തിരുന്നത്. പഴയകാല ഡബ്ബിങ് രീതികളിൽനിന്ന് സംഭാഷണത്തിലും മോഡുലേഷനിലുമൊക്കെ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അന്യഭാഷാ സിനിമകൾ എങ്ങനെയെങ്കിലും ഡബ്ബ് ചെയ്താൽ മതിയെന്ന തോന്നലുകൾ കൊണ്ടാണ് ചിലർ ഡയലോഗ് പറയുമ്പോൾ സീരിയസ് സീനാണെങ്കിൽപ്പോലും പ്രേക്ഷകർ ചിരിച്ചുപോകുന്നത്. ബാഹുബലിക്കായി ഞങ്ങളുടെ ടീം ഒന്നായി പ്രവർത്തിച്ചു. അതുകൊണ്ടു തന്നെ തിയേറ്ററിൽ കയറുമ്പോൾ കൂവൽ കിട്ടില്ലെന്ന ഉറപ്പോടെ കയറാം. ആദ്യ ദിവസത്തിൽ തന്നെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ വലിയ സന്തോഷത്തിന് കാരണമായി. സൂക്ഷ്മമായ ഓരോ കാര്യവും ശ്രദ്ധിച്ചാണ് മലയാളത്തിൽ സിനിമ പുറത്തിറക്കിയിരിക്കുന്നത്’ - പ്രവീൺ ഹരിശ്രീ പറഞ്ഞു.