ചിദംബരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നറിയാം. എന്നിരുന്നാലും ഒരു ആമുഖം നല്ലതാണല്ലോ. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രനഗരി. അണ്ണാസർവകലാശാലയുടെ ആസ്ഥാനം. നാല്പത് ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന മഹാക്ഷേത്രത്തിന്റെ തിരുനടയിൽ നിൽക്കുമ്പോൾ വിവിധ വികാരവിചാരങ്ങൾ മനസ്സിൽ നിറയും. പ്രപഞ്ചമധ്യമാണ് ചിദംബരം എന്ന് സങ്കല്പം. ജീവതാളത്തിനാധാരമായ താണ്ഡവനടനത്തിലാണിവിടെ നടരാജൻ. പ്രപഞ്ചനടനമായ ആനന്ദതാണ്ഡവം. 
കൃഷ്ണശിലാനിർമിതികളുടെ വിസ്മയകാഴ്ചകളുമാണ്  ചിദംബരം. ദ്രാവിഡ ശില്പകലാഗാംഭീര്യം വഴിയുന്ന ഉത്തുംഗഗോപുരങ്ങൾ, വിശാലമായ തിരുമുറ്റം. ശൈവചൈതന്യത്തിന്റെയും പ്രകൃതി പുരുഷസംയോഗത്തിന്റെയും ഈ തിരുനടയിൽ തൊഴുതിറങ്ങുമ്പോൾ മനസ്സ് നിറയും.  
ഇനിയെന്ത് എന്നാലോചിച്ചപ്പോഴാണ് പിച്ചാവാരം എന്ന പേര് ഓർമയിലെത്തിയത്. ലോകത്തിലെ വലുപ്പംകൊണ്ട് രണ്ടാം സ്ഥാനത്തുള്ള കണ്ടൽക്കാടുകൾ. മോഹൻലാലിന്റെ ഇന്ദ്രജാലം സിനിമയിലും കമലഹാസന്റെ ദശാവതാരത്തിലുമെല്ലാം ഇത് ഇടം കണ്ടിട്ടുണ്ട്. വഴിയോര കാഴ്ചകളിൽ തമിഴ്‌നാടൻ ഗ്രാമീണ കാഴ്ചകളാണ് തെളിയുന്നത്. വയലും സമതലങ്ങളും കൊച്ചു കൊച്ചു വീടുകളും താണ്ടി പോവുമ്പോൾ ഇതിനപ്പുറം എന്താണ് കാണാനുള്ളതെന്ന് ആകാംക്ഷയായിരുന്നു മനസ്സിൽ. പക്ഷേ, പിച്ചാവാരത്തെത്തിയപ്പോൾ സംഗതി മാറി. ഒരു വിനോദ സഞ്ചാരകേന്ദ്രത്തിന്റെ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. കണ്ടലുകൾക്കിടയിലൂടെ സഞ്ചരിക്കാൻ ബോട്ടുകൾ തയ്യാറായിരിക്കുന്നു. തുഴബോട്ടാണ് നല്ലത്. മോട്ടോർ ബോട്ടുകൊണ്ട് ആ പ്രകൃതിയെ ശബ്ദമുഖരിതമാക്കാതിരിക്കാം. പ്രകൃതിയോട് അൽപം നീതി പുലർത്താം. 
ബോട്ട് തുഴഞ്ഞ് തുഴഞ്ഞ് വെയിൽ മേലാപ്പിൽനിന്നു കണ്ടലിന്റെ ശീതളഛായയിലേക്ക് കടന്നു. മനസ്സും ശരീരവും വേറൊരു ലോകത്തെത്തിയപോലെ. ഇതിനേക്കാൾ മനോഹരമായ എത്രയോ ഇടങ്ങൾ ഇനിയും ഉള്ളിലേക്കുണ്ടെന്ന് തുഴക്കാരൻ പറഞ്ഞു. പക്ഷേ, ഒന്നരമണിക്കൂറിനുള്ളിൽ അതൊന്നും കാണാൻ പറ്റില്ല. ആരോടും പറയാതെ എന്തെങ്കിലും ടിപ്പ് തന്നാൽ അവിടെയെല്ലാം കൊണ്ടുപോവാമെന്നും തുഴക്കാരൻ പറഞ്ഞു. ഈ മനോഹര പ്രകൃതിയെ വെറുതെ വിട്ട് മടങ്ങി വരുന്നതെങ്ങിനെ. ടിപ്പെങ്ങിൽ ടിപ്പ്. 
സമ്മതമോതിയതോടെ അയാൾ നിശബ്ദമായിരുന്നു തുഴയാൻ തുടങ്ങി. തുഴ വെള്ളത്തിൽ വീഴുന്ന ശബ്ദവും കിളിയൊച്ചകളും എല്ലാം ചേർന്നൊരുക്കുന്ന നിശ്ശബ്ദതയിലെ ശബ്ദ സൗന്ദര്യം മനസ്സ്  നിറയെ അനുഭവിച്ചു.  വള്ളികൾ വകഞ്ഞുമാറ്റിയും കണ്ടൽ മേലാപ്പിൽ തലമുട്ടാതെ കുനിഞ്ഞിരുന്നും ആ സുന്ദര ജലാശയത്തിലൂടെ സഞ്ചരിക്കുമ്പോൾ മീൻ പിടിക്കുന്ന ഗ്രാമീണരും കൊക്കുകളും നീർപക്ഷികളും കാഴ്ചവട്ടത്തിലേക്ക്. 1100 ഹെക്ടർ പരന്നു കിടക്കുന്ന അപൂർവയിനം കണ്ടലുകളും പക്ഷികളുമാണ് പിച്ചാവാരത്തുള്ളത്. മീൻകുഞ്ഞുങ്ങളെയും പക്ഷിക്കൂടുകളെയും കണ്ടലുകൾ കാത്തുസൂക്ഷിക്കുന്നു. എന്തായാലും ടിപ്പ് കൊടുത്തത് ഒരു നഷ്ടമായി തോന്നിയില്ല.  യാത്രയിൽ ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണവും കരുതണം എന്നുകൂടി ഓർമിപ്പിക്കട്ടെ. 
ഇനി ഇവിടെ എത്താനുള്ള വഴി. കോഴിക്കോടു നിന്നും റോഡ് മാർഗം പോവാൻ 520 കിലോമീറ്ററാണ് ദൂരം. പാലക്കാട്, കോയമ്പത്തൂർ, ഈറോഡ് വഴി പോവാം. കേരളത്തിൽ നിന്ന് പോവുമ്പോൾ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുച്ചിറപ്പള്ളിയാണ്. 170 കിലോമീറ്റർ. മംഗലാപുരം ചെന്നൈ എക്സ്പ്രസ് ഈ വഴിക്ക് സർവീസ് നടത്തുന്നുണ്ട്. ചെന്നൈയിൽ നിന്ന് ചിദംബരത്തേക്ക് നേരിട്ട് ട്രെയിനുണ്ട്. ഏഴോളം ട്രെയിനുകൾ ഉണ്ട്. ബുക്ക് ചെയ്യുമ്പോൾ ചെന്നൈ എഗ്‌മോറിൽ നിന്നാണ് നോക്കേണ്ടത്. ചിദംബരത്തുനിന്ന് പിച്ചാവാരത്തേക്ക് 30 കിലോമീറ്റർ ദൂരം. തമിഴ്‌നാട് ഗവർമ്മെന്റ് ബസുകൾ കിട്ടും. തുഴബോട്ടിനായി ആശ്രയിക്കാവുന്ന നമ്പർ ദേവേന്ദ്രൻ-09952684913. താമസിക്കാൻ ചിദംബരത്തെ ലോഡ്ജുകളെ ആശ്രയിക്കാം.ചുറ്റുവട്ടത്തെ ചില കാഴ്ചകൾ കൂടി പറയാം.

ചിദംബരം ക്ഷേത്രം
ചിദംബരം ഭരതനാട്യത്തിന്റെയും കർണാടക സംഗീതത്തിന്റെയും ആരൂഢമായാണ് അറിയപ്പെടുന്നത്. നാല്പത് ഏക്കറുകളിൽ വ്യാപിച്ചു കിടക്കുന്ന മഹാക്ഷേത്രം കലാസ്വാദകരെയും ചരിത്രാന്വേഷികളെയും ഒരുപോലെ ആകർഷിക്കും. 
ചിദംബരത്തെ പ്രതിഷ്ഠാസങ്കല്പങ്ങൾ അപൂർവമാണ്. രൂപവും അരൂപവും അർധരൂപവുമായ സങ്കല്പത്തിൽ ഭഗവാൻ അവിടെ നിറയുന്നു. നടരാജഭാവത്തിൽ രൂപത്തിലും സ്ഫടികലിംഗരൂപമായ ചന്ദ്രമൗലീശ്വരന്റെ രൂപത്തിൽ അർധരൂപത്തിലും ലൗകികദൃഷ്ടിഗോചരമല്ലാത്ത ആകാശലിംഗരൂപത്തിൽ അരൂപത്തിലും ഭക്തർക്ക് മഹാശിവൻ ദർശനം നൽകുന്ന ഗർഭഗൃഹത്തെ ചിത്സഭയെന്ന് വിശേഷിപ്പിക്കുന്നു. സ്വാഭാവികമായ ലിംഗപ്രതിഷ്ഠയ്ക്കു വിപരീതമായി ആനന്ദതാണ്ഡവമാടുന്ന നടരാജനാണ് ഇവിടുത്തെ പ്രധാന വിഗ്രഹം.
പിൻവലതുകൈയിൽ നാദബ്രഹ്മത്തിന്റെയും ജീവതാളത്തിന്റെയും പ്രതീകമായ ഉടുക്കും പിൻഇടതുകൈയിൽ സംഹാരദ്യോതകമായ അഗ്നിപാത്രവും. മുൻ ഇടതുകൈ വരദായകമായ ഗജഹസ്തമാക്കിയും മുൻവലതുകൈ അഭയഹസ്തമാക്കിയും ഇടതുകാൽ അജ്ഞാനപ്രതീകമായ അസുരന്റെ മേൽ ഊന്നിയും വലതുകാൽ ഉയർത്തി ഇടതുവശത്തേക്കു നീട്ടി മന്ദഹസിച്ചും ശിവൻ ആടുന്നു.
നടവഴികൾക്കു നടുവിൽ ഉയർന്ന, ആകാരഭംഗിയുള്ള മതിലുകൾക്കുള്ളിലാണ് ക്ഷേത്രം. പതിവു ക്ഷേത്രപ്രവേശന രീതിക്കു വിപരീതമായി ഇവിടെ ശ്രീകോവിലിലേക്ക് നേരെ കടന്നുചെല്ലാൻ പറ്റില്ല. ചുറ്റമ്പലത്തിന്റെ വശത്തുകൂടി കയറിയാൽ മാത്രമേ ദർശനം സാധ്യമാവൂ.

കില്ലൈ കാളി അമ്മൻ കോവിൽ
നഗരത്തിന്റെ വടക്കുഭാഗത്താണ് ഈ ക്ഷേത്രം. നൃത്തമത്സരത്തിൽ ശിവനോട് പരിഭവിച്ചുപോയ കാളിയുടെ ആരൂഢം. ദേവിയുടെ അപൂർവ ഭാവത്തിലുള്ള, ആൾപ്പൊക്കത്തിലുള്ള കരിങ്കൽ വിഗ്രഹം ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നു. 

ഇളമൈആക്കിയാർ കോവിൽ
നഗരത്തിനു പടിഞ്ഞാറു ഭാഗത്താണ് കോവിൽ. ക്ഷേത്രത്തിനു മുന്നിൽ വിശാലമായ വ്യാഘ്രപാദ തീർഥം. ശൈവഭക്തനായ മാണിക്കവാചർക്കും ഭാര്യക്കും നിത്യയൗവനം നൽകിയ ശിവനാണ് ഈ പുരാതന ക്ഷേത്രത്തിലെ പ്രതിഷ്ഠ.

അണ്ണാമലൈ സർവകലാശാല 

ചിദംബരം നഗരത്തിന് രണ്ടര കിലോമീറ്റർ കിഴക്ക്. തമിഴ് സാഹിത്യത്തിന്റെയും കർണാടക സംഗീതത്തിന്റെയും പഠന കേന്ദ്രം. 1000 ഏക്കറിൽ പടരുന്ന പച്ചനിറഞ്ഞ കാമ്പസിൽ പ്രൗഢമായ കെട്ടിട സമുച്ചയങ്ങൾ.